Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബീച്ചിന്റെ പുനര്‍നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്
12/07/2017
നിര്‍മാണം അന്തിമഘട്ടത്തിലേക്കടുക്കുന്ന വൈക്കം നഗരസഭ ബീച്ച്.

വൈക്കം: ഒടുവില്‍ നഗരം കാത്തിരുന്ന സ്വപ്നം പൂവണിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതീക്ഷകളോടെ നഗരസഭ കായല്‍ നികത്തി പണികഴിപ്പിച്ച ബീച്ച് നഗരത്തിനു ശാപമായി മാറിയിരുന്നു. എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ബീച്ച് നിര്‍മാണം ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തത്. ആരംഭത്തില്‍ ബീച്ച് സജീവമായിരുന്നു. എന്നാല്‍ കാലക്രമേണ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ബീച്ച് സാമൂഹികവിരുദ്ധരെയും കഞ്ചാവ് മാഫിയയുടെയും പിടിയിലമര്‍ന്നു. ബീച്ചിലേക്ക് സന്ദര്‍ശകര്‍ എത്താതെ വന്നതോടെ നഗരസഭക്കും വലിയ താല്‍പര്യമില്ലാതായി മാറി. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പണികള്‍ ആരംഭിച്ചിരുന്നു. ഏകദേശം 98 ലക്ഷം രൂപയുടെ നിര്‍മാണജോലികള്‍ക്കായിരുന്നു തുടക്കം കുറിച്ചത്. ആരംഭത്തിലെ തന്നെ പണികള്‍ക്കെതിരെ ചിലര്‍ രംഗത്തുവരികയും പിന്നീട് ഇതെല്ലാം പരിഹരിച്ച് നിര്‍മാണജോലികള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണികള്‍ നിലച്ചു. പിന്നീട് ഭരണം മാറി എന്‍.അനില്‍ബിശ്വാസ് ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ബീച്ചിന് വീണ്ടും പുനര്‍ജീവന്‍ കൈവന്നു. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പണികള്‍ ആരംഭിക്കുകയും ഇപ്പോള്‍ ഇത് അന്തിമഘട്ടത്തിലേക്കടുക്കുകയും ചെയ്തിരിക്കുകയാണ്. ബോട്ട്‌ജെട്ടി മുതല്‍ ബീച്ച് വരെ സന്ദര്‍ശകര്‍ക്കുള്ള വഴിയില്‍ ഓടുകള്‍ പാകിക്കഴിഞ്ഞു. കൂടാതെ കായലിന്റെ തീരങ്ങളില്‍ ബഞ്ചുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സന്ധ്യാസമയങ്ങളില്‍ ബീച്ചിലെ ലൈറ്റുകളെല്ലാം തെളിയുന്നതോടെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച സത്യഗ്രഹ സ്മൃതി ഉദ്യാനവും ശില്‍പങ്ങളുമെല്ലാം ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ക്ഷേത്രനഗരിയുടെ ചരിത്രപശ്ചാത്തലത്തിന് നല്ലൊരു നേര്‍ക്കാഴ്ചയാണ് നല്‍കുന്നത്. ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയവും, ബീച്ചിനു സമീപം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സിനിമാ തീയറ്ററുമെല്ലാം ഉയരുന്നതോടെ കുമരകത്തിനു സമാനമായ ടൂറിസം വികസനം വൈക്കത്തും ഉണ്ടായേക്കാം. വൈക്കത്തുനിന്നും എറണാകുളത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് എ.സി ബോട്ട് സര്‍വീസ് ആരംഭിക്കുന്നതുമെല്ലാം വലിയ പ്രതീക്ഷയാണ് വൈക്കത്തിനു നല്‍കുന്നത്. ഇതിനു നഗരത്തെ പ്രാപ്തമാക്കാന്‍ നഗരസഭ ഭരണസമിതി തന്നെ മുന്നിട്ടിറങ്ങണം. ടൂറിസം രംഗത്ത് സജീവമാകുവാന്‍ ആഗ്രഹിക്കുന്നവരെ തെരഞ്ഞുപിടിച്ച് കാര്യങ്ങള്‍ ബോധിപ്പിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കണം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടത്തിയിരുന്ന രണ്ട് ടൂറിസം ഫെസ്റ്റുകള്‍ നഗരസഭയ്ക്ക് വലിയ നേട്ടങ്ങളാണ് നല്‍കിയത്. ഫെസ്റ്റ് തുടര്‍ന്നും നടത്തിക്കൊണ്ടു പോകുവാന്‍ വരുന്ന ഭരണസമിതികള്‍ക്കെല്ലാം കഴിയണം. കെ.വി കനാല്‍ നവീകരിച്ച് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനുള്ള പദ്ധതികള്‍ക്കും അണിയറയില്‍ രൂപം നല്‍കപ്പെടുന്നുണ്ട്. ഇതിനെല്ലാം ഉടന്‍ തന്നെ തുടക്കമാകുമെന്നാണ് സര്‍ക്കാര്‍ വകുപ്പില്‍ നിന്നു ലഭിക്കുന്ന വിവരം. ബീച്ചില്‍ യാഥാര്‍ത്ഥ്യമായ വികസനം നഗരത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന മറ്റു പദ്ധതികള്‍ക്കുകൂടി കൈവരിക്കാന്‍ കഴിയണം. അങ്ങനെ സാധിച്ചാല്‍ വികസനകാര്യത്തില്‍ എന്നും പിന്നിലായിരുന്ന നഗരസഭയ്ക്ക് വലിയൊരു കുതിച്ചുചാട്ടം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞേക്കാം.