Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് തുരുത്തേല്‍ നിവാസികളുടെ ഒരു പാലത്തിനു വേണ്ടിയുള്ള കാത്തിരുപ്പ് നീളുന്നു.
03/08/2017
കാട്ടിക്കുന്ന്-തുരുത്തേല്‍ കടത്ത്.

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കാട്ടിക്കുന്ന് തുരുത്തേല്‍ നിവാസികളുടെ ഒരു പാലത്തിനു വേണ്ടിയുള്ള കാത്തിരുപ്പ് നീളുന്നു. ചെമ്പ് പഞ്ചായത്തിലെ 15-ാം വാര്‍ഡിനെ രണ്ട് കരകളിലായി വിഭജിക്കുന്ന മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ആറിന് കുറുകെയുള്ള പാലമാണ് ഇന്നും പണി ആരംഭിക്കാത്ത അവസ്ഥയില്‍ തന്നെ നില്‍ക്കുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശമായ തുരുത്തേല്‍ ഗ്രാമത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറില്‍പരം കുടുംബങ്ങള്‍ വസിക്കുന്നുണ്ട്. മറ്റുപ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിന് തുരുത്തിലുള്ളവര്‍ക്ക് കടത്തുവഞ്ചി മാത്രമാണ് ഏക ആശ്രയം. വോട്ടിനു വേണ്ടി വരുന്ന നേതാക്കളുടെ വാഗ്ദാനങ്ങള്‍ വാക്കുകളില്‍ മാത്രമായി ഒതുങ്ങിയതോടെ പാലമെന്ന സ്വപ്നം എങ്ങുമെത്തിയില്ല. വിവിധ പ്രദേശങ്ങളില്‍ ജോലിക്കുപോയതിനു ശേഷം രാത്രി എട്ടിന് മുന്‍പ് കടത്തുകടവില്‍ വന്നില്ലെങ്കില്‍ കാട്ടിക്കുന്ന് കടത്തുകടവില്‍ നിന്നും അക്കരെ എത്താന്‍ സ്വകാര്യ വള്ളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാവിലെ അഞ്ചു മുതല്‍ രാത്രി എട്ടു വരെയാണ് പഞ്ചായത്ത് കടവ് പ്രവര്‍ത്തിക്കുന്നത്. തുരുത്തേല്‍ ഭാഗത്തുനിന്നും കടത്തുവള്ളത്തില്‍ കാട്ടിക്കുന്നില്‍ എത്തി പ്രധാന റോഡില്‍ ചെന്നതിനുശേഷം മാത്രമേ ഒരു രോഗിയെ പോലും ആശുപത്രിയില്‍ എത്തിക്കാനാവൂ. കുരുന്നുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ കടത്തു മാത്രമാണ് ഏക ആശ്രയം. വര്‍ഷകാലം വന്നാല്‍ ആറ്റിലെ ഒഴുക്കുള്ള വെള്ളത്തില്‍ കൂടി വള്ളങ്ങള്‍ പോകുന്നത് കാണുമ്പോള്‍ മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും നെഞ്ചിടിപ്പേറും. അഞ്ചു വര്‍ഷം മുന്‍പ് പാലത്തിനു വേണ്ടി മണ്ണു പരിശോധന നടത്തി എല്‍.ബി.എസ് വഴി പൊതുമരാമത്ത് വകുപ്പിന് പ്ലാന്‍ സമര്‍പ്പിച്ചതാണ്. മൂന്ന് കോടി രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ കടലാസില്‍ ഒതുങ്ങി. ഭരണം മാറി മാറി വന്നിട്ടും ജനങ്ങള്‍ക്കിന്നും കടത്തുവള്ളം മാത്രമാണ് ആശ്രയം. കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ഫ്രാന്‍സ്, യു.കെ, ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെയെത്തുന്നത്. ഇവിടെ പാലം വന്നാല്‍ പുറംലോകത്തേക്കുള്ള തുരുത്ത് നിവാസികളുടെ യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കാനും, കായല്‍ സന്ദര്‍ശനത്തിന് എത്തുന്ന വിദേശ സഞ്ചാരികളുടെ ചെറിയ കേന്ദ്രമായി ഈ കൊച്ചുഗ്രാമത്തെ മാറ്റാനും കഴിയും.