Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആവേശത്തോടെ അപ്പര്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍
09/09/2017
വെച്ചൂര്‍ പഞ്ചായത്തിലെ പാടശേഖരത്തില്‍ കതിരിട്ടുനില്‍ക്കുന്ന നെല്‍കൃഷി.

വൈക്കം: കാലാവസ്ഥ അനുകൂലമായത് നെല്‍കര്‍ഷകരെ ആവേശത്തിലാക്കുന്നു. മുന്‍കാലങ്ങളിലെ പോലെ കാലവര്‍ഷം ചതിക്കാത്തത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇത്തവണ ഇടവേളകളില്‍ കൃത്യമായി മഴയെത്തിയത് നെല്‍കൃഷിയ്ക്ക് ഏറെ ഗുണപ്രദമായി. അപ്പര്‍ കുട്ടനാടന്‍ മേഖലയായ വെച്ചൂര്‍ പഞ്ചായത്തില്‍ കതിരിട്ട നെല്‍ച്ചെടികളെല്ലാം നല്ലരീതിയിലാണ് നില്‍ക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്ത്ത്‌നടക്കുന്ന സമയങ്ങളില്‍ മഴയില്ലാതിരുന്നാല്‍ വലിയ നേട്ടമായിരിക്കും ലഭിക്കുക. പഞ്ചായത്തിലെ ആയിരത്തിഅറുന്നൂറിലധികം ഏക്കര്‍ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ കൃഷി നടന്നിരിക്കുന്നത്. പാടശേഖരസമതികളെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതാണ് കര്‍ഷകര്‍ക്ക് ഏറെ അനുകൂലം. സര്‍ക്കാര്‍ സംവിധാനങ്ങളും തരക്കേടില്ലാത്ത രീതിയില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഉമ, ജ്യോതി ഇനത്തില്‍പ്പെട്ട നെല്‍വിത്തുകളാണ് വിതച്ചിരിക്കുന്നത്. പഞ്ചായത്തിലെ പുത്തന്‍കരി -250, വലിയപുതുക്കരി -400, മറ്റം പാടം -200, പൂവത്തിക്കരി -600, പട്ടറക്കരി -150, വലിയവെളിച്ചം -200, പന്നയ്ക്കാത്തടം -150, ഇട്ടിയോക്കാടന്‍കരി -250, ദേവസ്വംകരി -150, അരികത്തുകരി -100, മുന്നൂറ്റാംഇടവ് -70 ഏക്കറുകളിലാണ് കൃഷി നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നൂറേക്കറില്‍ അധികം പാടശേഖരങ്ങളില്‍ അധികമായി കൃഷി ചെയ്തിട്ടുണ്ട്. കര്‍ഷകരും സ്വയംസഹായസംഘങ്ങളുമെല്ലാം കൃഷി നടത്തുന്നുണ്ട്. കൊയ്ത്തിനുശേഷം നെല്ലിന് മതിയായ വില ലഭിക്കാത്തതും ഇടനിലക്കാരുടെ ചൂഷണവുമാണ് നേട്ടങ്ങള്‍ക്കിടയിലും കര്‍ഷകരെ പലപ്പോഴും ബലിയാടാക്കുന്നത്. ഇവിടെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട സിവില്‍ സപ്ലൈസ് ആധികാരികള്‍ വീഴ്ച വരുത്തുന്നു. കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുവാന്‍ വെച്ചൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇതിനെതിരെ പാടശേഖരസമിതികളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഇത്തവണയും മോഡേണ്‍ റൈസ് മില്‍ കര്‍ഷകരെ സഹായിക്കുന്ന രീതിയില്‍ രംഗത്തുവന്നില്ലെങ്കില്‍ ഇടനില ചൂഷണം കര്‍ഷകരെ തകര്‍ക്കുമെന്നുള്ള കാര്യം ഉറപ്പാണ്. ഇവിടെ പഞ്ചായത്തും കൃഷിഭവനുമെല്ലാം ശക്തമായി കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളണം. അല്ലാത്തപക്ഷം വൈക്കത്തിന്റെ നെല്ലറയായ വെച്ചൂരില്‍ കര്‍ഷകര്‍ പലരും നെല്‍കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തും.