Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ വലിയ പങ്ക് വഹിച്ച നേതാക്കന്‍മാരാണ് പി കെ വാസുദേവന്‍ നായരും പി എസ് ശ്രീനിവാസനും എം കെ കേശവനുമെന്നും സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി
11/07/2017
വൈക്കത്ത് സി പി ഐ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പി കെ വി, പി എസ്, എം കെ അനുസ്മരണം സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ വലിയ പങ്ക് വഹിച്ച നേതാക്കന്‍മാരാണ് പി കെ വാസുദേവന്‍ നായരും പി എസ് ശ്രീനിവാസനും എം കെ കേശവനുമെന്നും സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. വൈക്കത്ത് സി പി ഐ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പി കെ വി, പി എസ്, എം കെ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികള്‍ക്കുപോലും പ്രിയങ്കരനായ രാഷ്ട്രീയ നേതാവായിരുന്നു പി കെ വി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ സൗമ്യസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എന്ന നിലയിലും തിളക്കമാര്‍ന്ന പ്രവര്‍ത്തങ്ങള്‍ നടത്തി 1977നു മുന്‍പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
പി എസ് ഉണ്ടായിരുന്നുവെങ്കിലെന്ന് പലപ്പോഴും ഓര്‍ത്തുപോകുന്ന തരത്തില്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത നേതാവായിരുന്നു പി എസ് ശ്രീനിവാസന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ അസാമാന്യ കരുത്തോടെയാണ് അദ്ദേഹം പാര്‍ട്ടിക്കുവേണ്ടി നിലപാടുകളെടുത്തത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെയും കേഡര്‍മാരെയും ഇത്രയധികം സ്‌നേഹിച്ച മറ്റൊരു നേതാവ് അപൂര്‍വ്വമാണെന്ന് പറയാം. കേരളത്തിലെ ഭരണരംഗത്ത് മന്ത്രിയെന്ന നിലയില്‍ പി എസ് ശ്രീനിവാസന്‍ നടപ്പിലാക്കിയ ഭരണനടപടികള്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ പി എസിന്റെ പങ്ക് അതിപ്രധാനമാണ്.
വൈക്കത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രിയങ്കരനായ നേതാവായിരുന്നു എം.കെ കേശവന്‍. നിയമസഭാ സമാജികനായിരുന്നപ്പോഴും സാധാരണക്കാരോട് എറ്റവും അടുപ്പം പുലര്‍ത്തിയ എം കെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും നല്ല പങ്കുവഹിച്ചു. വിഷയങ്ങളെ ആഴത്തില്‍ പഠിക്കാനും നന്നായി വായിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇവരുടെയെല്ലാം സ്മരണകള്‍ രാജ്യവും ജനങ്ങളും നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള പോരാട്ടത്തിലെ കരുത്താകണമെന്നും പ്രകാശ് ബാബു പറഞ്ഞു.
കോണ്‍ഗ്രസ്സിനെ അതിവേഗം പിന്നിലാക്കി കൊണ്ട്, രാജ്യത്തെ സമ്പത്തും വിഭവങ്ങളും സ്വദേശ വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. ആധാറിനെതിരെ നാടുനീളെ പ്രസംഗിച്ചു നടന്ന മോഡി ഇന്നിപ്പോള്‍ ആധാര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. എം ടി ബാബു രാജ് സ്വാഗതം ആശംസിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍, പി സുഗതന്‍, ജോണ്‍ വി ജോസഫ്, ഇ എം ദാസപ്പന്‍, കെ എസ് രത്‌നാകരന്‍, സി എം തങ്കപ്പന്‍, കെ അജിത്ത്, ലീനമ്മ ഉദയകുമാര്‍, സി കെ ആശ എം എല്‍ എ, സാബു പി മണലൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു.