Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ കായലോര വിശ്രമ കേന്ദ്രം ആധുനിക നിലവാരത്തിലേക്ക്
11/09/2017
നിര്‍മാണം പൂര്‍ത്തിയായ വൈക്കം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന്റെ പുതിയ കെട്ടിടം.

വൈക്കം: വൈക്കത്തെ കായലോര വിശ്രമകേന്ദ്രം ആധുനിക നിലവാരത്തിലേക്ക് ഉയരുന്നു. സംസ്ഥാനത്ത് നിലവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ വിശ്രമകേന്ദ്രങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഫസ്റ്റ് ഗ്രേഡ് റെസ്റ്റ് ഹൗസാക്കി വൈക്കത്തെ ടി.ബി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാ ആസ്ഥാനങ്ങളിലുള്ള റെസ്റ്റ് ഹൗസുകള്‍ ടൂറിസവുമായി ബന്ധപ്പെടുത്തി വികസിപ്പിക്കുന്നതിനുവേണ്ടി പതിനായിരം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ പട്ടികയിലാണ് വൈക്കത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വേമ്പനാട്ടു കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന വിശ്രമകേന്ദ്രമായ ഈ റെസ്റ്റ് ഹൗസ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ആധുനിക രീതിയിലുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. പുതിയ കെട്ടിടത്തില്‍ എട്ട് സ്യൂട്ടുകള്‍ ഉള്‍പ്പെടെ 11 മുറികളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ടി.ബി നവീകരിക്കുന്നതിനുവേണ്ടിയുളള സര്‍വേ നടപടികള്‍ പൂര്‍ത്തിയായികഴിഞ്ഞു.
കേരളത്തിലെ ആദ്യകാല റെസ്റ്റ് ഹൗസുകളില്‍ ഒന്നായ വൈക്കം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന് ഏറെ ചരിത്രങ്ങള്‍ പറയാനുണ്ട്. പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക്്്് ആതിഥേയമേകിയ ഇവിടം അധികൃതരുടെ അവഗണനയാല്‍ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയായിരുന്നു. ഒരു കാലത്ത് സര്‍ക്കാര്‍ ടി.ബികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ കയ്യിലേക്ക് ടി.ബി പോയെങ്കിലും ശക്തമായ എതിര്‍പ്പുമൂലം പ്രവര്‍ത്തനം നടന്നില്ല. ഈ സാഹചര്യത്തില്‍ വീണ്ടും സര്‍ക്കാരിന്റെ കൈവശം തന്നെ എത്തിച്ചേര്‍ന്നു. എങ്കിലും പ്രവര്‍ത്തനം വൈകിയത് ഒട്ടേറെ സന്ദര്‍ശകര്‍ക്ക് ദുരിതം ഉയര്‍ത്തിയിരുന്നു. എതാനും വര്‍ഷം മുമ്പ്്് കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ ചെയ്തങ്കിലും നല്ലരീതിയില്‍ ചെയ്യാത്തതിനാല്‍ കെട്ടിടം പഴയ അവസ്ഥയില്‍ തന്നെയായിരുന്നു.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പു വരെ ഈ റെസ്റ്റ് ഹൗസിന്റെ പ്രതാപകാലമായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീനിലെ രുചികരമായ ഭക്ഷണവും കായല്‍ മത്സ്യ വിഭവങ്ങളും മികച്ച രീതിയിലുള്ള സേവനവും ഉണ്ടായിരുന്നതിനാല്‍ നിരവധി ആളുകളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. ബ്രിട്ടിഷുകാര്‍ വെച്ചു പിടിപ്പിച്ച തണല്‍ മരം പടര്‍ന്ന് നില്‍ക്കുന്നതും കായലോരവും വൈക്കത്തെ റെസ്റ്റ്്്്്് ഹൗസിന്റെ മാത്രം പ്രത്യേകതകളാണ്. ഈ മനോഹരതീരത്തിരുന്നാണ് ഇവിടുത്തെ നിത്യ സന്ദര്‍ശകനായിരുന്ന വയലാര്‍ രാമവര്‍മ തന്റെ അനശ്വര ചലച്ചിത്രഗാനങ്ങള്‍ പലതും എഴുതി തീര്‍ത്തത്. ഏറെ പ്രത്യകതകള്‍ ഉള്ള ഈ വിശ്രമകേന്ദം നവീകരിച്ച് പഴയപ്രതാപത്തില്‍ എത്തിക്കാന്‍ ലക്ഷ്യം വെച്ചുള്ള നിര്‍മാണ ജോലികളാണ് ഇപ്പോള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്. വൈക്കത്തിന്റെ വികസനകുതിപ്പില്‍ ആധുനിക നിലവാരത്തിലുള്ള കായലോര ബീച്ചിനോടൊപ്പം സംസ്ഥാനത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന നിലയിലേക്ക് റെസ്റ്റ് ഹൗസ് ഉയരുമ്പോള്‍ വൈക്കത്തിന്റെ പെരുമ ഒന്നുകൂടി ഉയരും. അഷ്ടമിക്ക് മുന്‍പ് റെസ്റ്റ് ഹൗസ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കിയാല്‍ സര്‍ക്കാരിന് ഒരു മുതല്‍ക്കൂട്ടായിരിക്കും.