Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
25/08/2017
കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍ ആഘോഷത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് പാലാ ആര്‍.ഡി.ഒ മുഹമ്മദ് സഫീര്‍ താലൂക്ക് ആഫീസില്‍ വിളിച്ച് കൂട്ടിയ വകുപ്പ് മേധാവികളുടെ അവലോകന യോഗം നടത്തുന്നു

വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്തംബര്‍ 1 മുതല്‍ 15 വരെയാണ് ആഘോഷം. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന സാഹചര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പാലാ ആര്‍.ഡി.ഒ മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയില്‍ താലൂക്ക് ആഫീസില്‍ നടന്ന ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗം ചര്‍ച്ച ചെയ്തു. തിരുനാളിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 1ന് വൈകിട്ട് 6ന് തിരുനാളിന് കൊടിയേറും. ആഘോഷത്തിന്റെ പ്രധാന ദിവസങ്ങളില്‍ ഒരുക്കേണ്ട ക്രമീകരണം സംബന്ധിച്ച് യോഗം വിലയിരുത്തി. പോലീസ്, വാഹനവകുപ്പ്, ഫയര്‍ഫോഴ്‌സ്, ലേബര്‍ ഓഫീസ്, മെഡിക്കല്‍ വിഭാഗം, കെ എസ് ആര്‍ ടി സി, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, എക്‌സൈസ്, വാട്ടര്‍ സപ്ലൈ, പൊതുമരാമത്ത് വകുപ്പ്, കെ എസ് ഇ ബി, റവന്യു വകുപ്പ് എന്നീ വിഭാഗങ്ങളിലെ വകുപ്പ്തല ഉദ്ദ്യോഗസ്ഥര്‍ പങ്കെടുത്തു. തിരക്ക് നിയന്ത്രിക്കുവാന്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കും. വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, കെ എസ് ആര്‍ ടി സി, സ്വകാര്യ ബസ് വിഭാഗങ്ങള്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കും. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി വന്നുപോകാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. പള്ളിയുടെ വിവിധ മേഖലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. മയക്കുമരുന്ന്, വ്യാജമദ്യം എന്നിവ തടയുന്നതിന് സംവിധാനങ്ങളുണ്ടാക്കും. യോഗത്തില്‍ തഹസില്‍ദാര്‍ കെ എസ് സുജാത, ഡെപ്യൂട്ടി തഹസില്‍ദാര്‍ റഹ്‌നാ യൂനസ്, വില്ലേജ് ഓഫീസര്‍ പി.കെ ശ്രീജ, പള്ളി വികാരി ഫാ.ജോയ് കണ്ണമ്പൂഴ, സഹവികാരി ഫാ. ടോമി എട്ടിയില്‍, പ്രസുദേന്തി ജോസഫ് മഠത്തിക്കാവില്‍, ട്രസ്റ്റിമാരായ സാജു തെക്കേകായിച്ചിറ, ജോസഫ് അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.