Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം. ആര്‍. വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ ഒക്‌ടോബര്‍ മൂന്നു മുതല്‍
27/09/2017

വൈക്കം: മീസില്‍സ് (അഞ്ചാംപനി) റുബെല്ലാ (ജര്‍മ്മന്‍ മീസില്‍സ്)വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ (എം. ആര്‍. കുത്തിവെയ്പ് യജ്ഞം) സംസ്ഥാനത്ത് ഒക്‌ടോബര്‍ മൂന്നിന് ആരംഭിക്കുന്നു. 9 മാസം മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഒരു മാസം നീളുന്ന ക്യാംപെയ്‌നില്‍ പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നത്. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളിലും അതിനുശേഷം അങ്കണവാടികളിലും തയ്യാറാക്കിയ പ്രത്യേക കുത്തിവെയ്പ് കേന്ദ്രങ്ങളില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാംപെയ്‌ന്റെ ഭാഗമായി ഈ കുത്തിവെയ്പ് നല്‍കുന്നതാണ്. ഒരു വര്‍ഷം 40,000-ത്തിലധികം കുട്ടികളാണ് അഞ്ചാം പനിയുടെ ഗുരുതരാവസ്ഥമൂലം ഇന്ത്യയില്‍ മരിക്കുന്നത്. ആയിരത്തില്‍ ഒരു നവജാത ശിശു റുബെല്ല കാരണം മരിക്കുകയോ വൈകല്യങ്ങള്‍ക്ക് അടിപ്പെടുകയോ ചെയ്യുന്നു. വൈക്കം നഗരസഭാ പ്രദേശത്തും ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന വെച്ചൂര്‍, തലയാഴം, ടി വി പുരം, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലെ 30000-ത്തോളം കുട്ടികള്‍ക്കാണ് കുത്തിവെയ്പ് നല്‍കുന്നത്. 9 മാസത്തിനും 12 മാസത്തിനും ഇടയിലുള്ള മീസില്‍സ് വാക്‌സിന്‍ ഒന്നാം കുത്തിവെയ്പിനും 16 മാസത്തിനും 24 മാസത്തിനുമിടയിലുള്ള മീസില്‍സ് വാക്‌സിന്‍ രണ്ടാം കുത്തിവെയ്പിനും പകരമായി മീസില്‍ റെബെല്ലാ വാക്‌സിന്‍ പ്രാബല്യത്തില്‍ വരുത്തുകയാണ് ലക്ഷ്യം. വൈറസ് മൂലം ഉണ്ടാകുന്ന ഈ രണ്ട് രോഗങ്ങളും അതിന്റെ രോഗാതുരതയും മരണവും വൈകല്യങ്ങളും ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഈ കുത്തിവെയ്പ് നല്കുന്നത്. 9 മാസത്തിനും 15 വയസ്സിനും ഇടയിലുള്ള മുഴുവന്‍ കുട്ടികളും മുന്‍പ് കുത്തിവെയ്പ് എടുത്തിട്ടുണ്ടോ എന്ന പരിഗണന കൂടാതെയും മുന്‍പ് മീസില്‍സ്, റുബെല്ലാ രോഗങ്ങള്‍ ഉണ്ടായിട്ടുണ്ടോ, ഇല്ലയോ എന്ന പരിഗണന ഇല്ലാതെയും തന്നെ പ്രതിരോധ കുത്തിവെയ്പ് എടുക്കണം. പോഷണക്കുറവുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയില്‍ കുത്തിവെയ്പ് എടുക്കേണ്ടതാണ്. അത്തരം കുട്ടികള്‍ക്ക് അസുഖം വന്നാല്‍ ഭവിഷ്യത്തുകള്‍ കൂടുതല്‍ ഗുരുതരമാണ് എന്നതാണ് കാരണം. ചെറിയ പനി, വയറിളക്കം, നേരിയ ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടെങ്കിലും പ്രതിരോധ കുത്തിവെയ്പിന് വിധേയമാകണം. കടുത്ത പനി, ഗുരുതരമായ രോഗങ്ങള്‍ കാരണം അഡ്മിറ്റായ കുട്ടികള്‍, രോഗപ്രതിരോധ ശക്തി കുറഞ്ഞ കുട്ടികള്‍, സ്റ്റിറോയ്ഡ് മരുന്ന് എടുക്കുന്ന കുട്ടികള്‍ ഇവര്‍ക്കൊക്കെ വാക്‌സിന്‍ കൊടുക്കുന്നത് ഒഴിവാക്കുക. പക്ഷേ ഈ തീരുമാനം ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചശേഷമാകും എടുക്കുന്നത്. വൈക്കം താലൂക്ക് ആശുപത്രിയില്‍ വച്ചുനടന്ന പത്രസമ്മേളനത്തില്‍ ശിശുരോഗവിദഗ്ദ്ധന്‍ ഡോ. പ്രവീണ്‍. എം, ഇടയാഴം സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. ഐ. സപ്ന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്മിത വിജയന്‍, ദേശീയ ആരോഗ്യ ദൗത്യം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, സരിത ടി. കെ, പി പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജ പി എന്നിവര്‍ പങ്കെടുത്തു.