Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം റേഞ്ചിലെ കള്ള് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് പുനര്‍ലേലം നടത്തണം
25/08/2017

വൈക്കം: ആഗസ്റ്റ് 12 മുതല്‍ നിയമവിരുദ്ധമായി അടച്ചിട്ടിരിക്കുന്ന വൈക്കം റേഞ്ചിലെ കള്ള് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് പുനര്‍ലേലം നടത്തണമെന്ന് വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയനും (എഐറ്റിയൂസി) കടുത്തുരുത്തി റേഞ്ച് ചെത്തുതൊഴിലാളി യൂണിയനും (സിഐടിയു) സംയുക്തമായി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. അടച്ചിട്ട കാലയളവില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ലൈസന്‍സികള്‍ തയ്യാറാകണം. ബിനാമികളെ ഈ രംഗത്തു നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് നിയമനടപടി സ്വീകരിക്കണം. ചെത്ത് (ഐആര്‍സി) പ്രഖ്യാപിച്ച ഇടക്കാലാശ്വാസം എന്ന നിലയിലുള്ള കൂലി വര്‍ദ്ധനവ് നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് കോണ്‍ട്രാക്ടര്‍മാര്‍ ഷാപ്പുകള്‍ അടച്ചുപൂട്ടിയത്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് നിരവധി കള്ള് ഷാപ്പുകള്‍ അടച്ചിടേണ്ടി വന്ന ഘട്ടത്തിലാണ് തൊഴിലാളികളോടുള്ള വിരോധത്തിന്റെ പേരില്‍ വ്യവസായത്തെതന്നെ തകര്‍ക്കുന്ന ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്. വ്യാജമദ്യ ലോബിയുടെ പിണിയാളുകളായിട്ടാണ് ഇവിടെ കോണ്‍ട്രാക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. കൂലി ചോദിച്ച തൊഴിലാളികളെ ഒരു പാഠം പഠിപ്പിക്കുമെന്ന പഴയ നാട്ടുപ്രമാണിമാരുടെ ഭാവമാണ് ചിലയാളുകള്‍ക്ക്. എക്‌സൈസിനെ പ്രലോഭിപ്പിച്ചും സ്വാധീനിച്ചും തൊഴിലാളികളെ വേട്ടയാടാന്‍ ഇറക്കി വിട്ടിരിക്കുകയാണ്. ഇതുകൊണ്ടൊന്നും സമര പാരമ്പര്യമുള്ള വൈക്കത്തെ തൊഴിലാളികള്‍ വിരണ്ടുപോകില്ലെന്ന് യൂണിയന്‍ നേതൃത്വം വ്യക്തമാക്കി. വൈക്കം താലൂക്കില്‍ തന്നെ കടുത്തുരുത്തി റേഞ്ചിലെ കോണ്‍ട്രക്ടര്‍മാര്‍ ഐ ആര്‍ സി പ്രഖ്യാപിച്ച വര്‍ദ്ധനവ് നടപ്പാക്കി കഴിഞ്ഞു. കടുത്തുരുത്തിയേക്കാള്‍ താരതമ്യേന വ്യവസായം നന്നായി നടക്കുന്ന വൈക്കം റേഞ്ചില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ദുര്‍വാശി മൂലമാണ്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നില്ലെങ്കില്‍ ശക്തമായ സമരത്തിന് യൂണിയനുകള്‍ നിര്‍ബന്ധിതരായി തീരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇന്നു രാവിലെ 11ന് വൈക്കം കച്ചേരിക്കവലയില്‍ ചെത്തുതൊഴിലാളികള്‍ സംയുക്തമായി പ്രകടനവും സമ്മേളനവും നടത്തും. പത്രസമ്മേളനത്തില്‍ റ്റി.എന്‍ രമേശന്‍, ഡി.വിശ്വംഭരന്‍, സി.എം മോഹനന്‍, കെ.എ രവീന്ദ്രന്‍, കെ.എസ് ഷിബു, റ്റി.വി ബിജു എന്നിവര്‍ പങ്കെടുത്തു.