Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആക്രി മേഖലയ്ക്ക് ജി.എസ്.ടി തിരിച്ചടിയാകുന്നു.
13/07/2017

വൈക്കം: നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറി വരികയായിരുന്ന ആക്രി മേഖലയ്ക്ക് ജി.എസ്.ടി തിരിച്ചടിയാകുന്നു. പാലാ, ഈരാറ്റുപേട്ട, വൈക്കം, തലയോലപ്പറമ്പ്, തലയാഴം, വെള്ളൂര്‍, മൂത്തേടത്തുകാവ്, വെച്ചൂര്‍, കുമരകം മേഖലകളിലുള്ള എല്ലാ ആക്രികടകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ആക്രി വ്യാപാരമേഖല പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് പലര്‍ക്കും പണിയില്ലാതായി. വിദേശത്ത് നിന്നും വന്‍തോതില്‍ പഴയ ഇരുമ്പ് ഇറക്കുമതി ചെയ്തതും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും മൂലം പഴയ സാധനങ്ങളുടെ വില ഗണ്യമായി കുറഞ്ഞിരുന്നതായി വ്യാപാരികള്‍ പറയുന്നു. കറന്‍സി നോട്ടുകളുടെ നിരോധനവും മേഖലയിലെ പ്രതിസന്ധിയുടെ ആക്കംകൂട്ടി. ഇതിനിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ജി.എസ്.ടി ഒരുതരത്തിലും ഉയര്‍ന്നുവരാത്ത രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഈ മേഖലയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. പഴയ ഇരുമ്പ്, പിച്ചള, അലുമിനിയം, പ്ലാസ്റ്റിക് സാധന സാമഗ്രികളുടെയെല്ലാം വില വന്‍തോതില്‍ ഇടിഞ്ഞു. താലൂക്കില്‍ ഏകദേശം മുപ്പതിലധികം ആക്രി കച്ചവട കേന്ദ്രങ്ങളുണ്ട്. ഓരോ കച്ചവട സ്ഥാപനത്തിലും മുപ്പതിലധികം കുടുംബങ്ങള്‍ ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളില്‍ എത്തി ആക്രി സാധനങ്ങള്‍ എടുക്കാന്‍ പോകുന്ന ചില്ലറ കച്ചവടക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയാതെ വന്നതോടെ പലര്‍ക്കും പണി ഇല്ലാതായി. കച്ചവടക്കാര്‍ വാങ്ങി സൂക്ഷിച്ചിരിക്കുന്ന പല സാധനങ്ങള്‍ക്കും എടുത്ത വില പോലും ഇപ്പോള്‍ ലഭിക്കാത്ത സാഹചര്യമാണ്. പല കച്ചവട കേന്ദ്രങ്ങളിലും സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇതിനിടയില്‍ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയുന്നില്ല. ഓരോ ദിവസവും സാധനങ്ങളുടെ വില വന്‍തോതില്‍ ഇടിയുന്നതുമൂലം പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുന്നവരില്‍ നിന്നും അര്‍ഹമായ വിലയ്ക്ക് വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്.
വൈക്കം മേഖലയിലെ പല ആക്രി കച്ചവട കേന്ദ്രങ്ങളും ഇപ്പോള്‍ ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. സാധനങ്ങളുമായി എത്തുന്നവരെ പണമില്ലാത്തതിന്റെ പേരില്‍ മടക്കി അയക്കേണ്ട സാഹചര്യവുമുണ്ട്. ചിലര്‍ ഗത്യന്തരമില്ലാതെ കടകളില്‍ സാധനമേല്‍പിച്ച് പണം പിന്നീട് നല്‍കിയാല്‍ മതിയെന്നു പറഞ്ഞുപോകുന്നു. ജി.എസ്.ടി വന്നപ്പോള്‍ പ്ലാസ്റ്റിക്കിന് പോലും നികുതിയായി. 18 ശതമാനമാണ് നികുതി. ഇതോടെ വന്‍കിട പ്ലാസ്റ്റിക് കമ്പനികളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. പ്ലാസ്റ്റിക് എടുക്കേണ്ടതില്ലെന്നാണ് ചെറുകിട വ്യാപാരികള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. വൈറസിന്റെ പേരില്‍ പഴയ ടി.വി, കമ്പ്യൂട്ടര്‍ എന്നിവ എടുക്കരുതെന്ന് ആരോഗ്യവകുപ്പും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ആക്രി മേഖലയെ ആശ്രയിച്ച് കുടുംബം പുലര്‍ത്തിയിരുന്ന പലരും പട്ടിണിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരം വിദൂരതയില്‍ മാത്രമാണ്. ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്ത് ആക്രി കച്ചവടം നടത്തിയിരുന്നവരും ഇപ്പോള്‍ പെരുവഴിയിലായിരിക്കുകയാണ്. കാരണം വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്കുകള്‍ നോട്ടീസ് അയച്ചുതുടങ്ങി. സാവകാശം വേണമെന്ന ഇവരുടെ ആവശ്യം ഇതുവരെ ഒരു ബാങ്കുകാരും അംഗീകരിച്ചിട്ടില്ല. ഇതിനു മാറ്റമുണ്ടായില്ലെങ്കില്‍ ആക്രി മേഖല പഴയ പ്രതാപത്തിലേക്ക് തിരികെയെത്താനുള്ള സാധ്യത വിദൂരമാണ്.