Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പനച്ചിന്‍തുരുത്ത് മാന്നാശ്ശേരി പാടശേഖരത്ത് വര്‍ഷകൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമിക്കുന്നു.
02/08/2017
തലയാഴം പഞ്ചായത്തിലെ പനച്ചിന്‍തുരുത്ത് നാല്‍പതേക്കര്‍ വരുന്ന മാന്നാശ്ശേരി പാടശേഖരം വര്‍ഷകൃഷിയ്ക്കായി ഒരുക്കിയ നിലയില്‍

വൈക്കം: തലയാഴം പഞ്ചായത്തിലെ പനച്ചിന്‍തുരുത്ത് മാന്നാശ്ശേരി പാടശേഖരത്ത് വര്‍ഷകൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമിക്കുന്നു. ഏഴുമാസം മുന്‍പ് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യാത്തതാണ് പ്രശ്‌നം. 40 ഏക്കര്‍ വരുന്ന പാടശേഖരം വര്‍ഷകൃഷിയിറക്കാന്‍ ആദ്യം ഘട്ടം ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ന്നുള്ള ജോലികള്‍ നടത്തണമെങ്കില്‍ ഭാരിച്ചൊരു തുക തന്നെ വേണം. 2250 കിന്റല്‍ നെല്ല് സപ്ലൈകോ ഏറ്റു വാങ്ങിയിട്ട് 7 മാസം കഴിഞ്ഞു. ലക്ഷകണക്കിന് രൂപ ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് കിട്ടേണ്ടതുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 45 ഓളം ചെറുകിട കര്‍ഷകര്‍ തുക കിട്ടാന്‍ കാത്തിരിക്കുകയാണ്. വായ്പയെടുത്തും മറ്റും കൃഷി നടത്തിയ ഇനത്തില്‍ കൊടുത്ത് തീര്‍ക്കേണ്ട ബാധ്യതകളും കര്‍ഷകരെ വിഷമിപ്പിക്കുന്നു. കാലവര്‍ഷത്തിന്റെ അനുകൂല സാഹചര്യത്തില്‍ വര്‍ഷകൃഷിയിറക്കാന്‍ വൈകിയാല്‍ ഈ വര്‍ഷത്തെ കൃഷി മുടങ്ങുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. പെട്ടിയും പറയും വാടകയ്‌ക്കെടുത്ത് വെള്ളം വറ്റിച്ച് പുളിയിളക്കം മാറ്റണം. ടില്ലര്‍ ഉപയോഗിച്ച് കൃഷിയിടം ഒരുക്കുകയും അടിസ്ഥാന വളപ്രയോഗം നടത്തുകയും വേണം. ഇതിനും നല്ലൊരു തുക വേണം. സംഭരിച്ച നെല്ലിന്റെ തുകയ്ക്ക് വേണ്ടി സപ്ലൈകോയുടെ മേലധികാരികളുമായി പാടശേഖരസമിതി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെങ്കിലും നടപടി വൈകുകയാണെന്ന് കണ്‍വീനര്‍ ഗോപാലകൃഷ്ണനും പ്രസിഡന്റ് രമേശനും പറഞ്ഞു. ഓരോ വര്‍ഷത്തെ കൃഷിയും അതിന്റെ വരുമാന മാര്‍ഗത്തെയും ആശ്രയിച്ച് കഴിയുന്ന കര്‍ഷകര്‍ അധികാരികളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.