Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലേഷ്യന്‍ വിപണിയിലെ ഇഷ്ട പഴവര്‍ഗമായ റമ്പുട്ടാന്‍ കേരളത്തെയും കീഴടക്കുന്നു
01/08/2017
വൈക്കം ടൗണിലെ റമ്പുട്ടാന്‍ കച്ചവടം.

വൈക്കം: മലേഷ്യന്‍ വിപണിയിലെ ഇഷ്ട പഴവര്‍ഗമായ റമ്പുട്ടാന്‍ കേരളത്തെയും കീഴടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഈ മുള്ളന്‍ പഴത്തെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ആയുര്‍വേദമാണ് മുള്ളന്‍ പഴത്തെ ജനകീയമാക്കിയത്. എല്ലാവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഗുണപ്പെടുന്നതാണ് മുള്ളന്‍പഴമെന്നാണ് ആയുര്‍വേദം പറയുന്നത്. പ്രമേഹം, പൈല്‍സ് എന്നീ രോഗങ്ങള്‍ക്കാണ് ഏറ്റവും ഉത്തമം. കൂടാതെ കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്കും ഇതിന്റെ ഉപയോഗം മാറ്റമുണ്ടാക്കുമെന്നും പറയുന്നു. മുള്ളന്‍ പഴത്തിന്റെ വിപണി സാധ്യതകള്‍ ഉയര്‍ന്നതോടെ ഇപ്പോള്‍ വീട്ടുമുറ്റങ്ങളില്‍ ഇതിന്റെ തൈകള്‍ നട്ടുവളര്‍ത്തുന്നത് വ്യാപകമായിരിക്കുകയാണ്. പത്തനംതിട്ട ജില്ലയാണ് റമ്പുട്ടാന്റെ പ്രധാനകേന്ദ്രം. ജില്ലയിലെ പത്തനംതിട്ട, കോന്നി, കോട്ടയം ജില്ലയിലെ എരുമേലി, മുണ്ടക്കയം, വെട്ടിക്കാട്ട്മുക്ക്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോലഞ്ചേരി ഭാഗങ്ങളില്‍ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ റമ്പുട്ടാന്‍ എത്തുന്നത്. മഴ വിപണിയിലെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നുവരുന്ന വ്യാപാര മേഖലയ്ക്ക് വലിയ ആശ്വാസമാണ് ഇതിന്റെ വില്‍പന. ആരംഭത്തില്‍ ഒരു കിലോയ്ക്ക് 200 രൂപ ആയിരുന്നു. എന്നാല്‍ വില്‍പന ഏറിയതോടെ ഇപ്പോള്‍ ഇത് 120 രൂപ വരെയെത്തി. നഗരത്തില്‍ രണ്ട് സ്ഥലങ്ങളിലാണ് റമ്പുട്ടാന്റെ വില്‍പന നടക്കുന്നത്. ആദ്യം പത്തനംതിട്ടയില്‍ നിന്നായിരുന്നു പഴം എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളില്‍ റമ്പുട്ടാന്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുകയാണ്. വീട്ടുമുറ്റത്തുനില്‍ക്കുന്ന മരത്തിന് വലിയ മുടക്കൊന്നുമില്ലാതെയാണ് ഉടമയ്ക്ക് ആദായം ലഭിക്കുന്നത്. കിളികളുടെയും അണ്ണാന്റെയും ശല്യം മാത്രമാണ് ഇതിനുള്ളത്. ഇതൊഴിവാക്കുവാന്‍ മരം പൂക്കുമ്പോള്‍ തന്നെ വലകള്‍ വിരിക്കുന്നു. മുള്ളന്‍ പഴത്തിന്റെ വില്‍പന ആയുര്‍വേദത്തിലൂടെയാണ് സജീവമായത്. ഇപ്പോള്‍ പല സര്‍വകലാശാലകളും ഇതിന്റെ ഗുണവശങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ്. വരുംനാളുകളില്‍ മുള്ളന്‍പഴം വിദേശികളെ കീഴടക്കിയേക്കും. ഇതോടെ നാട്ടുകാര്‍ക്ക് ഇതിന്റെ രുചി ആസ്വദിക്കുക ഏറെ ബുദ്ധിമുട്ടായിരിക്കും.