Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദൂരപരിധി വ്യവസ്ഥയില്‍ നിന്ന് കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്ന് എ ഐ ടി യു സി
16/09/2017

വൈക്കം: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ ദൂരേയ്ക്ക് മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ നിന്നും കളള് ഷാപ്പുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരളാ സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷനു(എ.ഐ.ടി.യു.സി) വേണ്ടി ജനറല്‍ സെക്രട്ടറി ടി.എന്‍.രമേശന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ടു. ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരുടെ ബഞ്ചില്‍ നടന്ന വാദത്തില്‍ ഫെഡറേഷനുവേണ്ടി അഡ്വ: വി.കെ ബിജു ഹാജരായി.
തെങ്ങില്‍ നിന്നും പാറയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിദത്തമായ ലഹരി കുറഞ്ഞ ജ്യൂസാണ് കള്ളെന്നും, അബ്ക്കാരി ആക്ട് 3(10)ന്റെ പരിധിയില്‍ വരില്ലെന്നും അതുകൊണ്ട് 2016 ഡിസംബറിലെ സുപ്രീംകോടതി ഉത്തരവ് കള്ളുഷാപ്പുകള്‍ക്ക് ബാധകമല്ലെന്നും അഡ്വ. വി.കെ ബിജു വാദിച്ചു.
1969ല്‍ കേരള നിയമസഭ പാസ്സാക്കി ഇന്ത്യന്‍ പ്രസിഡന്റിന്റെ അനുമതി കിട്ടിയിട്ടുള്ള 'കേരള ടോഡി വര്‍ക്കേഴ്‌സ് /ഫെയര്‍ ഫണ്ട് ആക്ടി'ന്റെയും ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയിലെ വിദഗ്ധരായ ട്രേഡ് യൂണിയന്‍-മാനേജ്‌മെന്റ്-സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന 'ടോഡി വെല്‍ഫെയര്‍ ബോര്‍ഡ്' രൂപീകരിച്ച് പ്രവര്‍ത്തനം നടക്കുന്ന ഈ വ്യവസായ മേഖലയില്‍ മറ്റൊരു സെന്‍ട്രല്‍ ലെജിസ്ലേഷന്‍ പാടില്ലെന്നും എ.ഐ.ടി.യു.സിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. വി.കെ ബിജു സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചു.
മദ്യവ്യവസായത്തെക്കുറിച്ച് പഠനം നടത്തിയ എല്ലാ റിപ്പോര്‍ട്ടുകളും വീര്യം കൂടിയ മദ്യത്തെ നിയന്ത്രിക്കണമെന്നും കള്ളിനെ പ്രോത്സാഹിപ്പിണമെന്നുമാണ് പറഞ്ഞിട്ടുള്ളത്. ഉദയഭാനു കമ്മിറ്റി റിപ്പോര്‍ട്ട്, ലളിതാംബിക ഐ.എ.എസ്. ചെയര്‍പേഴ്‌സണായി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട്, വേണുഗോപാല്‍ ഐ.എ.എസ് നേതൃത്വം നല്‍കി കമ്മിറ്റിയുടെ റിപ്പോര്‍ട്ട്, സൂബ്ബയ്യന്‍ ഐ.എ.എസ് കണ്‍വീനറായി രൂപീകരിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട്, അനില്‍ സേവ്യര്‍ ഐ.എ.എസ്. കണ്‍വീനറായ നീരകമ്മറ്റി റിപ്പോര്‍ട്ട് എല്ലാം തന്നെ കള്ളിന് പ്രത്യേക പദവിയും പ്രോത്സാഹനവും വേണമെന്ന് വ്യക്തമാക്കിയിട്ടുള്ള കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ടോഡി ബോര്‍ഡ് രൂപീകരിച്ചുകൊണ്ട് കള്ളു വ്യവസായത്തെ സംരക്ഷിക്കാനുള്ള ശ്രമം നടത്തിയ കാര്യവും ഇപ്പോഴത്തെ പിണറായി സര്‍ക്കാര്‍ ടോഡി ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തമാക്കിക്കൊണ്ട് കള്ളു വ്യവസായത്തെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
ടി.എന്‍ പ്രതാപന്‍ കേസില്‍ ഒന്നാം തീയതിതോറും ലിക്വര്‍ ഷാപ്പുകള്‍ക്ക് അവധി പ്രഖ്യാപിച്ച സുപ്രീം കോടതി കള്ള് ഷാപ്പുകളെ ഒഴിവാക്കിയ കാര്യവും കോടതിയില്‍ അഡ്വ. വി.കെ ബിജു ബോധിപ്പിച്ചു.
കള്ള് വ്യവസായത്തിന്റെ തകര്‍ച്ചമൂലം പരമ്പരാഗത വ്യവസായ മേഖലയായ ഈ രംഗത്ത് പാവപ്പെട്ട 35000 തൊഴിലാളി കുടുംബങ്ങളാണ് വഴിയാധാരമാകാന്‍ പോകുന്നത്. മൂന്നു ലക്ഷത്തോളം ആളുകളുടെ ജീവിതം വഴിമുട്ടും
കേന്ദ്രഗവണ്‍മെന്റിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് എ.ഐ.ടി.യു.സിയുടെ വാദഗതികളെ എതിര്‍ക്കുകയും സുപ്രീംകോടതി നേരത്തെ തീര്‍പ്പാക്കിയ കേസാണെന്നും ബോധിപ്പിച്ചു
കള്ളു ലിക്വറും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും, കേരള ടോഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.