Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഓണം ഫെസ്റ്റ്-2017ന് 31ന് തുടക്കമാവും
30/08/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഓണം ഫെസ്റ്റ് 2017ന് ഇന്ന് നാനാടത്ത് ആതുരാശ്രമം സ്‌കൂളില്‍ തുടക്കം കുറിക്കും. സെപ്തംബര്‍ 3 വരെയാണ് ഓണം ഫെസ്റ്റ്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് വൈക്കം വലിയകവലയില്‍ നിന്നും വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. 17 വാര്‍ഡുകളുടെയും ബാനറിനു പിന്നില്‍ വാദ്യമേളങ്ങളും നാടന്‍കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടും. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, യൂത്ത് ക്ലബ്ബുകള്‍, അയല്‍സഭ, ബാലസഭാ പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരക്കും. വൈകിട്ട് 4 മണിക്ക് ആതുരാശ്രമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി സ്വാഗതമാശംസിക്കും. ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണം നടത്തും. വീണാ ജോര്‍ജ്ജ് എം എല്‍ എ വിപണനമേള ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകന്‍ വിനയന്‍ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ഉദയനാപുരത്തിന്റെ അഭിമാനമായ ചലചിത്രസംവിധായകന്‍ എബ്രിഡ് ഷൈന്‍, പ്രദീപ് മാളവിക എന്നിവരെ ചടങ്ങില്‍ ആദരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘാടകസമിതി കണ്‍വീനര്‍ പി എസ് മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും. പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ജാവേദ് കൃതജ്ഞ പറയും. തുടര്‍ന്ന് സി വി എന്‍ കളരി പെരുവ അവതരിപ്പിക്കുന്ന കളരിപ്പയറ്റും ലിനു വൈക്കവും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയും നടക്കും. സെപ്തംബര്‍ 1ന് രാവിലെ 9 മണിക്ക് അത്തപ്പൂക്കള മത്സരം നടക്കും. 10 മണിക്ക് കേരളോത്സവം കലാമത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം 6ന് സിനിമാതാരം ആദര്‍ശ് ബാബുവും സംഘവും അവതരിപ്പിക്കുന്ന കോമഡിഷോ, 7ന് ചലചിത്ര പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയും സംഘവും നയിക്കുന്ന ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍. സെപ്തംബര്‍ 2ന് നടക്കുന്ന കേരളോത്സവം മത്സരങ്ങളുടെ തുടര്‍ച്ചയായി വൈകിട്ട് 5.30ന് നടക്കുന്ന കാവ്യസന്ധ്യ ചലചിത്രപിന്നണി ഗായകന്‍ വൈക്കം ദേവാനന്ദ് ഉദ്ഘാടനം ചെയ്യും. കവി മണര്‍കാട് ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. 7ന് വൈക്കം മാളവികയുടെ 'മിന്നുന്നതെല്ലാം പൊന്നല്ല നാടകവും' നടക്കും. സെപ്തംബര്‍ 3ന് ഞാറുനടല്‍, തെങ്ങുകയറ്റം, കിളയ്ക്കല്‍, ഓലമെടയല്‍ തുടങ്ങിയ കാര്‍ഷിക കായികമത്സരങ്ങള്‍ നടക്കും. വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. 5 മണിക്ക് കാരയില്‍ മണിയനാശാനും സംഘവും അവതരിപ്പിക്കുന്ന ഉടുക്കുപാട്ട്, 5.30ന് നേരേകടവ് മഹാത്മ അവതരിപ്പിക്കുന്ന കോലുകളി, 6ന് ഗോകുലം കലാക്ഷേത്ര അവതരിപ്പിക്കുന്ന ക്ലാസ്സിക്കല്‍ ഡാന്‍സ് എന്നിവയാണ് പ്രധാന പരിപാടികള്‍. ഫെസ്റ്റിനോടനുബന്ധിച്ച് കുടുംബശ്രീ, വിവിധ സര്‍ക്കാര്‍ സഹകരണ ഏജന്‍സികള്‍, സ്വകാര്യ സംരംഭകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഓണം വിപണനമേളയും ഒരുക്കിയിട്ടുണ്ട്. സ്റ്റാളുകളുടെ പ്രവര്‍ത്തനം 30ന് ആരംഭിച്ചു.