Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളെ പുനരേകീകരിക്കണമെന്ന ആവശ്യം സജീവമാകുന്നു.
05/08/2017
മൂവാറ്റുപ്പുഴയാറിനു കുറുകെ ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെമ്പ് അങ്ങാടിക്കവട് കടത്ത്.

വൈക്കം: ഭൂമിശാസ്ത്രപരമായി രണ്ടു മേഖലകളായി കിടക്കുന്ന ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളെ പുനരേകീകരിക്കണമെന്ന ആവശ്യം സജീവമാകുന്നു. ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളുടെ കിഴക്കന്‍ മേഖലയായ ബ്രഹ്മമംഗലവും, മറവന്‍തുരുത്തും ചേര്‍ത്ത് മറവന്‍തുരുത്ത് പഞ്ചായത്തും, പടിഞ്ഞാറന്‍ മേഖലയായ ചെമ്പും കുലശേഖരമംഗലവും ചേര്‍ത്ത് ചെമ്പ് പഞ്ചായത്തും പുനഃസംഘടിപ്പിക്കമെന്നതാണ് ആവശ്യം. കാലങ്ങളായി ഇതിനുവേണ്ടി പല കോണുകളില്‍ നിന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും ജനപ്രതിനിധികളായി എത്തുന്നവരുടെ ഉദാസീനതയാണ് പ്രധാന പ്രശ്‌നം. കാരണം വിജയിച്ചു വരുന്നവര്‍ക്ക് വീണ്ടും വിജയക്കൊടി പാറിക്കുവാന്‍ പുനരേകീകരണം തിരിച്ചടിയായേക്കുമെന്ന ആശങ്കയുണ്ട്. ഇതിന് മാറ്റമുണ്ടാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ സമന്വയം ഉണ്ടാകണം. മൂവാറ്റുപ്പുഴയാറിനു കുറുകെ ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെമ്പ് അങ്ങാടിക്കടവ് പാലം ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. കൗതുകകരമായ ഒരു സ്ഥിതിവിശേഷം ഈ മേഖലയ്ക്കുണ്ട്. ചെമ്പിലെ പഞ്ചായത്ത് ഓഫീസ് പുഴയ്ക്ക് അക്കരെ ബ്രഹ്മമംഗലത്തും വില്ലേജ് ഓഫീസ് പുഴയ്ക്ക് ഇക്കരെ കാട്ടിക്കുന്നിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി ജനങ്ങള്‍ക്ക് ദുരിതകരമാണ്. പഞ്ചായത്ത് നിവാസികള്‍ കരമടയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പുഴയ്ക്ക് അക്കരെയിക്കരെ സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവില്‍. വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ സ്വന്തം തൊഴിലുകള്‍ ഉപേക്ഷിച്ച് ദിവസങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയില്‍ ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങളാണ് ഇവിടെ പാര്‍ക്കുന്നത്. ചെമ്പ് അങ്ങാടി കടത്തുകടവില്‍ മോട്ടോര്‍ ഘടിപ്പിച്ച് ഷീറ്റ് അടിച്ച വള്ളത്തിലാണ് ഇപ്പോള്‍ യാത്രക്കാര്‍ അക്കരയിക്കരെ കടക്കുന്നത്. ഷീറ്റ് അടിച്ച് രണ്ടു വള്ളങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള ചെറുചെങ്ങാട സര്‍വീസാണ് ഇപ്പോള്‍ നടത്തുന്നത്. ഈ കടത്തിലൂടെ യാത്രക്കാരും വിദ്യാര്‍ത്ഥികളും മറ്റിതര തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് സഞ്ചരിക്കുന്നത്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളുടെ ഭാഗമായി കിടക്കുന്ന തുരുത്തുമ്മ തുടങ്ങിയ ഉള്‍പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ ഉള്ളവര്‍ക്ക് സഞ്ചാരം കഷ്ടത നിറഞ്ഞതാണ്. സുരക്ഷിതമായ നിലയില്‍ ചെങ്ങാടമോ പാലമോ ഇവിടെ യാഥാര്‍ത്ഥ്യമായാല്‍ വലിയ പുരോഗതി ഉറപ്പുവരുത്താന്‍ സാധിക്കും. ഇപ്പോള്‍ ചെമ്പ് മേഖലയിലുള്ളവര്‍ പതിനേഴു കിലോമീറ്റര്‍ സഞ്ചരിച്ചുവേണം പഞ്ചായത്ത് ഓഫീസിലും മറ്റും എത്താന്‍. പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ടായിരത്തില്‍പരം ജനങ്ങള്‍ താമസിക്കുന്ന ഈ പഞ്ചായത്തില്‍ ഒരു പാലം വന്നാല്‍ ഈ നാട്ടില്‍ വികസനത്തിന്റെ വഴി തുറക്കും.