Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്ത മഴയില്‍ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
19/09/2017
മണ്ണിടിച്ചിലില്‍ തകര്‍ന്ന വെള്ളൂര്‍ തോന്നല്ലൂര്‍ സ്രാങ്കുഴിയില്‍ സിജുമോന്റെ വീട്.

വൈക്കം: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മണ്ഡലത്തിലെ വിവിധ റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നട യാത്ര പോലും ദുഷ്‌കരമായി. അതോടൊപ്പം വാഹനഗതാഗതം പോലും സ്തംഭനാവസ്ഥയിലായി. വൈക്കം-ടി.വി പുരം റോഡ്, കൊച്ചുകവല-ഹോസ്പിറ്റല്‍ റോഡ്, ഉള്‍നാടന്‍ റോഡുകള്‍ എന്നിവയും വെള്ളത്തില്‍ മുങ്ങി. താലൂക്ക് ആശുപത്രിയോടു ചേര്‍ന്ന് പ്രൈവറ്റ് ബസ് സ്റ്റാന്റ് റോഡില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുന്നത് മഴയത്ത് വെള്ളമെത്തിയതോടെ റോഡിലൂടെ ഒഴുകി നടക്കുന്ന അവസ്ഥയിലായതും യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. മഴക്കാല പൂര്‍വരോഗത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടക്കുന്നതിനിടയിലാണ് ആശുപത്രി റോഡിലെയും പ്രധാന റോഡുകളുടെ വശങ്ങളിലും വിവിധ വ്യാപാര സ്ഥാപനങ്ങള്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കെട്ടുകിണക്കിനായി കിടക്കുന്നത്. നഗരസഭയ്ക്ക് ഇതു മാറ്റാന്‍ സംവിധാനമില്ലാത്തതുമൂലം മഴ പെയ്തതോടെ നഗരത്തിലെ റോഡുകളെല്ലാം മാലിന്യനീര്‍ച്ചാലുകളായി മാറി. ഇന്നലെ രാവിലെ മഴ കുറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ മണ്ഡലത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടില്‍ തന്നെയാണ്.

കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് വീട് തകര്‍ന്നു. വീടിനുള്ളില്‍ അന്തിയുറങ്ങിയ നാലംഗ കുടുംബം ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഞായറാഴ്ച്ച രാത്രി 11.30ഓടെ ഉണ്ടായ മണ്ണിടിച്ചിലില്‍ വെള്ളൂര്‍ തോന്നല്ലൂര്‍ സ്രാങ്കുഴിയില്‍ സിജുമോന്റെ (32) വീടാണ് പൂര്‍ണമായും തകര്‍ന്നത്. കല്ലുകള്‍ വീണ് കാലിനു പരിക്കേറ്റ സിജുമോന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആകെയുണ്ടായിരുന്ന ഷീറ്റിട്ട ചെറിയ വീടും തകര്‍ന്നതോടെ കൂലിപ്പണിക്കാരനായ സിജുവിന്റെ നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ ഇടമില്ലാത്ത സാഹചര്യമാണ്. മുപ്പതടി ഉയരത്തില്‍ നിന്നും ഇടിഞ്ഞുവീണ മണ്ണും കല്ലും പതിച്ച് വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നെങ്കിലും വീടിനുള്ളിലുണ്ടായിരുന്ന അലമാരയില്‍ തടഞ്ഞ് നിന്നതിനാല്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുടുംബം പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. സിജുമോനും ഭാര്യ അമ്പിളിയും മക്കളായ അഥില്‍, അതുല്‍ എന്നിവരുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. സമീപത്തെ മറ്റ് രണ്ടു വീടുകളിലേക്കും മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. വില്ലേജ് അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.