Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാററുപുഴയാറിനെ സംരക്ഷിക്കാന്‍ ഏറെ പ്രതീക്ഷകളോടെ രൂപീകരിച്ച സംരക്ഷണസമിതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്
05/01/2016
മലിനീകരണ ഭീഷണി നേരിടുന്ന മൂവാററുപുഴയാര്‍

മൂവാററുപുഴയാറിനെ സംരക്ഷിക്കാന്‍ ഏറെ പ്രതീക്ഷകളോടെ രൂപീകരിച്ച സംരക്ഷണസമിതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. മോന്‍സ് ജോസഫ് എം.എല്‍.എ മാസങ്ങള്‍ക്കു മുന്‍പ് കോട്ടയത്തുനടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വിഷയം അവതരിപ്പിക്കുകയും ഇതിനെ തുടര്‍ന്ന് പുഴ സംരക്ഷണം സര്‍ക്കാര്‍ ഏറെറടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ കടലാസില്‍ ഒതുങ്ങിയതോടെ പുഴയുടെ അവസ്ഥ ഓരോദിവസം പിന്നിടുമ്പോഴും ദയനീയമായിക്കൊണ്ടിരിക്കുന്നു. മാലിന്യനിക്ഷേപവും അനധികൃത മണലൂററും കയ്യേററവുമാണ് പുഴ നേരിടുന്ന ഏററവും വലിയ പ്രശ്‌നം. ഇതിനു പരിഹാരം ഉണ്ടാക്കുക, പുഴയുടെ തീരങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക തുടങ്ങിയ ദീര്‍ഘവീക്ഷണമുള്ള ഒരുപിടി പദ്ധതികളുമായാണ് സംരക്ഷണസമിതി രൂപീകൃതമാകുന്നത്. ആരംഭഘട്ടത്തില്‍ മികച്ചരീതിയിലുള്ള പ്രവര്‍ത്തനമാണ് എം.എല്‍.എമാരായ മോന്‍സ് ജോസഫിന്റെയും കെ.അജിത്തിന്റെയും കണ്‍വീനര്‍ ഇ.എം കുഞ്ഞുമുഹമ്മദിന്റെയുമെല്ലാം നേതൃത്വത്തില്‍ നടന്നത്. ജനങ്ങളും ആവേശത്തോടെ പദ്ധതിയില്‍ പങ്കാളിയാകാന്‍ സജീവമായി രംഗത്തിറങ്ങി. എന്നാല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീടുണ്ടായത്. പുഴയുടെ സംരക്ഷണത്തിന് കോടികള്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സംവിധാനം നിശ്ചലമായി. മൂന്ന് ജില്ലകള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതില്‍ നിര്‍ണായക ശക്തിയാണ് മൂവാററുപുഴയാര്‍. പുഴയുടെ സംരക്ഷണം ഇനിയും വൈകിയാല്‍ രാജ്യത്തെ ഏററവും വലിയ പൊതുമേഖലാ സ്ഥാപനമായ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവര്‍ത്തനംപോലും അവതാളത്തിലാകും. വൈക്കത്തിന്റെയും കടുത്തുരുത്തിയുടെയും ആലപ്പുഴ, ചേര്‍ത്തല മേഖലകളുടെയുമെല്ലാം കുടിവെളളം മൂവാററുപുഴയാറില്‍ നിന്നാണ്. വൈക്കം പരിധിയില്‍ വരുന്ന മൂവാററുപുഴയാറിനു കുറുകെ എട്ട് പാലങ്ങളുണ്ട്. ഈ പാലങ്ങളില്‍ രാത്രി കാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് ടാങ്കല്‍ ലോറികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന മാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നു. മാലിന്യങ്ങള്‍ തള്ളുന്നവരെ പിടികൂടുവാന്‍ ജനങ്ങള്‍ കര്‍മനിരതരായി അണിനിരക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ ഗൗരവത്തോടെ വിഷയത്തെ കാണുന്നില്ല. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് തടയിടുവാന്‍ പാലങ്ങളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഈ വിഷയങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പുഴ സംരക്ഷണത്തിന് ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഇപ്പോഴുള്ള കാലതാമസത്തിന്റെ കാര്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.