Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഓണം ഫെസ്റ്റുമായി ഉദയനാപുരം പഞ്ചായത്ത്.
14/08/2017

വൈക്കം: ഉദയനാപുരം ഓണം ഫെസ്റ്റുമായി ഉദയനാപുരം പഞ്ചായത്ത്. വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, ഓണം വിപണന മേളകള്‍, കേരളോത്സവ മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികളോടെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് നാല് ദിവസക്കാലം നീണ്ടു നില്‍ക്കുന്ന ഉദയനാപുരം ഓണം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31, സെപ്തംബര്‍ 1, 2, 3 തീയതികളില്‍ നാനാടം ആതുരാശ്രമം സ്‌കൂള്‍ ഓഡിറ്റോറിയത്തിലും മൈതാനത്തുമായാണ് ഓണം ഫെസ്റ്റ് നടത്തുന്നത്. പരമ്പരാഗത നാടന്‍ കലാപരൂപങ്ങളുടെ പുനരാവിഷ്‌ക്കാരം, നാടന്‍ ഭക്ഷ്യ വിഭവങ്ങളും നാടന്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെയുള്ള കുടുംബശ്രീ വിപണനമേളകള്‍, വിവിധ ഗവണ്‍മെന്റ്, സഹകരണ ഏജന്‍സികള്‍ വഴിയുള്ള സബ്‌സിഡി സാധനങ്ങളുടെ ഓണച്ചന്ത, വിവിധ പ്രദര്‍ശനങ്ങള്‍, കോമഡിഷോ, ഗാനമേള, നാടകം, അത്തപ്പൂക്കള മത്സരം എന്നിവയെല്ലാം ഫെസ്റ്റിന്റെ ഭാഗമായി നടത്തും. 31ന് വൈക്കത്ത് നിന്നും ആരംഭിക്കുന്ന വര്‍ണ്ണശബളമായ സാംസ്‌ക്കാരിക ഘോഷയാത്രയോടെ ഫെസ്റ്റിന് തുടക്കമാവും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എം പി, എം എല്‍ എ തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖ കലാ-സാംസ്‌കാരിക നായകരും ചടങ്ങില്‍ പങ്കെടുക്കും. കോല്‍ക്കളി, കളരിപ്പയറ്റ്, തെയ്യം, തിരുവാതിരകളി തുടങ്ങിയ ഗ്രാമീണ കലാരൂപങ്ങളും ഫെസ്റ്റില്‍ അവതരിപ്പിക്കുന്നുണ്ട്. ഡോ. വൈക്കം വിജയലക്ഷ്മിയും സംഘവും നയിക്കുന്ന ഗാനമേളയും, വൈക്കം മാളവികയുടെ നാടകവും കേരളത്തിലെ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന കോമഡിഷോയും ഫെസ്റ്റിന് കലാചാരുതയേകും. ഉദയനാപുരം ഓണം ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ചെയര്‍മാനും വികസനകാര്യ ചെയര്‍മാന്‍ പി എസ് മോഹനന്‍ കണ്‍വീനറുമായിരിക്കും. ഫിനാന്‍സ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, സ്റ്റാള്‍ കമ്മിറ്റി, കേരളോത്സവ കമ്മിറ്റി, തുടങ്ങി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സന്ധ്യാമോള്‍, പി പി ദിവാകരന്‍, പ്രവീണ സിബി, ഡോ. വിജിത്ത്, സുരേഷ് ബാബു തോട്ടുചിറ, എ പി നന്ദകുമാര്‍, പി ഡി ജോര്‍ജ്ജ്, ഡി സുനില്‍കുമാര്‍, ഗീതാഷാജി, കെ എസ് സജീവ്, എം വി ശശികല, സുലോചന പ്രഭാകരന്‍, അഡ്വ. സുരേഷ് ബാബു, ജമീല നടരാജന്‍, ഗിരിജ പുഷ്‌ക്കരന്‍, ജയഷാജി, മായാ ഷിബു, ആര്‍ രശ്മി, മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്റ്റാളുകളും കലാപരിപാടികളും അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9495524544, 9447212770 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.