Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാറ്റുപുഴയാറിനു കുറുകെ രണ്ടായിക്കിടക്കുന്നത് ചെമ്പ് പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനിടയാക്കുന്നു
28/09/2017

വൈക്കം: ഭൂപ്രകൃതിയുടെ താളപ്പിഴവുകളില്‍ മൂവാറ്റുപുഴയാറിനു കുറുകെ രണ്ടായിക്കിടക്കുന്നത് ചെമ്പ് പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനിടയാക്കുന്നു. പഞ്ചായത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചെമ്പിലും, ബ്രഹ്മമംഗലത്തുമാണ്. കരമാര്‍ഗം ഇവര്‍ക്ക് പരസ്പരം ബന്ധപ്പെടണമെങ്കില്‍ രണ്ട് ജില്ലകള്‍ കടക്കണം. ബ്രഹ്മമംഗലത്തുകാര്‍ വൈദ്യുതി, വില്ലേജ്, ടെലഫോണ്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഓഫീസുകളില്‍ എത്തണമെങ്കില്‍ എറണാകുളം ജില്ലയിലെ അരയന്‍കാവുവഴി സഞ്ചരിക്കണം.
ചെമ്പ് ഭാഗത്തുള്ളവര്‍ പഞ്ചായത്തോഫീസ്, കൃഷിഭവന്‍ എന്നിവടങ്ങളില്‍ എത്തണമെങ്കില്‍ എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം വഴി വേണം ബ്രഹ്മമംഗലത്തെത്താന്‍. പഞ്ചായത്തിലെ ഏറ്റവും സജീവമായ ക്ഷീരമേഖലയാണ് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ കൂടുതല്‍ വലയുന്നത്. ബ്രഹ്മമംഗലം ഭാഗത്താണ് ക്ഷീരകര്‍ഷകര്‍ ഏറ്റവും കൂടുതലുള്ളത്. എന്നാല്‍ മൃഗാശുപത്രി സ്ഥിതിചെയ്യുന്നത് കാട്ടിക്കുന്നിലാണ്. പഞ്ചായത്തിലെ പ്രദേശങ്ങളെത്തമ്മില്‍ ഒന്നിപ്പിക്കണമെങ്കില്‍ മൂന്ന് പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകണം. ഇതില്‍ ഒരണ്ണമെങ്കിലും യാഥാര്‍ത്ഥ്യമാകണമെന്ന പ്രാര്‍ത്ഥനയിലാണ് നാട്ടുകാര്‍. മുറിഞ്ഞപുഴയാറിനു കുറുകെ വാലയില്‍ പാലം പൂര്‍ത്തിയായാല്‍ ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം നിവാസികള്‍ക്ക് വൈക്കത്തെത്താന്‍ എട്ട് കിലോമീറ്ററിലധികം ലാഭിക്കാന്‍ സാധിക്കും.
ചെമ്പ് അങ്ങാടി കടവ് പാലമാണ് യാഥാര്‍ത്ഥ്യമാകേണ്ട മറ്റൊന്ന്. വര്‍ഷങ്ങള്‍ക്കുമുന്‍പ് സോയില്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. പഞ്ചായത്തിലെ പ്രധാന മേഖലകളായ ഏനാദി, തുരുത്തുമ്മ നിവാസികള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കേണ്ട പഞ്ചായത്ത് കടവ് ഇന്നും സ്വപ്നമാണ്.
പഞ്ചായത്തിന്റെ വികസന സ്വപ്നമായ 1200 കോടി രൂപയുടെ ടൗണ്‍ഷിപ്പ് പ്രൊജക്ട് ഏറെ പ്രതീക്ഷയാണ് നാട്ടുകാര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ തണ്ണീര്‍ത്തടങ്ങളും പാടശേഖരങ്ങളും ദുരുപയോഗം ചെയ്തതായുള്ള ആരോപണം പദ്ധതിയെ പിന്നോട്ടടിച്ചിട്ടുണ്ട്.
വൈദ്യുതി മേഖലയാണ് പഞ്ചായത്തിനെ വലയ്ക്കുന്ന മറ്റൊരു കാരണം. വൈദ്യുതി ഓഫീസ് പഞ്ചായത്തിന്റെ ഭാഗമായ ചെമ്പില്‍ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ബ്രഹ്മമംഗലം ഭാഗത്തുള്ളവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. മുഴുവന്‍ സമയവും വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. ആരോഗ്യ മേഖലയിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് നിവാസികളുടെ ഏക ആശ്രയമായ ബ്രഹ്മമംഗലം പ്രഥമികാരോഗ്യ കേന്ദ്രം പരാധീനതകളുടെ നടുവിലാണ്. കിടത്തി ചികിത്സയിലുള്ള പരിമിതികളാണ് ഏറ്റവും പ്രധാനം.
പരമ്പരാഗത മേഖലകളായ കയര്‍, മത്സ്യബന്ധനം, ക്ഷീരകൃഷി എന്നിവയും പ്രതിസന്ധി നേരിടുന്നുണ്ട്. ഇതില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്നത് ക്ഷീരമേഖല മാത്രമാണ്. ക്രമസമാധാന മേഖലയിലും പഞ്ചായത്തിന്റെ അവസ്ഥ ഏറെ ദയനീയമാണ്. ബ്രഹ്മമംഗലം പഞ്ചാത്ത് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന ഔട്ട് പോസ്റ്റ് കാഴ്ച്ചവസ്തുവാണ്. പലപ്പോഴും ഇവരുടെ മുന്‍പില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇപ്പോഴത്തെ ഭരണസമിതി കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാന്‍ ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.