Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍.
24/07/2017
തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഭക്തര്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നു.

വൈക്കം: പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. ബാല്യത്തില്‍ കൈപിടിച്ചു നടത്തിയവര്‍ക്ക് ദൈവത്തിന്റെ സന്നിധിയില്‍ ബലിയര്‍പ്പിക്കുവാന്‍ പ്രായവ്യത്യാസമില്ലാതെ ആയിരങ്ങളാണ് ക്ഷേത്രങ്ങളിലേക്കും ആറാട്ടുകടവുകളിലേക്കും ഒഴുകിയത്. പുലര്‍ച്ചെ നാല് മുതല്‍ തന്നെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുങ്ങിയിരുന്നു. ഇവിടെയെല്ലാം പ്രാര്‍ത്ഥനാഗീതങ്ങള്‍ മുഖരിതമായിരുന്നു. ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് വിപുലമായസൗകര്യങ്ങളാണ് ഒരുക്കിയത്. വേമ്പനാട്ട് കായലിന്റെ തീരത്ത് ക്ഷേത്രത്തിന്റെവക വിളക്കുമാട ഭാഗത്താണ് ബലിതര്‍പ്പണത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നൂറു കണക്കിന് ഭക്തര്‍ ബലിദര്‍പ്പണം നടത്തി. ക്ഷേത്രത്തിന്റെ കിഴക്കേക്കുളക്കടവില്‍ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രി പൊന്നുപള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, ശ്രീധരന്‍ മൂത്തത് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചെമ്പ് ചുള്ളിമംഗലത്തില്ലം ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ അഞ്ചു മുതല്‍ പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണചടങ്ങുകള്‍ നടന്നു. ക്ഷേത്രവളപ്പിനോടു ചേര്‍ന്നുള്ള കുളക്കടവിലാണ് ചടങ്ങുകള്‍ നടത്തിയത്. തന്ത്രി ചന്ദ്രഗുപ്തന്‍ ഇളയത് മുഖ്യകാര്‍മികത്വം വഹിച്ചു. വല്ലകം തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിലും ബലിതര്‍പ്പണം നടത്തി. ക്ഷേത്രത്തിന്റെ തെക്ക് വശത്ത് പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്. മേല്‍ശാന്തി സിബിന്‍ ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ മൂവാറ്റുപുഴയാറിന്റെ തീരത്താണ് ബലിദര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം മേല്‍ശാന്തി ഭാഗ്യരാജ്, കീഴ്ശാന്തി സുനില്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉദയനാപുരം പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളക്കടവില്‍ ബലിതര്‍പ്പണം നടത്താന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിയിരുന്നു. ഉദയനാപുരം പടിഞ്ഞാറെമുറി ശ്രീ വല്യാറ ദേവീക്ഷേത്രത്തിലെ വാവുബലിയും പിതൃതര്‍പ്പണവും നടന്നു. തലയോലപ്പറമ്പ് മാത്താനം ദേവിക്ഷേത്രത്തിലും വടയാര്‍ ഭൂതങ്കേരി ശ്രീധര്‍മശാസ്താ ക്ഷേത്രസങ്കേതത്തിലും കര്‍ക്കിടകവാവുബലിയ്ക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.