Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ വ്യാപാരികളെ ദുരിതത്തിലാക്കി സിവില്‍ സപ്ലൈസ് അധികൃതരുടെ അനാസ്ഥ
12/09/2017

വൈക്കം: റേഷന്‍ വ്യാപാരികളെ ദുരിതത്തിലാക്കി സിവില്‍ സപ്ലൈസ് അധികൃതരുടെ അനാസ്ഥ. ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും അര്‍ഹമായവിധം അഞ്ച് കിലോ ഭക്ഷ്യധാന്യവും 22 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാരയും കഴിഞ്ഞ മൂന്നുവരെ റേഷന്‍ കടകളിലൂടെ ലഭിക്കുമെന്ന അറിയിപ്പ് സിവില്‍ സപ്ലൈസ് വകുപ്പ് അധികാരികള്‍ ജനങ്ങളില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശയക്കുഴപ്പമില്ലാതെയും വിതരണം ചെയ്യേണ്ട സാധനങ്ങള്‍ കൃത്യതയോടെ എത്തിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല. ഓണത്തിന് സ്‌പെഷ്യലായി നല്‍കുന്നതിനുള്ള പഞ്ചസാര അനുവദിച്ചിരുന്നു. എന്നാല്‍ ഇതോടൊപ്പമുള്ള അരി, ഗോതമ്പ്, ആട്ട എന്നിവ മാസംതോറുമുള്ള വിതരണ മിച്ചത്തില്‍ നിന്നും കണ്ടെത്തുവാനാണ് അധികാരികള്‍ റേഷന്‍ വ്യാപാരികളോട് നിര്‍ദ്ദേശിച്ചത്. ഓഗസ്റ്റിലെ വിതരണം പൂര്‍ത്തിയാക്കിയശേഷം സെപ്റ്റംബര്‍ ഒന്നിന് നീക്കിയിരിപ്പുള്ള ധാന്യങ്ങളും ഈ മാസം ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത് കുറച്ചുമുള്ള അനുവദിച്ചത്് ബാക്കിയുണ്ടെങ്കില്‍ അതുംകൂടി ചേര്‍ത്തുവേണം ഇപ്രകാരം വിതരണം നടത്തേണ്ടത് എന്നര്‍ത്ഥം.
റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച വേതനം കാറ്റില്‍ പറത്തിയതിനു പുറമെ നല്‍കി വരുന്ന തുച്ഛമായ കമ്മീഷനും കുടിശ്ശികയാണ്. ഇത് ഇന്‍കം ടാക്‌സിന്റെയും സാങ്കേതികത്വത്തിന്റെയും പേരുപറഞ്ഞ് തടഞ്ഞുവെച്ച് കഷ്ടപ്പെടുത്തുകയാണ്. അതേസമയം സ്‌പെഷ്യല്‍ പഞ്ചസാരക്കും റേഷന്‍ സാധനങ്ങള്‍ക്കും വ്യാപാരികളെ ബാങ്ക് വഴി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ പണം അടപ്പിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷ പദ്ധതി അനുസരിച്ച് ഇവ റേഷന്‍ ഷോപ്പുകളില്‍ എത്തിക്കേണ്ട ബാധ്യത സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ബന്ധപ്പെട്ട കരാറുകാര്‍ക്കുമാണ്. താലൂക്കില്‍ ഒരു വിതരണകേന്ദ്രം മാത്രമാണുള്ളത്. ഇവിടെനിന്നും കൃത്യസമയത്ത് സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് സാധിക്കാറില്ല. മുന്‍കൂട്ടി ഓണം സ്‌പെഷ്യല്‍ വിതരണം ചെയ്യുന്നതിനുള്ള സ്റ്റോക്കും പല റേഷന്‍ കടകളിലും ഉണ്ടായിരുന്നില്ല.
എ.എ.വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് അരിയും ഗോതമ്പും ഉള്‍പ്പെടെ അഞ്ചു കിലോ സൗജന്യമായും നീല കാര്‍ഡുകാര്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരിയും 15 രൂപയ്ക്ക് ആട്ടയും ഉള്‍പ്പെടെ അഞ്ചു കിലോയും, വെള്ള കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ അരിയും 15 രൂപയ്ക്ക് ആട്ടയും ഉള്‍പ്പെടെ അഞ്ച് കിലോയും, എല്ലാവര്‍ക്കും 22 രൂപയ്ക്ക് പഞ്ചസാരയും നല്‍കുവാനായിരുന്നു നിര്‍ദ്ദേശം. ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് ജനങ്ങളും റേഷന്‍ വ്യാപാരികളും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് കാരണമായി.
ഇതിലേക്കുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിച്ചതും കഴിഞ്ഞ മൂന്നുവരെ മാത്രം വിതരണം നിശ്ചയിച്ചതും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. ഓണം കഴിഞ്ഞെങ്കിലും സാധനങ്ങള്‍ റേഷന്‍ കടകളില്‍ പൂര്‍ണമായി എത്തിച്ച് ജനങ്ങള്‍ക്ക് ഇവ വാങ്ങുന്നതിനുള്ള സമയം നീട്ടി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനങ്ങളോടൊത്ത് ഇതിനെതിരെ പ്രതികരിക്കുവാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുമെന്ന് ജില്ലാ പ്രസിഡന്റ് വി.ജോസഫ്, സെക്രട്ടറി രാജു പി.കുര്യന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.