Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോങ്ങ് മാര്‍ച്ചിന് വരവേല്‍ക്കാനൊരുങ്ങി വൈക്കം
15/07/2017

വൈക്കം: എ ഐ വൈ എഫ്-എ ഐ എസ് എഫ് നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ലോങ്ങ് മാര്‍ച്ചിന് ഉജ്ജ്വല സ്വീകരണം നല്‍കാന്‍ ഒരുങ്ങി സഖാവ് പി കൃഷ്ണപിള്ളയുടെ നാട്. ചൊവ്വാഴ്ചയാണ് ജില്ലയിലെ ഏകസ്വീകരണ കേന്ദ്രമായ വൈക്കത്ത് മാര്‍ച്ചെത്തുക. സ്വീകരണത്തിനായി രൂപീകരിച്ച പഞ്ചായത്തുതല സംഘാടക സമിതികളെല്ലാം സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്. യൂണിറ്റ് തലവരെയുള്ള കണ്‍വെന്‍ഷനുകളും പൂര്‍ത്തിയായി കഴിഞ്ഞു. വൈക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബുകളും ബൈക്ക് റാലികളും യൂവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ നടന്നു വരുന്നു. എ ഐ വൈ എഫ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇന്ന് ജാഥയുടെ വരവറിയിച്ച് ഭവന സന്ദര്‍ശനം നടത്തും. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അക്കരപ്പാടം, കൂവം, ചെമ്മനാകരി യൂണിറ്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളിലും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മാര്‍ച്ചു കടന്നു വരുന്ന നഗരവീഥികളുടെ ഇരുവശങ്ങളും കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു. പടിഞ്ഞാറെ ഗോപുരനടയില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥി യൂവജനപ്രവര്‍ത്തകര്‍ മാര്‍ച്ചിനെ സ്വീകരിക്കും. വാദ്യമേളങ്ങളുടെയും നാടന്‍കലാരൂപങ്ങളുടെയും അകമ്പടിയോടെ ലോങ്ങ് മാര്‍ച്ചിനെ സ്വീകരണ സമ്മേളനവേദിയായ ബോട്ടുജെട്ടി മൈതാനിയിലേക്ക് ആനയിക്കുമെന്ന് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, എസ് ബിജു, അഡ്വ. എം ജി രഞ്ജിത്ത്, എം പി സാനു എന്നിവര്‍ പറഞ്ഞു.