Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ മറവന്‍തുരുത്ത് ഗ്രാമം ഒത്തുചേര്‍ന്നു
07/08/2017

തലയോലപ്പറമ്പ്: ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാനായി അഞ്ച് മണിക്കൂറുകൊണ്ട് മറവന്‍തുരുത്ത് ഗ്രാമം നല്‍കിയത് പത്തുലക്ഷം. മറവന്‍തുരുത്ത് പഞ്ചായത്തിലെ ഇടവട്ടം ചുങ്കം പറയന്തറയില്‍ റെജിയുടെ ഭാര്യ രതി(38)യുടെ വൃക്ക മാറ്റിവയ്ക്കലിനും തുടര്‍ ചികിത്സയ്ക്കുമായാണ് കഴിഞ്ഞ ദിവസം ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയത്. ഏഴ് മുതല്‍ പത്തുവരെയുള്ള വാര്‍ഡുകളില്‍ പത്തൊന്‍പത് സ്‌ക്വാഡുകളായാണ് ചികിത്സാനിധി ശേഖരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, ചികിത്സാ സഹായ സമിതി കണ്‍വീനര്‍ വി.ടി പ്രതാപന്‍, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, കെ.പി ജോണ്‍, ബി.ഷിജു, ടി.എസ് താജു, പി.കെ മല്ലിക, ബിന്ദു സുനില്‍, ജെന്റില്‍മാന്‍ ബാബു, ടി.എസ് ശശാങ്കന്‍, സന്തോഷ് പീടികപ്പറമ്പില്‍ തുടങ്ങി വിവിധ രാഷ്ട്രീയ, സാമുദായിക, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ ചികിത്സാ നിധി സമാഹരിക്കാന്‍ നേതൃത്വം നല്‍കി. തയ്യല്‍ ജോലി ചെയ്തുവരുന്നതിനിടെയുണ്ടായ അസുഖത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രതിയുടെ ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമാണെന്നറിഞ്ഞത്. രതിയുടെ സഹോദരി മിനി വൃക്ക നല്‍കാന്‍ തയാറായിട്ടുണ്ട്. വൃക്ക ദാനം ചെയ്യാന്‍ തയ്യാറായ സഹോദരി മിനിയും കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ വൃക്ക മാറ്റിവയ്ക്കലിനും തുടര്‍ ചികിത്സയ്ക്കുമായി 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നത് രതിയുടെ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കൂലിപ്പണിക്കാരനായ റെജിയുടെ തുച്ഛമായ വരുമാനത്തിലാണ് രോഗിയായ രതിയും വിദ്യാര്‍ത്ഥിയായ മകനും ഭര്‍തൃമാതാവുമടങ്ങുന്ന കുടുംബം കഴിയുന്നത്. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന കുടുംബത്തിന്റെ ദുരവസ്ഥ കണ്ടാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ ധനസഹായ സമിതി രൂപീകരിച്ചത്. സമിതിയുടെ പേരില്‍ തലയോലപ്പറമ്പ് എസ് ബി ഐ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍. 36992450330., ഐ എഫ് എസ് സി കോഡ്. SBIN0070231.