Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കടത്തുകടവും കടത്തുവള്ളങ്ങളും തോണിക്കാരനും ഓര്‍മയാകുന്നു.
08/08/2017
ചെമ്മനത്തുകര-മാരാംവീട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടത്ത്.

വൈക്കം: കടത്തുകടവും കടത്തുവള്ളങ്ങളും തോണിക്കാരനും ഓര്‍മയാകുന്നു. റോഡു മാര്‍ഗവും വാഹനഗതാഗതവും സുഗമമല്ലാത്ത ഒരു കാലത്ത് ജനങ്ങളുടെ പ്രധാന യാത്രാമാര്‍ഗമായിരുന്നു കടത്തുവള്ളങ്ങള്‍. കടത്തുകടവുകളുടെയും കടത്തുവള്ളങ്ങളുടെയും പ്രതാപം കുറയുമ്പോഴും ഇന്ന് ഒരു നൂറ്റാണ്ടിന്റെ കഥപറയുന്ന കടത്തുകടവുകള്‍ ഉണ്ട്. ചെമ്മനത്തുകര, ചെട്ടിമംഗലം, അക്കരപ്പാടം, തുരുത്തുമ്മേല്‍, മൂലേക്കടവ്, മണകുന്നം എന്നിവിടങ്ങളില്‍ പുഴയുടെ ഇരുവശങ്ങളിലുള്ളവരെ ഇന്നും അടുപ്പിക്കുന്നത് കടത്തുവള്ളങ്ങളാണ്. നിലവില്‍ കടത്തുവള്ളങ്ങളുള്ള സ്ഥലങ്ങളില്‍ പാലമോ, തൂക്കുപാലമോ വരണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ വളരെ വിദൂരതയിലാണ്. അക്കരപ്പാടം കടത്തുകടവില്‍ പാലം വേണമെന്ന ആവശ്യത്തിനു ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. കടത്തുവള്ളങ്ങള്‍ക്കു പകരം പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം പ്രാധാന്യമുള്ളതു തന്നെയാണ്. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും പാലവും തൂക്കുപാലവും യാഥാര്‍ത്ഥ്യമാക്കാനുള്ള സാമ്പത്തികശേഷി കണ്ടെത്തുക പഞ്ചായത്തുകള്‍ക്കും സര്‍ക്കാരുകള്‍ക്കും വെല്ലുവിളിയാണ്. ഒരു നൂറ്റാണ്ടു കാലം ജനങ്ങളുടെ യാത്രാമാര്‍ഗത്തില്‍ നിര്‍ണായക ശക്തിയായിരുന്ന കടത്തുകടവുകള്‍ ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഇന്ന് വിസ്മരിക്കപ്പെടുന്നത്. ഇതില്‍ ഏറ്റവും പ്രാധാന്യമേറിയ ചരിത്രപശ്ചാത്തലമുള്ള കടത്തുകടവ് ഇതിഹാസ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്ടിലുള്ള പാലാംകടവ് കടത്തുകടവാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലാംകടവില്‍ പാലം യാഥാര്‍ത്ഥ്യമായപ്പോള്‍ കടത്തുകടവിനെ എല്ലാവരും മറന്നു. കടത്തുകടവിനു മുന്നില്‍ ബഷീര്‍ സ്മാരകം ഉയര്‍ന്നപ്പോഴും ഈ കടത്തുകടവ് സംരക്ഷിക്കാന്‍ നടപടികള്‍ ഉണ്ടായില്ല. ഇപ്പോള്‍ കടത്തുകടവ് ഒരു കുളിക്കടവായി മാറിയിരിക്കുകയാണ്. കടത്തുവള്ളങ്ങള്‍ക്ക് പ്രാധാന്യമുള്ള കരിയാറിനു കുറുകെ കരിയാര്‍ സ്പില്‍വേയും, പൊട്ടന്‍ചിറ കടവില്‍ പാലവും വന്നു. വെള്ളൂര്‍ പഞ്ചായത്തിലെ ചെറുകരയിലും പാലം യാഥാര്‍ത്ഥ്യമായി. അക്കരപ്പാടം, മൂലേക്കടവ്, ചെമ്പ് വാലേല്‍ എന്നിവിടങ്ങളില്‍ പാലം നിര്‍മാണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇവിടങ്ങളില്‍കൂടി പാലം പൂര്‍ത്തിയാകുന്നതോടെ ഇവിടെയും കടത്തുവള്ളങ്ങള്‍ മണ്‍മറയും. പഴയകാലത്ത് കടത്തുവള്ളങ്ങളെ കരയിലേക്ക് ബന്ധിപ്പിക്കാന്‍ രാജഭരണ കാലത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്തൂപങ്ങള്‍ ഇന്നും വെട്ടിക്കാട്ടുമുക്ക് പാലത്തിനടിയില്‍ നിലകൊള്ളുന്നുണ്ട്. ഒരു നൂറ്റാണ്ടിന്റെ കഥപറയുന്ന കടത്തുകടവും വള്ളങ്ങളും തോണിക്കാരനും വരും തലമുറയ്ക്ക് ഒരു കാണാക്കാഴ്ചയായി മാറിയേക്കാം.