Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജപ്പാന്‍ കുടിവെള്ള പദ്ധതി: ടോള്‍-പാലാംകടവ് റോഡ് വീണ്ടും പൊളിക്കുന്നു; ജനം ആശങ്കയില്‍
05/09/2017

വൈക്കം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-പാലാംകടവ് റോഡ് വീണ്ടും പൊളിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. റോഡ് തകരുന്നതോടെ മറവന്‍തുരുത്ത് ഒരിക്കല്‍ക്കൂടി തുരുത്തായി മാറും. മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് യാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്ന റോഡാണിത്.
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, ആശുപത്രികള്‍, സ്‌ക്കൂളുകള്‍, ആരാധനാലയങ്ങള്‍, ബാങ്കുകള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ജനങ്ങള്‍ക്കുള്ള ഏകമാര്‍ഗം ടോള്‍-പാലാംകടവ് റോഡാണ്. റോഡ് പൊളിക്കുമ്പോള്‍ വൈക്കം, എറണാകുളം, തലയോലപ്പറമ്പ്, ചോറ്റാനിക്കര, കോട്ടയം ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന നിരവധി ബസുകളും മുടങ്ങും. മൂവാറ്റുപുഴയാറ്റില്‍ നിന്നും ആലപ്പുഴ ജില്ലയിലേക്ക് വെള്ളം എത്തിക്കുന്നതിനുവേണ്ടിയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൂറ്റന്‍ പൈപ്പുകള്‍ റോഡിനടിയില്‍ കുഴിച്ചിട്ടത്. മുന്‍പ് രണ്ടു വര്‍ഷത്തോളമെടുത്താണ് പൈപ്പുകള്‍ സ്ഥാപിച്ചത്. അന്ന് ഏറെ ദുരിതപൂര്‍ണമായിരുന്നു മറവന്‍തുരുത്തിലെ ജീവിതം. ഗതാഗതസൗകര്യം പൂര്‍ണമായും മുടങ്ങിയിരുന്നു. വൈദ്യുതി, ടെലഫോണ്‍ സൗകര്യങ്ങള്‍, ശുദ്ധജലവിതരണം എന്നിവയെല്ലാം താറുമാറായി. ഏറെ ജനകീയ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് റോഡ് പുനര്‍നിര്‍മിച്ചത്.
മുന്‍പ് സ്ഥാപിച്ച പൈപ്പുകള്‍ക്ക് വേണ്ടത്ര ഗുണനിലവാരം ഇല്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോള്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡ് കുഴിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പമ്പിങ് ജോലികള്‍ ആരംഭിച്ചപ്പോള്‍ തന്നെ റോഡിനടിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ പലയിടത്തും പൊട്ടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ലെന്നു കണ്ടെത്തിയത്. 2014 മുതല്‍ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള ആലോചനകള്‍ തുടങ്ങിയെങ്കിലും അന്നത്തെ പഞ്ചായത്ത് ഭരണസമിതി പ്രതിഷേധം ഉയര്‍ത്തിയോടെ നീണ്ടുപോവുകയായിരുന്നു.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പുഴയുടെ തീരംവഴിയോ പുഴയിലൂടെയോ തന്നെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ മാര്‍ഗമുണ്ട്. എന്നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ മുഖവിലക്കെടുക്കാതെ വീണ്ടും റോഡ് പൂര്‍ണമായി പൊളിച്ച് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. നവംബര്‍-ഡിസംബര്‍ മാസത്തോടെ റോഡ് പൊളിക്കുമെന്നാണ് അറിയുന്നത്. മാറ്റി സ്ഥാപിക്കുന്നതിനുള്ള കൂറ്റന്‍ പൈപ്പുകള്‍ പരിസര പ്രദേശത്ത് സംഭരിച്ചുകഴിഞ്ഞു. റോഡ് പൊളിക്കാനുള്ള നീക്കം മറവന്‍തുരുത്ത് പഞ്ചായത്ത് നിവാസികളെ ആശങ്കയില്‍ ആക്കിയിരിക്കുകയാണ്.
ഇപ്പോള്‍ മൂവാറ്റുപുഴയാറില്‍ നിന്നും വെള്ളം പമ്പു ചെയ്യുന്നതിന്റെ ശക്തി കുറച്ചതിനാല്‍ കഴിഞ്ഞ ആറുമാസമായി പൈപ്പുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടില്ല. ആറിലെ ശുദ്ധജല ലഭ്യത തന്നെ ഓരുവെള്ള ഭീഷണിമൂലം ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ്. ജപ്പാന്‍ പദ്ധതിക്കുവേണ്ടി കൂടുതല്‍ വെള്ളം ചൂഷണം ചെയ്താല്‍ മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു കുടിവെള്ള പദ്ധതികളും തകരാറിലാകാന്‍ സാധ്യതയുണ്ട്. ഇപ്പോഴുള്ള രീതിയില്‍ പമ്പിംഗ് തുടര്‍ന്നാല്‍ ജപ്പാന്‍ പദ്ധതിക്കായി റോഡ് പൊളിക്കുന്നത് ഒഴിവാക്കാവുന്നതേയുള്ളൂ.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ടോള്‍-പാലാംകടവ് റോഡ് കുഴിച്ച് പൈപ്പുകള്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ലളിതകലാ അക്കാദമി മുന്‍സെക്രട്ടറിയും ഡി.സി.സി അംഗവുമായ എം.കെ ഷിബു മുഖ്യമന്ത്രി, പൊതുമാരമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. നിലവിലുള്ള പമ്പിംഗ് രീതി തുടരണമെന്നും പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കുവേണ്ടി ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കുഴിച്ചിട്ട പൈപ്പുകള്‍ ഗുണനിലവാരമില്ലാതായതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എം.ക ഷിബു ആവശ്യപ്പെട്ടു.