Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌ക്കൂള്‍ ഗ്രൗണ്ടിലെ ഡ്രൈവിങ് പരിശീലനം വിവാദത്തിലേക്ക്.
27/09/2017
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹൈസ്‌ക്കൂളിന്റെ ഗ്രൗണ്ടില്‍ നടക്കുന്ന ഡ്രൈവിങ് പരിശീലനം.

തലയോലപ്പറമ്പ്: സ്‌ക്കൂള്‍ ഗ്രൗണ്ടിലെ ഡ്രൈവിങ് പരിശീലനം വിവാദത്തിലേക്ക്. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികളെയാണ് പരിശീലനം ബാധിക്കുന്നത്. സ്‌ക്കൂള്‍ കുട്ടികള്‍ക്ക് കളിക്കുവാനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച തിരുപുരം ക്ഷേത്രത്തിനു സമീപത്തുള്ള സ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് അനധികൃതമായി സ്വകാര്യ വ്യക്തികള്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നത്. കായികരംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവര്‍ക്കെല്ലാം പഠനത്തോടൊപ്പം കായികഇനത്തിലും മികവ് തെളിയിച്ച് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ നേടിയെടുക്കാന്‍ ഗ്രൗണ്ടിന്റെ അഭാവം ഉണ്ടാക്കുന്നത് വലിയ പ്രശ്‌നങ്ങളാണ്. സ്‌ക്കൂളില്‍ നിന്നും അല്‍പം അകലെ മാറി നില്‍ക്കുന്ന ഗ്രൗണ്ടില്‍ എന്നും വിദ്യാര്‍ത്ഥികളെക്കൊണ്ട് പരിശീലനം നടത്തിക്കുക എന്നത് സാധ്യമല്ലാത്ത കാര്യമാണെന്ന് സ്‌ക്കൂള്‍ അധികൃതര്‍ പറയുന്നു. ഇതിന്റെ മറപിടിച്ചാണ് ഇവിടെ ഡ്രൈവിങ് പരിശീലനം ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ നടക്കുന്നത്. സ്‌ക്കൂളിലെ കായികമത്സരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടക്കുന്ന അവസരത്തില്‍ മാത്രമാണ് അധികാരികള്‍ ഇവിടെയെത്തുന്നത്. സമീപപ്രദേശങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കുവാനായി ഗ്രൗണ്ടില്ലാത്തതിനാല്‍ പ്രദേശവാസികളായ കുട്ടികളും ഈ ഗ്രൗണ്ടാണ് ഉപയോഗിക്കുന്നത്. അതുപോലെ നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകള്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ നടത്തുന്നതും ഈ ഗ്രൗണ്ടിലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അധികൃതര്‍ വേണ്ട രീതിയില്‍ പരിപ്പാലിക്കാത്തതു മൂലം പുല്ലും ചെളിയും നിറഞ്ഞതുകിടക്കുന്ന ഗ്രൗണ്ടിന്റെ പകുതിയോളം ഭാഗം മാത്രമാണ് ഇപ്പോള്‍ ഉപയോഗപ്രദമായിട്ടുള്ളത്. ഈ ഭാഗത്താണ് സ്വകാര്യ ഡ്രൈവിങ് പരിശീലനം നടക്കുന്നത്. വാഹനങ്ങളും മറ്റും ഗ്രൗണ്ടില്‍ പ്രവേശിക്കാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും വാഹനം ഇടിച്ചുതകര്‍ന്ന ഒരു ഭാഗത്തുകൂടി അനധികൃതമായി ഗ്രൗണ്ടില്‍ പ്രവേശിച്ചാണ് ഇവിടെ ഡ്രൈവിങ് പരിശീലനം നടത്തുന്നത്. കുട്ടികള്‍ കളിക്കുവാന്‍ വരുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയങ്ങളില്‍ ഇവിടെ ഡ്രൈവിങ് പരിശീലനം നടക്കുന്നതുമൂലം കുട്ടികള്‍ക്ക് കളിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്‌കൂള്‍ ഗ്രൗണ്ടിലെ അനധികൃത ഡ്രൈവിങ് പരിശീലനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.എം സുധാകരന്‍ പറഞ്ഞു. സ്‌ക്കൂളിന്റെ അനുമതിയില്ലാതെ ഗ്രൗണ്ടില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.