Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ അവസ്ഥ തീര്‍ത്തും ദയനീയം
09/01/2016
പരാധീനതകള്‍മൂലം ബുദ്ധിമുട്ടുന്ന വൈക്കം താലൂക്ക് ആശുപത്രി

ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ അവസ്ഥ തീര്‍ത്തും ദയനീയം. രോഗികള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേററുവാനാണ് ഏററവുമധികം വലയുന്നത്. നിലവിലുള്ള നാല് കക്കൂസുകളും കവിഞ്ഞൊഴുകുകയാണ്. ഇതുസംബന്ധിച്ച് ആശുപത്രി അധികൃതര്‍ക്ക് ഒന്നും അറിഞ്ഞില്ലെന്ന ഭാവമാണ്. രോഗികള്‍ സമീപത്തുള്ള കംഫര്‍ട്ട് സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. പ്രായമായവരും കുട്ടികളുമാണ് ഇതുമൂലം കൂടുതല്‍ കഷ്ടപ്പെടുന്നത്. കക്കൂസുകളുടെ അവസ്ഥ സംബന്ധിച്ച് രോഗികള്‍ പലരും സൂപ്രണ്ടിനോട് പരാതിപ്പെട്ടെങ്കിലും നഗരസഭ അധികൃതരെ സമീപിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചത്. ആശുപത്രിയുടെ കാര്യങ്ങളില്‍ നഗരസഭയ്ക്ക് നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയുമെങ്കിലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ആശുപത്രി അധികാരികള്‍ തന്നെയാണ്. കുടിവെള്ളവും വലിയൊരു പ്രശ്‌നമാണ്. ഇതുപോലുള്ള അലംഭാവങ്ങളാണ് ഉത്തരവാദിത്തപ്പെട്ടവര്‍ വര്‍ഷങ്ങളായി പുലര്‍ത്തിപ്പോരുന്നത്. സന്ധ്യ മയങ്ങിയാല്‍ അത്യാഹിത വിഭാഗത്തില്‍ ഒരു നഴ്‌സും ഒരു ഡോക്ടറും മാത്രമാണുള്ളത്. പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ച് നൂറുകണക്കിന് രോഗികളാണ് രാത്രി സമയങ്ങളില്‍ ആശുപത്രികളില്‍ എത്തുന്നത്. ഇവരെ വേണ്ടവിധത്തില്‍ പരിചരിക്കുവാന്‍ ഒരു നഴ്‌സിനെക്കൊണ്ട് സാധിക്കാറില്ല. ഇത് മിക്കപ്പോഴും രോഗികളും ആശുപത്രി അധികാരികളും തമ്മില്‍ വാക്കേററത്തിന് ഇടയാക്കുന്നു. അത്യാഹിത വിഭാഗത്തിലെ പോലെതന്നെ മററ് വാര്‍ഡുകളിലും ജീവനക്കാരുടെ കുറവ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികള്‍ അന്തിമഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ അടിസ്ഥാന പ്രശ്‌നം ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും കുറവാണ്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കാതെ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ വെറും കാഴ്ചവസ്തുവായി മാറുകയേ ഉള്ളൂ. ഈ വിഷയത്തില്‍ അലംഭാവം വെടിഞ്ഞ് ഉത്തരവാദിത്തപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആശുപത്രിയുടെ കാര്യത്തില്‍പോലും രാഷ്ട്രീയത്തിന്റെ അതിപ്രഹസരമാണ് നടമാടിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയെപ്പോലും തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണായുധമാക്കി വോട്ട് തേടുന്ന ജനപ്രതിനിധികള്‍ മാറി ചിന്തിക്കണം. അല്ലെങ്കില്‍ കനത്ത തിരിച്ചടിയായിരിക്കും ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുവാന്‍ പോകുന്നത്. കാരണം ജില്ലയില്‍ ഏററവുമധികം രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയാണിത്. ഇത് ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കളം നിറയുന്നവര്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാനെങ്കിലും സജീവഇടപെടലുകള്‍ നടത്തണമെന്നാണ് ജനകീയ ആവശ്യം. സി.പി.ഐയുടെ യുവജനസംഘടന ആശുപത്രിയുടെ പ്രതിസന്ധിക്കെതിരെ നടത്തുന്ന സമരത്തിന് ഓരോ ദിവസം പിന്നിടുമ്പോഴും ജനശ്രദ്ധയേറുന്നുണ്ടെങ്കിലും പരിഹരിക്കേണ്ടവര്‍ ഇന്നും ഉറക്കത്തിലാണ്.