Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥിനികളുടെ സത്യസന്ധതയ്ക്ക് നൂറുമേനിയുടെ തിളക്കം.
02/09/2017
വിദ്യാര്‍ത്ഥിനികള്‍ക്ക് വഴിയില്‍ കളഞ്ഞുകിട്ടിയ തുകയും രേഖകളും അടങ്ങിയ പേഴ്‌സ് പ്രിന്‍സിപ്പാള്‍ പി ആര്‍ ബിജിയുടെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ഉടമയ്ക്ക് കൈമാറുന്നു

വൈക്കം: വഴിയില്‍ കളഞ്ഞുകിട്ടിയ വന്‍തുകയുടെ രേഖകളും പണവുമടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി നല്‍കിയ വിദ്യാര്‍ത്ഥിനികളുടെ സത്യസന്ധതയ്ക്ക് നൂറുമേനിയുടെ തിളക്കം. സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കന്ററി സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ ശാലിനി, ആര്‍ രാജേശ്വരി, കീര്‍ത്തനമോള്‍ എന്നിവരാണ് സ്‌കൂളിന് ഖ്യാതി ഉയര്‍ത്തിയ മാതൃക കാട്ടിയത്. സ്‌കൂളിലേയ്ക്ക് പോവുകയായിരുന്ന കുട്ടികള്‍ക്ക്് ഗവണ്‍മെന്റ് ബോയ്‌സ്് ഹൈസ്‌കൂളിന് സമീപം വൈക്കം - വെച്ചൂര്‍ റോഡില്‍ വെച്ചാണ് പേഴ്‌സ് കിട്ടിയത്. ബാങ്കില്‍ വന്‍ തുകയുടെ ഇടപാടുള്ള രണ്ട് എ റ്റി എം കാര്‍ഡ്, പാസ്സ് പോര്‍ട്ട്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പതിനായിരത്തിലധികം തുക എന്നിവയടങ്ങുന്നതായിരുന്നു പേഴ്‌സ്. കൈയ്യില്‍ കിട്ടിയ പേഴ്‌സ് കുട്ടികള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാള്‍ പി ആര്‍ ബിജിയെ ഏല്‍പ്പിക്കുകയായിരുന്നു. പേഴ്‌സ് നഷ്ടപ്പെട്ടതോടെ ആശങ്കയിലായ ഉടമ നെട്ടോട്ടമോടുന്നതിനിടയിലാണ് ആശ്വാസ സന്ദേശമായി പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജിയുടെ ഫോണ്‍ വിളി എത്തിയത്. കോണ്‍ട്രാക്ടറായ ഉല്ലല ചിറ്റയില്‍ത്തറ ഷാജിയുടേതായിരുന്നു പേഴ്‌സും പണവും രേഖകളും. യാത്രാ മദ്ധ്യേ റോഡില്‍ പേഴ്‌സ് നഷ്ടപ്പെടുകയായിരുന്നു. ഷാജിയുടെ ഭാര്യ എന്‍ ഷീല സ്‌കൂളിലെത്തി പേഴ്‌സും തുകയും രേഖകളും ഏറ്റുവാങ്ങി. കുട്ടികളുടെ നല്ല മനസ്സിനെയും സത്യസന്ധതയെയും ഉടമ അഭിനന്ദിച്ചു. സ്‌കൂളിന് സല്‍പ്പേരുണ്ടാക്കിയ കുട്ടികളുടെ മനോധര്‍മ്മത്തെ സ്‌കൂള്‍ അധികൃതരും പി ടി എ ഭാരവാഹികളും അഭിനന്ദിച്ചു. പ്രിന്‍സിപ്പാള്‍ പി ആര്‍ ബിജിയുടെ സാന്നിധ്യത്തിലാണ് പേഴ്‌സ് കൈമാറിയത്. അധ്യാപകരായ പി എന്‍ പ്രിയ, പി എസ് സുധര്‍മ്മ, അമൃത പാര്‍വ്വതി എന്നിവ പങ്കെടുത്തു.