Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാട്ടുമാവുകളെ തേടി ഗ്രാമയാത്ര സംഘടിപ്പിച്ചു.
11/09/2017
അക്കരപ്പാടം ഗവണ്‍മെന്റ് യൂ പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാട്ടുമാവുകളെ തേടി ഒരു ഗ്രാമയാത്ര സംഘടിപ്പിച്ചപ്പോള്‍

വൈക്കം: സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാവധിക്കാലം വിനോദത്തോടൊപ്പം വിജ്ഞാനപ്രദവുമാക്കാന്‍ അക്കരപ്പാടം ഗവണ്‍മെന്റ് യൂ പി സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുമാവുകളെ തേടി ഒരു ഗ്രാമയാത്ര സംഘടിപ്പിച്ചു. ഗ്രാമത്തില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രാമയാത്ര. നാട്ടുമാവുകളുടെ പേരുകള്‍ ചേര്‍ത്ത രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് കുട്ടികള്‍. നാട്ടുമാവുകളുടെ എണ്ണമെടുത്ത കുട്ടികള്‍ 100-ല്‍പരം നാട്ടുമാവുകള്‍ എണ്ണി. കളത്രയില്‍ ബാലാജിയുടെ വീട്ടില്‍ നിന്നും രാവിലെ 10 മണിക്ക് പുറപ്പെട്ട സംഘം വിവിധ തരം നാട്ടുമാവുകളെ അടുത്തറിയാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. മാവുകളെക്കുറിച്ചും അവയുടെ മാങ്ങയുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികള്‍ക്ക് യാതൊരു മടിയും കൂടാതെ വിശദീകരിച്ചു കൊടുത്ത 84 വയസ്സുള്ള സി ഐ ഐപ്പോര എന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്റെ ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു. ആലുതറയില്‍ ഗോപിയുടെ വീട്ടില്‍ നാട്ടുമാവ്, മൂവാണ്ടന്‍മാവ്, ചന്ദ്രക്കാരന്‍ (പുളിശ്ശേരിക്കുത്തമം) എന്നീ നാട്ടുമാവുകളെയും കുട്ടികള്‍ക്ക് കാണാന്‍ കഴിഞ്ഞു. പണ്ടൊരുകാലത്ത് നാട്ടുമാവുകള്‍ സമൃദ്ധമായിരുന്നെങ്കിലും ഇന്ന് എണ്ണം തീരെ കുറഞ്ഞിരിക്കുന്നതായി കുട്ടികള്‍ കണ്ടെത്തി. എങ്കിലും കിളിച്ചുണ്ടന്‍മാവ്, കര്‍പ്പൂര മാവ്, കടുക്കാച്ചി മാവ്, ചന്ദ്രക്കാരന്‍ മാവ്, മുതലമൂക്കന്‍ തുടങ്ങി 15 ഇനം നാട്ടുമാവുകളെ കണ്ടെത്താന്‍ കഴിഞ്ഞതായി സീഡ് റിപ്പോര്‍ട്ടര്‍ ശ്രദ്ധ മുരളി പറഞ്ഞു. നാട്ടുമാവുകളുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ ശേഖരിക്കുന്നതിന്റെ തിരക്കിലാണ് അക്കരപ്പാടം സ്‌കൂളിലെ കുട്ടികള്‍. കുട്ടികള്‍ക്ക് എല്ലാവിധ പിന്തുണയോടെ എ പി നന്ദകുമാര്‍, റജികുമാര്‍, ദാസന്‍, ലക്ഷ്മണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.