Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോരിച്ചൊരിയുന്ന മഴയില്‍ വെള്ളൂരില്‍ കനത്ത നാശനഷ്ടം
20/09/2017
മഴയില്‍ വെള്ളം കയറി നശിച്ച വെള്ളൂര്‍ തോട്ടത്തില്‍ ബിനോയിയുടെ ചോളം കൃഷി.

തലയോലപ്പറമ്പ്: കോരിച്ചൊരിയുന്ന മഴ വെള്ളൂരില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ നാശം. വാര്‍ഡിലെ പ്രധാന റോഡായ വൈപ്പേല്‍-പള്ളിക്കുന്ന് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഗതാഗതം ഭാഗികമായി നിലച്ചിരിക്കുകയാണ്. മഴ ശക്തമാകുമ്പോള്‍ റോഡിന്റെ ഭാഗം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മഴ നിലയ്ക്കാതെ ഒരു പണിയും നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. മൂന്നാം വാര്‍ഡിലെ പത്തര ഏക്കറോളം നെല്‍പാടം വെള്ളത്തിലാണ്. തോട്ടത്തില്‍ ബിനോയിയുടെ ഒന്നര ഏക്കറോളം വരുന്ന ചോളം, പച്ചക്കറി കൃഷികള്‍ വെള്ളത്തില്‍ പൂര്‍ണമായി നശിച്ചു കഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ വിളവെടുക്കാന്‍ പാകമായി നിന്ന 250ലധികം ചോളച്ചുവടുകളാണ് ചീഞ്ഞുപോയത്. പയര്‍, വെണ്ട, വെള്ളരി, കുമ്പളം കൃഷിയും നശിച്ചു. മേവെള്ളൂര്‍ പാടശേഖരങ്ങളിലേക്ക് മൂവാറ്റുപുഴയാറില്‍ നിന്നും വെള്ളം കയറ്റിയിറക്കാന്‍ കുഞ്ഞിരാമന്‍ സ്‌ക്കൂളിനു സമീപം സ്ഥാപിച്ചിരിക്കുന്ന ചീപ്പ് യഥാസമയം അടക്കാതെ വന്നതാണ് കൃഷിനാശത്തിന്റെ പ്രധാന കാരണം. ചീപ്പിന്റെ കാര്യങ്ങള്‍ ഏല്‍പിച്ചിരിക്കുന്ന പാര്‍ട്ട്‌ടൈം ജീവനക്കാരന്‍ യഥാസമയത്ത് എത്തിയില്ല. പ്രകോപിതരായ കര്‍ഷകര്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തിയാണ് ചീപ്പ് അടച്ചത്. ഇന്നലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകനും മുന്‍ഗ്രാമപഞ്ചായത്ത് അംഗവുമായ ബിനോയ് തോട്ടത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും വെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി. എന്നാല്‍ കരാര്‍ ജീവനക്കാരന്‍ കൃത്യവിലോപം നടത്തിയിട്ടുണ്ടെങ്കില്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.