Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന്റെ അഭിമാനമായി മാറിയ ബീച്ചിന് സാമൂഹ്യവിരുദ്ധര്‍ ശല്യമാകുന്നു.
25/08/2017
വൈക്കം കായലോര ബീച്ച്.

വൈക്കം: നഗരത്തിന്റെ അഭിമാനമായി മാറിയ ബീച്ചിന് സാമൂഹ്യവിരുദ്ധര്‍ ശല്യമാകുന്നു. ബീച്ചിന്റെ സൗന്ദര്യം നുകരാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആലപ്പുഴ, എറണാകുളം മേഖലകളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ഞായറാഴ്ച ദിവസം അഷ്ടമിയെ വെല്ലുന്ന തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈ തിരക്കിനിടയിലാണ് ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയും ലഹരിയില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത്. ഇവരുടെ ശല്യം സമീപത്തു പ്രവര്‍ത്തിക്കുന്ന കെ.ടി.ഡി.സിക്കും ഭീഷണിയായിരിക്കുകയാണ്. ബിയര്‍ കുടിച്ചശേഷം കുപ്പി തല്ലിപ്പൊട്ടിച്ച് ഭീഷണി മുഴക്കുന്നു. ദിവസങ്ങള്‍ക്കുമുന്‍പ് അധികൃതര്‍ ഈ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പോലീസിന്റെ ഇടപെടലുകള്‍ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ നഗരസഭക്കും സാധിക്കും. അടിയന്തിരമായി ബീച്ച് പരിസരങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. ഇതിനു ഡി.വൈ.എസ്.പി ഓഫീസ് നഗരസഭയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് കമിതാക്കളും ശല്യമാകാറുണ്ട്. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങള്‍ക്ക് തടയിടുവാന്‍ ഇനിയും വൈകിയാല്‍ ഇവിടെയെത്തുന്ന ആള്‍ത്തിരക്കില്‍ വലിയ കുറവുണ്ടാകും. അതുപോലെ ഇപ്പോഴത്തെ ബീച്ചിലെ ജനത്തിരക്ക് പ്രയോജനപ്പെടുത്തി വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുവാന്‍ നഗരസഭയും മുന്നിട്ടിറങ്ങണം. അല്ലാതെ ബീച്ചില്‍ പ്രതീക്ഷയര്‍പ്പിച്ച് നഗരസഭയില്‍ വികസനമുണ്ടാക്കാമെന്ന പദ്ധതി പാളിപ്പോകും.