Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ മുത്തിയുടെ അനുഗ്രഹം തേടി വിശ്വാസി സമൂഹം ; പ്രദക്ഷിണം ഭക്തി നിര്‍ഭരമായി
09/09/2017
കുടവെച്ചൂര്‍ പള്ളിയിലെ പെരുന്നാളില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം അലങ്കരിച്ച് പുറത്തേക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: പരിശുദ്ധ കന്യകാ മറിയത്തിന്റെ അനുഗ്രഹം യാചിച്ച് തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയിലേക്ക് വിശ്വാസി സമൂഹം ഒഴുകിയെത്തി. പള്ളിയുടെ പ്രധാന കവാടത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിന്റെ രൂപം കണ്ട് പ്രാര്‍ത്ഥനകളും നേര്‍ച്ചകളും അര്‍പ്പിക്കാന്‍ നാനാജാതിമതസ്ഥരായ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. രാവിലെ 6 മുതല്‍ തുടര്‍ച്ചയായി വൈകുന്നേരം വരെ നീണ്ട വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനും ആയിരങ്ങള്‍ എത്തിയിരുന്നു. നേര്‍ച്ചക്കഞ്ഞിക്കും, കൊഴുക്കട്ട നേര്‍ച്ചയ്ക്കും വേണ്ടിയുള്ള ഭക്ത ജനങ്ങളുടെ വലിയ നിര രാവിലെ തന്നെ പ്രകടമായി. അനുകൂല കാലാവസ്ഥ ഭക്തജനത്തിരക്ക് വര്‍ദ്ധിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ നൂറിലധികം പോലീസുകാര്‍ ഉണ്ടായിരുന്നു. വെച്ചൂര്‍ ഗ്രാമം ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. പാലാ ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ ചേര്‍ന്ന് വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി യും സ്വകാര്യ ബസുകളും സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തിയത് ഭക്തര്‍ക്ക് ആശ്വാസമായി. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട കുര്‍ബാനയ്ക്ക് ഫാ.ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍, വികാരി ഫാ.ജോയ് കണ്ണമ്പുഴ, സഹവികാരി ഫാ. ടോമി എട്ടിയില്‍, ഫാ.ജോബി കാട്ടിപ്പറമ്പില്‍, ഫാ.സുജിത്ത് കൊച്ചുപാറയില്‍, ഫാ.സക്കറിയാസ് നെല്ലിക്കുന്നത്ത്, ഫാ.വര്‍ഗ്ഗീസ് ഇടത്തിച്ചിറ, ഫാ.തോമസ് മണിച്ചേരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. വൈകിട്ട് 3.30ന് നടന്ന തിരുന്നാള്‍ പാട്ട് കുര്‍ബാനയ്ക്ക് ഫാ.സിബിന്‍ പുതുപ്പള്ളിയില്‍ മുഖ്യകാര്‍മ്മികനായി. ഫാ.പോള്‍ വടക്കുംമുറി അനുഗ്രഹ പ്രഭാഷണം നടത്തി. വൈകിട്ട് 5ന് വേമ്പനാട്ട് കായലിന്റെ തീരത്തുള്ള കുരിശ് പള്ളിയിലേക്ക് പ്രദക്ഷിണം പുറപ്പെട്ടു. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം മുല്ലപ്പൂമാലകള്‍ കൊണ്ട് അലങ്കരിച്ചാണ് എഴുന്നള്ളിച്ചത്. നൂറ് കണക്കിന് മുത്തുക്കുടകളും, വിവിധ സെറ്റ് വാദ്യ മേളങ്ങളും, പൊന്‍-വെള്ളിക്കുരിശുകളും, വര്‍ണ്ണക്കുടകളും, അലങ്കാരങ്ങളും പ്രദക്ഷിണത്തിന് ഭക്തി പകര്‍ന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. വികാരി ഫാ. ജോയ് കണ്ണമ്പുഴ, അസി. വികാരി ഫാ. ടോമി എട്ടിയില്‍, ഫാ.റോബിന്‍ വല്ലാട്ട്, ഫാ.മാര്‍ട്ടിന്‍ എരളിക്കുന്നേല്‍, പ്രസുദേന്തി ജോസഫ് മഠത്തിക്കാവില്‍, ട്രസ്റ്റിമാരായ ജോസഫ് വര്‍ഗ്ഗീസ്, സാജു കായിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.