Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ നൂററാണ്ടിന്റെ പഴക്കമുള്ള ബോട്ടുജെട്ടികള്‍ പ്രവര്‍ത്തനരഹിതമായിട്ട് കാല്‍ നൂററാണ്ടിനോടടുക്കുന്നു.
09/01/2016
ടി.വി പുരം പഞ്ചായത്തിലെ തൃണയംകുടം ബോട്ട്‌ജെട്ടി

ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ നൂററാണ്ടിന്റെ പഴക്കമുള്ള ബോട്ടുജെട്ടികള്‍ പ്രവര്‍ത്തനരഹിതമായിട്ട് കാല്‍ നൂററാണ്ടിനോടടുക്കുന്നു. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജെട്ടികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയരുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ പഞ്ചായത്തിന് വലിയ വരുമാനലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. സാമ്പത്തികമായി ഏറെ പ്രതിസന്ധികളുള്ള പഞ്ചായത്തിന് ജെട്ടികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുക എന്നത് അപ്രാപ്യമായ കാര്യമാണ്. ഇവിടെ ദീര്‍ഘവീക്ഷണമുള്ള പദ്ധതിതകള്‍ ആവിഷ്‌ക്കരിച്ച് സര്‍ക്കാരിനെയും ഉത്തരവാദിത്വടൂറിസം പദ്ധതിയുടെ സംഘാടകരെയുമെല്ലാം സമീപിച്ചാല്‍ അടഞ്ഞുകിടക്കുന്ന വാതില്‍ തുറപ്പിക്കാന്‍ സാധിച്ചേക്കും. കരമാര്‍ഗമുള്ള യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ബോട്ടുജെട്ടിയുടെ പ്രധാന്യം കുറഞ്ഞു. എന്നാല്‍ ടി.വി.പുരം പഞ്ചായത്തിന്റെ യാത്രാ സൗകര്യങ്ങള്‍ ഇന്നും പഴയ രീതിയില്‍ത്തന്നെയാണ്. ടി.വി.പുരം, മൂത്തേടത്തുകാവ്, ചെമ്മനത്തുകര എന്നിങ്ങനെ മൂന്നാ മേഖലയായാണ് പഞ്ചായത്ത് കിടക്കുന്നത്. മൂന്നു സ്ഥലങ്ങളിലും റോഡ് അവസാനിക്കുന്നു. കരിയാര്‍ സ്പില്‍വേ യാഥാര്‍ത്ഥ്യമായതോടെ ഗതാഗതരംഗത്ത് വലിയ മാററങ്ങളുണ്ടായെങ്കിലും പ്രതീക്ഷിച്ച രീതിയിലുള്ള മുന്നേററം ഇതുവരെ പഞ്ചായത്തിന് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇതാണ് ടി.വി. പുരത്തിന്റെ ഏററവും വലിയ പോരായ്മയും. ബോട്ട് സര്‍വ്വീസ് നിലച്ചപ്പോള്‍ ഗതാഗത മേഖലയില്‍ മററ് ആധുനിക രീതിയിലുള്ള സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ സാധിച്ചില്ല. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിവസേന നൂറുകണക്കിന് ആളുകളാണ് ബോട്ടു സര്‍വ്വീസിനെ ആശ്രയിച്ചിരുന്നത്. ആരംഭത്തില്‍ സ്വകാര്യ മേഖലയിലെ 19 ബോട്ടുകളാണ് ഇവിടെ സര്‍വ്വീസ് നടത്തിയിരുന്നത്. പിന്നീട് ജല ഗതാഗത വകുപ്പും, പഞ്ചായത്തും സംയുക്തമായി ബോട്ട് സര്‍വ്വീസ് ഏറെറടുത്തു. ഇതിനുശേഷം എട്ട് സര്‍വ്വീസുകളാണ് ഇവിടെനിന്ന് ഉണ്ടായിരുന്നത്. ഒരു കിലോമീററര്‍ വ്യത്യാസത്തില്‍ രണ്ട് ബോട്ട് ജെട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ടി.വി. പുരം ഫെറി, തൃണയംകുടം ഫെറി എന്നിങ്ങനെയായിരുന്നു ഇതിന്റെ പേര്. ഇവിടെനിന്ന് മാന്നാനം, ആലപ്പുഴ, ചങ്ങനാശേരി, ചെങ്ങന്നൂര്‍, എറണാകുളം, വൈക്കം, തണ്ണീര്‍മുക്കം, ചെങ്ങണ്ട ഭാഗങ്ങളിലേക്കായിരുന്നു സര്‍വ്വീസുകള്‍. ബസ് സര്‍വ്വീസുകള്‍ കുറവായിരുന്ന കാലത്ത് വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആലപ്പുഴ, കോട്ടയം ഭാഗത്തേക്ക് പോകാനെത്തുന്നവരുടെ തിരക്ക് വളരെ വലുതായിരുന്നു. ഒരു കാലത്ത് കയര്‍, കൃഷി മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് പുത്തന്‍കായല്‍, വെച്ചൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങള്‍ എന്നിവിടങ്ങളിലെത്താന്‍ ബോട്ടുതന്നെയായിരുന്നു ഏക ആശ്രയം. പിന്നീട് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതോടെ സര്‍വ്വീസുകള്‍ പലതും നിലച്ചു. പിന്നീട് ക്രമേണ ബോട്ടുജെട്ടി അടഞ്ഞു. ഇപ്പോള്‍ സിമന്റ് കമ്പനികളുടെ ആവശ്യങ്ങള്‍ക്കെത്തുന്ന ബോട്ടുകളാണ് ജെട്ടിയുടെ ഓര്‍മ്മകള്‍ ഇന്നും നിലനിര്‍ത്തുന്നത്. തെങ്ങിന്‍ തൂണുകള്‍ കൊണ്ട് തള്ളുകുററിയിട്ട് ജെട്ടിയെ ഇന്നും അധികാരികള്‍ സംരക്ഷിക്കുന്നുണ്ട്. സ്വകാര്യമേഖലയില്‍ ബോട്ടുജെട്ടി പ്രവര്‍ത്തിച്ചിരുന്നത് സര്‍ക്കാര്‍ ഏറെറടുത്തതോടെയാണ് ഇതിന്റെ കഷ്ടകാലം ആരംഭിക്കുന്നതെന്ന് നാട്ടുകാരില്‍ ഒരു വിഭാഗം പറയുന്നു. യാത്രാ മാര്‍ഗത്തില്‍ ഒററപ്പെട്ടുകിടക്കുന്ന ടി.വി. പുരം പഞ്ചായത്തിന് ഇന്നും ബോട്ടുജെട്ടിയെ പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ ഏറെ വികസന സാധ്യതകളുണ്ടാകും. ടൂറിസമാണ് ഇതില്‍ ഏററവും വലുത്. രണ്ടുവശം വേമ്പനാട്ടുകായലിനാലും, രണ്ടുവശം കരിയാറിനാലും ചുററപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ടി.വി.പുരം. ടൂറിസം സാധ്യതകള്‍ വിലയിരുത്താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ കേന്ദ്രപഠന സംഘം പോലും ടി.വി. പുരത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. കായലിനു നടുവിലുള്ള ഒരു ദ്വീപിനേയും, വിളക്കുമാടത്തേയുമെല്ലാം അടിസ്ഥാനമാക്കി വിനോദസഞ്ചാരികള്‍ക്കുവേണ്ടി ബോട്ടുജെട്ടിയ പ്രജോജനപ്പെടുത്താന്‍ കഴിയും. സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട് എന്നിവയെല്ലാം ജെട്ടിയില്‍ ആരംഭിക്കണം. ടി.വി പുരം പഞ്ചായത്തില്‍ നിന്നും വാരനാട്ടേക്ക് ജങ്കാര്‍ സര്‍വീസ് ആരംഭിക്കണമെന്ന് തൃണയംകുടം യുവഭാവന കലാകായികസംഘം ആവശ്യപ്പെട്ടു. ടി.വി പുരം പഞ്ചായത്തിലെ തൃണയംകുടം ജെട്ടി പുനര്‍നിര്‍മിച്ച് തണ്ണീര്‍മുക്കം പഞ്ചായത്തിലെ വാരനാട്ടേക്ക് ജങ്കാര്‍ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ ടി.വി പുരത്തിന്റെ യാത്രാക്ലേശത്തിന് പരിഹാരമാകും. ഈ ആവശ്യമുന്നയിച്ച് യുവഭാവനയുടെ നേതൃത്വത്തില്‍ ടി.വി പുരം പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നല്‍കി.