Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒന്നാം ക്ലാസുകാരായ കുരുന്നുകള്‍ മുതല്‍ ബിരുദവിദ്യാര്‍ത്ഥികള്‍ വരെ ഒരേ ക്ലാസ് മുറിയില്‍ പഠനം
06/01/2016
ചെമ്മനത്തുകര ഗുരുദര്‍ശന ബാലവേദിയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന രാത്രികാല പഠനക്കളരി

ഇവിടെ ഒന്നാം ക്ലാസുകാരായ കുരുന്നുകള്‍ മുതല്‍ ബിരുദവിദ്യാര്‍ത്ഥികള്‍ വരെ ഒരേ ക്ലാസ് മുറിയിലാണ്. ലക്ഷ്യം ഒന്നുമാത്രം, പരീക്ഷയെ സധൈര്യം നേരിട്ട് മികച്ച വിജയം നേടുക. അതിന് അവരെ പ്രാപ്തരാക്കാന്‍ കനകാംബരന്‍ മാഷും ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകരും എല്ലായ്‌പ്പോഴും കൂടെയുണ്ട്. ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിററും ഗുരുദര്‍ശന ബാലവേദിയുമാണ് പരീക്ഷാക്കളരിയുടെ മേല്‍നോട്ടക്കാര്‍. പരീക്ഷാ കളരിക്ക് നേതൃത്വം നല്‍കുന്നത് എസ്.എന്‍.ഡി.പി ആണെങ്കിലും എല്ലാ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. കളരി ഏഴാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 32ലധികം കുട്ടികളാണ് പരിശീലനത്തിനായി എത്തുന്നത്. വരുംദിവസങ്ങളില്‍ ഇതിന്റെ എണ്ണം വര്‍ദ്ധിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌ക്കൂള്‍ പഠനത്തിനുശേഷം ട്യൂഷന്‍ ക്ലാസുകളിലേക്ക് പോകാന്‍ പററാത്ത സാഹചര്യമാണുള്ളത്. ഇവര്‍ വീട്ടില്‍ പരാതി പറയാന്‍ തുടങ്ങിയപ്പോള്‍ രക്ഷിതാക്കള്‍ ബുദ്ധിമുട്ടിലായി. പിന്നീട് നടന്ന ആലോചനകളിലാണ് പരീക്ഷാ പരിശീലനം എന്ന ആശയം ഊരിത്തിരിഞ്ഞത്. ആരംഭത്തില്‍ സ്ഥലം കണ്ടെത്തുവാന്‍ പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഗുരുദേവ വചനങ്ങള്‍ മനഃപാഠമാക്കിയ പാലത്തിങ്കല്‍ രാജു പഠനക്കളരി എന്ന ആശയത്തോട് സന്മനസ്സോടെ പ്രതികരിച്ചപ്പോള്‍ സ്ഥലമില്ലെന്ന പ്രശ്‌നം പരിഹരിക്കപ്പെട്ടു. പരീക്ഷാ പരിശീലനക്കളരിയുടെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ചവിജയമാണ് നേടിയത്. ഇതോടെ ടി.വി പുരം പഞ്ചായത്തിലാകെ കളരിയെക്കുറിച്ച് ചര്‍ച്ചയായി. പരീക്ഷാകളരിയുടെ പ്രവര്‍ത്തനമികവ് നേരില്‍ക്കണ്ട് മനസ്സിലാക്കുവാന്‍ എല്ലാവര്‍ഷവും താലൂക്കിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള അധ്യാപകരും പൊതുപ്രവര്‍ത്തകരും എത്താറുണ്ട്. പി.എസ്.സി ഉദ്യോഗസ്ഥനായ രമണന്‍ കടമ്പറ പഠനക്കളരിയിലെ സജീവസാന്നിദ്ധ്യമാണ്. പഠനക്കളരി വീക്ഷിക്കാന്‍ ആളുകള്‍ എത്തുന്നത് ഇതിന്റെ സംഘാടകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. എല്ലാദിവസവും രാത്രി ഏഴ് മുതല്‍ പത്ത് വരെയാണ് കളരിയുടെ പ്രവര്‍ത്തനം. ഇവിടെ ചൂരല്‍വടിയും വഴക്ക് പറച്ചിലുമില്ല. മറിച്ച്, അന്നന്നു പഠിക്കുന്ന പാഠങ്ങള്‍ മനഃപാഠമാക്കി പറഞ്ഞുകേള്‍പ്പിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും പോകുന്നത്. ഒന്നാം ക്ലാസുകാരന്‍ മുതല്‍ ഒന്‍പതാം ക്ലാസുകാരന്‍ വരെ ഇക്കാര്യത്തില്‍ ഒരുപോലെയാണ്. കുരുന്നുകളുടെ പഠനം രാത്രി ഒന്‍പതിനുതീരും. ഫീസില്ല എന്നതാണ് കളരിയിലെ ഏററവും വലിയ സവിശേഷത.