Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധികാരികളുടെ അവഗണനമൂലം കാഴ്ചവസ്തുവായി ബ്രഹ്മമംഗലം ഔട്ട്‌പോസ്റ്റ്
30/09/2017
നിലംപൊത്താറായ ബ്രഹ്മമംഗലം പോലീസ് ഔട്ട്‌പോസ്റ്റ് കെട്ടിടം.


വൈക്കം: അരപ്പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ബ്രഹ്മമംഗലത്തു സ്ഥാപിതമായ പോലീസ് ഔട്ട്‌പോസ്റ്റ് അധികാരികളുടെ അവഗണന മൂലം കാഴ്ചവസ്തുവാകുന്നു. ഔട്ട്‌പോസ്റ്റിന് 50 മീറ്ററുകള്‍ക്കപ്പുറം ഇന്നലെ കടകള്‍ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. എന്നിട്ടും ഔട്ട്‌പോസ്റ്റിലെത്തി കാര്യങ്ങള്‍ തിരക്കാന്‍ ഒരു പോലീസുകാരന്‍ പോലും ലജ്ജാകരമായ അവസ്ഥയാണ്. കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ കെട്ടിടം ഏതുനിമിഷവും നിലംപൊത്തും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിവസം ഒരു പോലീസുകാരന്‍ ഡ്യൂട്ടി നോക്കിയിരുന്നു. ഇവിടെ ഉണ്ടായിരുന്ന മേശയും കസേരയുമെല്ലാം ഉപയോഗശൂന്യമായി. ഇരിക്കാനുള്ള സാഹചര്യമില്ലാത്തതും കെട്ടിടത്തിന്റെ ശോച്യാവസ്ഥയും കാരണം ഇപ്പോള്‍ ഇവിടേക്ക് ഡ്യൂട്ടി നോക്കാന്‍ ഒരാള്‍ പോലും എത്തുന്നില്ല. തലയോലപ്പറമ്പ് സ്റ്റേഷന്റെ പരിധിയിലാണ് ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ ഈ പ്രദേശം. ബ്രഹ്മമംഗലം, ഏനാദി, തുരുത്തുമ്മ എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആശ്രയം ഈ ഔട്ട്‌പോസ്റ്റാണ്. ഔട്ട്‌പോസ്റ്റ് ശോച്യാവസ്ഥയിലായതോടെ മദ്യ-മയക്കുമരുന്ന് മാഫിയകളും മോഷ്ടാക്കളും ഈ മേഖലയില്‍ വിഹരിക്കുകയാണ്. വ്യാജവാറ്റും ഇവിടെ തകൃതിയാണ്. പ്രശ്‌നങ്ങള്‍ ഇത്രയധികം രൂക്ഷമാകുമ്പോഴും ഒന്നും കണ്ടില്ലെന്ന ഭാവമാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പുലര്‍ത്തുന്നത്. കഞ്ചാവ് മാഫിയകളെയും വ്യാജവാറ്റുകാരെയും പലപ്പോഴും നാട്ടുകാര്‍ പിടികൂടാറുണ്ട്. പലപ്പോഴും മാഫിയകള്‍ ജനങ്ങള്‍ക്കുമേല്‍ അതിരുവിട്ടു പെരുമാറുന്നു. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനവേളയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഔട്ട്‌പോസ്റ്റ് ചാര്‍ജ്ജ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. ഔട്ട്‌പോസ്റ്റ് കാര്യക്ഷമമല്ലാത്തത് കാര്‍ഷിക മേഖലയ്ക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കാരണം കര്‍ഷകര്‍ കഷ്ടപ്പെട്ട് വിളവെടുപ്പിന് പാകമാക്കി എത്തിക്കുന്ന ഏത്തവാഴക്കുലകളും പച്ചക്കറികളുമെല്ലാം മോഷ്ടാക്കള്‍ അപഹരിക്കുന്നു. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ വ്യാപകമായി വാഴക്കുലകള്‍ മോഷണം പോയിരുന്നു. ജനങ്ങളെ സാരമായി ബാധിക്കുന്ന ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തലയോലപ്പറമ്പ് പോലീസ് എത്താറുണ്ടെങ്കിലും ഇവരുടെയെല്ലാം ഭാഗത്തുനിന്ന് ഉണ്ടാകുന്ന നടപടികള്‍ക്ക് തുടര്‍ചലനങ്ങള്‍ ലഭിക്കുന്നില്ല. ഔട്ട്‌പോസ്റ്റ് അടിയന്തിരമായി പുനര്‍നിര്‍മിച്ച് രണ്ടു പോലീസുകാരെയെങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കത്തക്ക രീതിയില്‍ നടപടികള്‍ ഉണ്ടാകണമെന്നതാണ് നാടിന്റെ ആവശ്യം. ഈ വിഷയത്തില്‍ പഞ്ചായത്ത് എം.പി, എം.എല്‍.എ എന്നിവരുടെ മേല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കണം. എന്നും വികസനമുരടിപ്പില്‍ കഴിയുന്ന ബ്രഹ്മമംഗലത്തിന് ഒരു മാറ്റമുണ്ടാകണമെങ്കില്‍ ഇതുപോലെ നടപ്പിലാക്കേണ്ട ഒരുപിടി കാര്യങ്ങളുണ്ട്.