Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബീച്ചിന്റെ നടപ്പാതയുടെ അരികില്‍ നില്‍ക്കുന്ന കുലച്ച തെങ്ങുകള്‍ സന്ദര്‍ശകര്‍ക്ക് ഭീതി ഉയര്‍ത്തുന്നു.
01/08/2017
വൈക്കം ബീച്ചിന്റെ പാതയോരത്ത് അപകടഭീഷണി ഉയര്‍ത്തുന്ന തെങ്ങുകള്‍.

വൈക്കം: ജില്ലയിലെ ഏക കായലോര ബീച്ചായ വൈക്കം വേമ്പനാട്ടു കായലിനോടു ചേര്‍ന്നുള്ള കായലോര ബീച്ചിന്റെ നടപ്പാതയുടെ അരികില്‍ നില്‍ക്കുന്ന കുലച്ച തെങ്ങുകള്‍ സന്ദര്‍ശകര്‍ക്ക് ഭീതി ഉയര്‍ത്തുന്നു. നിരന്തരമായി വീശുന്ന കായല്‍കാറ്റില്‍ ആടിയുലയുന്ന തെങ്ങില്‍ നിറയെ തേങ്ങ കുലച്ചു നില്‍ക്കുകയാണ്. ഇത് ഏതുനിമിഷവും താഴെ വീഴാവുന്ന അവസ്ഥയിലാണ്. ശില്‍പങ്ങള്‍ കൊണ്ട് അലംകൃതമായ നടപ്പാതയുടെ വശങ്ങളില്‍ ലളിതകലാ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചിരിക്കുന്ന വൈക്കം സത്യഗ്രഹ സ്മാരകശില്‍പങ്ങള്‍ക്ക് മുകളിലേക്ക് മറിഞ്ഞവീഴാന്‍ തക്ക അവസ്ഥയിലാണ് തെങ്ങ് നില്‍ക്കുന്നത്. ശില്‍പങ്ങള്‍ തകരുന്നതോടൊപ്പം തന്നെ സന്ദര്‍ശകര്‍ക്കും അപകടം സംഭവിക്കാം. ഒപ്പം പാതയുടെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന അപകടം ഉണ്ടാകും. കായലിന്റെ മനോഹാരിത ആസ്വദിക്കാന്‍ ജില്ലയുടെ പലഭാഗത്തുനിന്നും ഒട്ടേറെ സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്. ആലപ്പുഴ, ചെറായി, അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളിലെ കടല്‍ബീച്ച് കണ്ടുമടുത്ത സന്ദര്‍ശകര്‍ക്ക് വേമ്പനാട്ടു കായല്‍ ബീച്ച് ഒരു കൗതുകമാണ്. നഗരസഭ കോടികള്‍ ചെലവഴിച്ച ഈ ബീച്ചിന്റെ കാഴ്ച ഒന്നുവേറെ തന്നെയാണ്. ശംഖുമുഖം കടപ്പുറത്തെ സൂര്യാസ്തമയം കണ്ടു മടുത്തവര്‍ക്ക് വേമ്പനാട്ടു കായല്‍ തീരത്തെ സൂര്യാസ്തമയം ഒരു പ്രത്യേക മനോഹാരിത നല്‍കുന്നു.
ബീച്ചിന്റെ കരിങ്കല്‍ കെട്ടുകളുടെ വശങ്ങളില്‍ സംരക്ഷണവേലികള്‍ നിര്‍മിക്കണമെന്ന ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശം ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. അപകടരഹിതമായ നിലയില്‍ സംരക്ഷണം ഒരുക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്. പാര്‍ക്കിനോടു ചേര്‍ന്നുള്ള കരിങ്കല്‍ കെട്ടിനുസമീപം കായലില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിരീക്ഷണക്യാമറകള്‍ കൂടി സ്ഥാപിച്ചാല്‍ കഞ്ചാവ് ലോബി ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ ശക്തികള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയായിരിക്കും ഈ നിരീക്ഷണ ക്യാമറകള്‍.