Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിറപുത്തരിയ്ക്ക് വന്‍ ഭക്തജനത്തിരക്ക്
31/07/2017
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന നിറപുത്തരി ചടങ്ങ്.

വൈക്കം: സമൃദ്ധിയുടെ നെന്മണികള്‍ നിറച്ചു കൃഷിക്കാര്‍ ഈശ്വരാനുഗ്രഹം തേടി എത്തുന്ന നിറപുത്തരി വിവിധ ക്ഷേത്രങ്ങളില്‍ ആഘോഷിച്ചു. കൃഷിയില്‍ നല്ല വിളവിനും നാടിന്റെയാകെ സമൃദ്ധിക്കും വേണ്ടിയുള്ള പ്രാര്‍ഥന കൂടിയാണിത്. മഹാദേവക്ഷേത്രത്തിലെ ഇല്ലം നിറയ്ക്ക് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടതാണ് ഈ ആചാരം. ഇന്നലെ രാവിലെ 5.40നും 6.10നും മധ്യേയയാണ് നിറയും പുത്തരിയും ചടങ്ങ് നടന്നത്. പുലര്‍ച്ചെ തന്നെ വിശ്വാസികളുടെ ഒഴുക്കായിരുന്നു ക്ഷേത്രത്തിലേക്ക്. മാസാവസാനത്തില്‍ കൊയ്തുകൊണ്ടുവരാന്‍ പോകുന്ന നെല്ലിന്റെ മുന്നോടിയായി വിളഞ്ഞുനില്‍ക്കുന്ന കതിര്‍ക്കുലകള്‍ പറിച്ചെടുത്ത് വൈക്കത്തപ്പന് പൂജിച്ച് വീടുനിറയെ പതിക്കുന്ന ചടങ്ങാണിത്. നെല്‍ക്കതിരിനോടൊപ്പം പൂജിക്കാന്‍ ഇല്ലി, നെല്ലി, ചുണ്ട, കടലാടി, ആല്‍, മാവ്, പ്ലാവ്, ഇലഞ്ഞി, വെള്ളിപ്പാല, കരിക്കൊടി തുടങ്ങിയ പത്ത് തരം മരങ്ങളുടെ ഇലകളോടുകൂടിയ കമ്പുകളുമാണ് ഇതിന് ഉപയോഗിച്ചത്. ക്ഷേത്രത്തിലെ വ്യാഘ്രപാദത്തറയിലാണ് കതിര്‍ക്കുലകള്‍ ആദ്യം വെച്ചത്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഇവിടത്തെ ഒരുക്കങ്ങള്‍ക്കുശേഷമാണ് കതിര്‍കുലകള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രം മേല്‍ശാന്തി തലയില്‍ ചുമന്ന് മണികിലുക്കി ശ്രീകോവിലില്‍ ദര്‍ശനത്തിന് വെക്കുന്നത്. പൂജകള്‍ക്കുശേഷം നെല്‍കതിറുകള്‍ വിശ്വാസികള്‍ക്ക് നല്‍കി. ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നിറയും പുത്തരിയും രാവിലെ 5.45നും 6.10നും മധ്യേ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തി. മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി, കീഴ്ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സബ്ഗ്രൂപ്പ് ഓഫീസര്‍ ശിവശങ്കരമാരാര്‍ സന്നിഹിതനായിരുന്നു.
ഉല്ലല കാളീശ്വരം മഹാദേവീക്ഷേത്രത്തിലെയും പുതിയകാവ് ദേവീക്ഷേത്രത്തിലെയും കര്‍ഷക സമൃദ്ധിക്കായി നടത്തുന്ന നിറപുത്തരി ചടങ്ങ് ഇന്നലെ രാവിലെ 5.40നും 6.15നും മധ്യേ നടത്തി. കാളീശ്വരം ക്ഷേത്രത്തില്‍ മേല്‍ശാന്തി മുരളീധരന്‍ പോറ്റിയും, പുതിയകാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തി പ്രവീണ്‍ പോറ്റിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
തലയോലപ്പറമ്പ് മാത്താനം ദേവീക്ഷേത്രത്തിലെ നിറപുത്തരി രാവിലെ 5.30ന് നടന്നു. ക്ഷേത്ര മേല്‍ശാന്തി രാംദാസ് മോഴിക്കോട്, മഹേഷ് മോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.