Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് സ്റ്റാന്റിന് ശാപമോക്ഷം നല്‍കാന്‍ ഒടുവില്‍ വാഹനവകുപ്പും രംഗത്ത്.
04/01/2016
ഉപയോഗശൂന്യമായി കിടക്കുന്ന വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ്
വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് സ്റ്റാന്റിന് ശാപമോക്ഷം നല്‍കാന്‍ ഒടുവില്‍ വാഹനവകുപ്പും രംഗത്ത്. വാഹനവകുപ്പ് പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കപ്പെട്ടാല്‍ എ ക്ലാസ് പദവി അലങ്കരിക്കുന്ന പഞ്ചായത്തിന് വലിയൊരു മാററമുണ്ടാക്കാന്‍ സാധിച്ചേക്കും. പഞ്ചായത്ത് ട്രാഫിക് ക്രമീകരണ സമിതിയുടെ ഒരു യോഗം പഞ്ചായത്ത് ഓഫീസില്‍ വച്ച് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടി. പഞ്ചായത്ത് പണികഴിപ്പിച്ചിട്ടുള്ളതും, പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാര്‍ക്ക് എത്തിപ്പെടാന്‍ വളരെ സൗകര്യപ്രദവുമായ ബസ് സ്റ്റാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് യോഗം കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയോട് അഭ്യര്‍ത്ഥിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ന്യൂസ്പ്രിന്റ് ഫാക്ടറി, പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍, കൊച്ചിന്‍ സിമിന്റ്‌സ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സ്റ്റാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ വളരെയെധികം ഗുണം ലഭിക്കും. ചെറുകര പാലം യാഥാര്‍ത്ഥ്യമായതോടെ പാലത്തിനുസമീപമുള്ള സ്റ്റാന്റിന്റെ സാധ്യത പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. പാലത്തിന്റെ ഉദ്ഘാടനവേളയില്‍ സ്റ്റാന്റിനെ സംബന്ധിച്ച് ഒട്ടനവധി വാഗ്ദാനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതെല്ലാം കടലാസില്‍ ഒതുങ്ങി. പാലം യാഥാര്‍ത്ഥ്യമായ സമയത്ത് ഇതിന്റെ അവകാശവാദമുന്നയിച്ച് കളം നിറഞ്ഞവര്‍ ഇപ്പോള്‍ ഇരുളിന്റെ മറവിലാണ്. ഇവരും ഒരുമിച്ചുനിന്നുവേണം സ്റ്റാന്റിന്റെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കുവാന്‍ ശ്രമിക്കേണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിറവം, മൂവാററുപുഴ തുടങ്ങി റയില്‍വേ കടന്നു പോകാത്ത സ്ഥലങ്ങളിലെ ജനങ്ങളും ആശ്രയിക്കുന്ന സ്റ്റേഷന്‍ എന്ന നിലയിലും നിത്യേന വളരെയധികം യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രദേശമാണ് ഇത്. വെള്ളൂരിലേക്കുള്ള യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും സ്റ്റാന്റ് വളരെ പ്രയോജന പ്രദമാകും. നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇനിയും ചില മിനുക്കുപണികളും, പോരായ്മകളും ഉള്ളത് യുദ്ധകാലാടിസ്ഥാനത്തില്‍ പഞ്ചായത്ത് മുന്‍കൈ എടുത്ത് ചെയ്തു തീര്‍ക്കണം. സമീപത്തുള്ള കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് റോഡ് സുരക്ഷിതത്വത്തിന് രക്ഷകര്‍ത്താക്കളെകൂടി പങ്കെടുപ്പിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കും. അടുത്ത ആര്‍.ടി.എ യോഗമാണ് സ്റ്റാന്റിന് അനുമതി പരിഗണിക്കുക. പുതിയ സ്റ്റാന്റ് നിലവില്‍ വരുന്നതോടെ പ്രദേശത്ത് ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടും എന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. ഇപ്പോള്‍ അനുമതി ഇല്ലാതെ റയില്‍വേയുടെ അധീനതയിലുള്ള റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്താണ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. പുതിയ സ്റ്റാന്റ് ഈ അപകടകരമായ അവസ്ഥ ഇല്ലാതാക്കുകയും ബസുകള്‍ക്ക് കൂടുതല്‍ സമയം നിര്‍ത്തിയിട്ട് വിശ്രമിക്കാനും കഴിയും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈലാജമാല്‍, പോലീസ് എസ്.ഐ വിജയന്‍ , പി.ഡബ്ല്യു.ഡി അസി. എഞ്ചിനീയര്‍. ജസ്‌ലിന്‍ജോസ്, റയില്‍വേ ജെ.ഇ സന്തോഷ്‌കുമാര്‍, ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത്, എം.വി.ഐ സുരേഷ്ബാബു, കെ.എ.എം.വി.ഐ ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.