Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡ് കാല്‍നടയാത്ര പോലും സാധ്യമല്ലാത്തവിധം തകര്‍ന്ന അവസ്ഥയില്‍.
12/08/2017
തകര്‍ന്നു കിടക്കുന്ന വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡ്.

തലയോലപ്പറമ്പ്: വാട്ടര്‍ അഥോറിട്ടിയുടെ അനാസ്ഥ വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡിനെ തകര്‍ക്കുന്നു. വെള്ളൂര്‍ പഞ്ചായത്തിലെ പ്രധാന റോഡായ വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡ് കാല്‍നടയാത്ര പോലും സാധ്യമല്ലാത്തവിധം തകര്‍ന്ന അവസ്ഥയില്‍. വാട്ടര്‍ അഥോറിട്ടിയുടെ അനാസ്ഥയാണ് റോഡിന്റെ തകര്‍ച്ചക്കുള്ള പ്രധാനകാരണം. വെട്ടിക്കാട്ട്മുക്കില്‍ നിന്നും ആരംഭിക്കുന്ന റോഡില്‍ കോളോത്ത് പാലം വരെ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പൈപ്പുലൈനിലെ ചോര്‍ച്ചയാണ് റോഡില്‍ കുഴികള്‍ രൂപപ്പെടാനുള്ള കാരണം. പൈപ്പുലൈനുകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയ മാസങ്ങള്‍ കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാന്‍ വാട്ടര്‍ അഥോറിട്ടി തയ്യാറാകുന്നില്ല. രാത്രി കാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നു. വഴിവിളക്കുകളില്ലാത്തത് അപകടസാധ്യത ഇരട്ടിയാക്കുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ന്യൂസ്പ്രിന്റ് ഫാക്ടറി, പിറവം റോഡ് റെയില്‍വേ സേ്റ്റഷന്‍, കൊച്ചിന്‍ സിമന്റ് ഫാക്ടറി എന്നിവിടങ്ങളിലേക്ക് പോകാന്‍ ഈ വഴി എത്തുന്നത്. റോഡില്‍ വര്‍ഷംതോറും അറ്റകുറ്റ പണികള്‍ നടക്കുന്നുണ്ടെങ്കിലും മിക്കസമയങ്ങളിലും പണികള്‍ വഴിപാടായി മാറുന്ന അവസ്ഥയാണ്. വാട്ടര്‍ അഥോറിട്ടി തന്നെയാണ് നിര്‍മാണ ജോലികള്‍ക്ക് വില്ലനാകുന്നത്. വെള്ളൂരില്‍ നിന്നും പോകുന്ന വൈക്കം കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകളാണ് ചോര്‍ന്നൊലിക്കുന്നത്. പൈപ്പുലൈനിലെ ചോര്‍ച്ച വൈക്കം മേഖലയിലെ കുടിവെള്ള വിതരണത്തിലും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വെള്ളം ചോര്‍ന്നൊലിക്കുന്നതുമൂലം മിക്കദിവസങ്ങളിലും മണ്ഡലത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തില്‍ താളപ്പിഴവുകള്‍ കടന്നുകൂടുന്നു. വെള്ളത്തിന്റെ ഫോഴ്‌സ് കുറയുന്നതാണ് പ്രധാനപ്രശ്‌നം. ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ കുടിവെള്ള വിതരണത്തോടൊപ്പം വെള്ളൂര്‍, വെട്ടിക്കാട്ട്മുക്ക് റോഡ് പൂര്‍ണമായും തകരും.