Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂരില്‍ വികസന പദ്ധതികളെല്ലാം കാഴ്ചവസ്തുക്കളാകുന്നു
28/08/2017
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച വിപണനകേന്ദ്രം ഉപയോഗശൂന്യമായ അവസ്ഥയില്‍.

വൈക്കം: ജില്ലയില്‍ വരുമാനലഭ്യതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വെള്ളൂര്‍ പഞ്ചായത്ത് വികസനകാര്യത്തില്‍ കാലങ്ങളായി തുടരുന്ന പിന്നോക്കാവസ്ഥക്ക് ഇന്നും മാറ്റമില്ല. എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിക്കുമ്പോഴും പഞ്ചായത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി, സ്വകാര്യ സംരംഭമായ സിമന്റ് ഫാക്ടറി, പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെയെല്ലാം സാധ്യതകള്‍ പ്രയോജനപ്പെടുത്തി കുതിച്ചുചാട്ടത്തിന് വഴിയൊരുക്കാന്‍ ആരു ഭരിച്ചിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ പരസ്പരം പഴിചാരുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകള്‍ തിരുത്തണം. വികസനദുരന്തത്തിന് നേര്‍ക്കാഴ്ചയൊരുക്കി ബസ് സ്റ്റാന്റ്, കാര്‍ഷിക വിപണന കേന്ദ്രം, പഞ്ചായത്ത് വിപണനകേന്ദ്രം, ലൈബ്രറി എന്നിവയെല്ലാം നിലനില്‍ക്കുന്നു. ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ കാലങ്ങളായി പഞ്ചായത്ത് ഭരണസമിതികള്‍ അക്ഷീണപരിശ്രമം നടത്തിയിട്ടും ഒന്നും ലക്ഷ്യം കണ്ടില്ല. ലക്ഷങ്ങള്‍ പാഴായതുമാത്രം മിച്ചം. ഇവിടെ രാത്രി, പകല്‍ സമയങ്ങളില്‍ ചില സ്വകാര്യ ബസുകള്‍ പാര്‍ക്കു ചെയ്യുന്നതും ഡ്രൈവിംഗ് പരിശീലനം നടത്തുന്നതും മാത്രമാണ് ഏക ആശ്വാസം. സ്റ്റാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പണി കഴിപ്പിച്ച കാര്‍ഷിക വിപണന കേന്ദ്രം ഉപയോഗമില്ലാതെ നശിക്കുകയാണ്. വെള്ളൂര്‍ പഞ്ചായത്തിലെ പച്ചക്കറി, വാഴ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി ലക്ഷങ്ങള്‍ മുടക്കിയ കെട്ടിടമാണ് ആര്‍ക്കും വേണ്ടാതെ നശിക്കുന്നത്. സമാനമായ അവസ്ഥയാണ് വിപണന കേന്ദ്രത്തിനും സംഭവിച്ചിരിക്കുന്നത്. വിപണന കേന്ദ്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിന്റെ ഭരണസമിതിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് വിപണനകേന്ദ്രത്തിനു തിരിച്ചടിയായത്. മത്സ്യവും മാംസവും ഇവിടെയെത്തുന്നത് വിശ്വാസത്തിന് എതിരാകുമെന്ന് ക്ഷേത്ര ഭരണസമിതി പറയുന്നു. ലക്ഷങ്ങള്‍ മുടക്കിയ പഞ്ചായത്ത് ലൈബ്രറി കെട്ടിടവും നോക്കുകുത്തിയാണ്. കെട്ടിടം പണി കഴിപ്പിച്ചപ്പോള്‍ വായനശാല വീണ്ടും പഴയ സ്ഥലത്തുതന്നെ പ്രവര്‍ത്തിപ്പിച്ചു. പിന്നെ എന്തിനാണ് ഇവിടെ വായനശാല കെട്ടിടം പണികഴിപ്പിച്ചതെന്ന നാട്ടുകാരുടെ ചോദ്യം ഉത്തരംകിട്ടാതെ അവശേഷിക്കുന്നു. ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ലക്ഷങ്ങള്‍ പാഴാക്കുന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നാണ് നാടിന്റെ ആവശ്യം. പഞ്ചായത്തിന്റെ നട്ടെല്ലായ ന്യൂസ്പ്രിന്റ് ഫാക്ടറിയ്ക്ക് സ്വകാര്യവല്‍ക്കരണ ഭീഷണി നിലനില്‍ക്കുന്നതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കമ്പനി സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ പഞ്ചായത്തിനു ലഭിക്കുന്ന നികുതിവരുമാനത്തിലും പഞ്ചായത്ത് നിവാസികള്‍ക്ക് ലഭിക്കുന്ന തൊഴില്‍ സാധ്യതകള്‍ക്കും വലിയ തിരിച്ചടികള്‍ ഉണ്ടാകും. ഇതിനെല്ലാം പരിഹാരം ഉണ്ടാകണമെങ്കില്‍ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് നേതാക്കളും ജനപ്രതിനിധികളും ഒന്നിക്കണം.