Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരമ്പാരഗത ക്രൈസ്തവേഷം ധരിച്ച് മതബോധന വിദ്യാര്‍ത്ഥികള്‍
02/08/2017
തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ പരമ്പാരഗത ക്രൈസ്തവേഷം ധരിച്ചെത്തിയ മതബോധന വിദ്യാര്‍ത്ഥികള്‍

തലയോലപ്പറമ്പ്: പാരമ്പര്യ തനിമയില്‍ ക്രൈസ്തവ പരമ്പരാഗത വേഷങ്ങള്‍ ധരിച്ചെത്തിയ മതബോധന വിദ്യാര്‍ത്ഥികള്‍ വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമായി. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളി മതബോധന വിഭാഗത്തിന്റെ രക്ഷാകര്‍തൃദിനത്തിലാണ് പെണ്‍കുട്ടികള്‍ ചട്ടയും മുണ്ടും, ആണ്‍കുട്ടികള്‍ ജൂബയും ധരിച്ചെത്തിയത്. ആയിരത്തോളം കുട്ടികള്‍ പരമ്പരാഗത ശൈലിയിലുള്ള നസ്രാണി വേഷമിട്ടു ദിവ്യബലിയില്‍ പങ്കുചേര്‍ന്നപ്പോള്‍ പഴമക്കാര്‍ ശതകാല ഓര്‍മകള്‍ നെഞ്ചിലേറ്റി. അരനൂറ്റാണ്ട് മുന്‍പുവരെ ക്രൈസ്തവ വനിതകളുടെ പരമ്പരാഗത വേഷങ്ങളായിരുന്നു ചട്ടയും മുണ്ടും. പുരുഷന്മാര്‍ സ്ഥിരമായി മുണ്ടും ജൂബയും ധരിച്ചിരുന്നു. ആധുനിക ജീവിതം വസ്ത്ര സങ്കല്പങ്ങളിലും മാറ്റം വരുത്തിയപ്പോള്‍ ലെഗിന്‍സിനും ജീന്‍സിനും മുന്നില്‍ ഈ നസ്രാണി വേഷങ്ങള്‍ വഴിമാറി. കാലത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിത്താന്ന ശതകാല ജീവിതത്തിന്റെ ഓര്‍മകുറിപ്പെന്നവണ്ണം പഴയ നസ്രാണി വേഷങ്ങള്‍ പുനര്‍ജനിച്ചപ്പോള്‍ പുതുതലമുറക്കും ഏറെ ആവേശമായി. നഴ്‌സറി ക്ലാസ് മുതല്‍ പ്ലസ്ടുതലം വരെയുള്ള ആയിരത്തോളം മതബോധന വിദ്യാര്‍ത്ഥികളാണ് വിശുദ്ധിയുടെ പ്രതീകമായി ശുഭവസ്ത്രധാരികളായി എത്തിയത്. മൂന്നു വര്‍ഷമായി രക്ഷാകര്‍തൃ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത വസ്ത്രം ധരിച്ചാണ് ദേവാലയത്തില്‍ എത്തുന്നത്. ഇടവക വികാരി ഫാ. ജോണ്‍ പുതുവ, അസി. വികാരി ഫാ. ജിജു വലിയകണ്ടത്തില്‍, മതബോധനവിഭാഗം ഹെഡ് മാസ്റ്റര്‍ സെബാസ്റ്റ്യന്‍ കളമ്പുകാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ മുതിര്‍ന്ന തലമുറയെ പുതുതലമുറ പൂക്കള്‍ നല്‍കി ആദരിച്ചു.