Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസ് പരിസരവും മാലിന്യങ്ങള്‍ കൊണ്ട് ചീഞ്ഞുനാറുന്നു.
13/07/2017
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസ് പരിസരത്ത് മാലിന്യം നിക്ഷേപിച്ച നിലയില്‍.

വൈക്കം: നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസ് പരിസരവും മാലിന്യങ്ങള്‍ കൊണ്ട് ചീഞ്ഞുനാറുന്നു. രാത്രി പകല്‍ വ്യത്യാസമില്ലാതെ ഓഫീസിന്റെ മതില്‍ പരിസരത്ത് മാലിന്യങ്ങള്‍ തള്ളുകയാണ്. തീയറ്റര്‍ റോഡിലൂടെ സഞ്ചരിച്ച് യൂണിയന്‍ ഓഫീസില്‍ എത്തുന്നവര്‍ ഏറെ ദുര്‍ഗന്ധം സഹിക്കേണ്ട അവസ്ഥയാണ്. സംഭവത്തെക്കുറിച്ച് നിരവധി തവണ യൂണിയന്‍ ഓഫീസിലുള്ളവര്‍ നഗരസഭയെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഓരോ ദിവസം പിന്നിടുമ്പോഴും മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചുവരികയാണ്. പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ മാലിന്യങ്ങള്‍ കുത്തിനിറച്ചാണ് ഇവിടെ നിക്ഷേപിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ പല സ്ഥലങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാറുണ്ടെങ്കിലും ഈ പ്രദേശത്തെ മാത്രം ഒഴിവാക്കുന്നു. തീയറ്റര്‍ റോഡിന്റെ രണ്ട് വശങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കുകയാണ്. വിഷയത്തില്‍ ഇടപെടലുകള്‍ നടത്തേണ്ട നഗരസഭയും പോലീസും തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തിപ്പോരുന്നത്. യൂണിയന്‍ ഓഫീസിലെത്തുന്ന ആയിരക്കണക്കിന് ശ്രീ നാരായണീയര്‍ ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടവര്‍ ഇരുട്ടില്‍ തപ്പുന്നു. മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറയുന്നവര്‍ ഓരോ സമയവും ഇരട്ടത്താപ്പ് സ്വീകരിക്കുന്നു. നഗരത്തിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളുടെ അവസ്ഥയും മാലിന്യനിക്ഷേപത്താല്‍ ദയനീയമായിരിക്കുകയാണ്. കോഴിക്കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളുമാണ് ഗ്രാമീണ മേഖലയുടെ ഉറക്കം കെടുത്തുന്നത്. നാട്ടുകാര്‍ ഉറക്കമൊഴിച്ച് മാലിന്യങ്ങള്‍ തള്ളാനെത്തുന്നവരെ പിടികൂടാന്‍ കാത്തിരിക്കാറുണ്ടെങ്കിലും ഇതൊന്നും വിജയിക്കാറില്ല. രാത്രികാല പോലീസ് പരിശോധനകള്‍ കര്‍ശനമാക്കിയാലേ മാലിന്യങ്ങള്‍ തള്ളുന്നതിന് തടയിടാന്‍ സാധിക്കൂ. എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസ് പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നഗരസഭ കവാടത്തിനുമുന്നില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യൂണിയന്‍ മുന്നിട്ടിറങ്ങുമെന്ന് അവര്‍ അറിയിച്ചു.