Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ട് തുറന്നിടണം എന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല എന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റി.
10/07/2017

വൈക്കം: തണ്ണീര്‍മുക്കം ബണ്ട് തുറന്നിടണം എന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല എന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റി. കായല്‍ സംരക്ഷണത്തിനും മത്സ്യത്തിന്റെ പ്രജനനത്തിനും വേണ്ടി തണ്ണീര്‍മുക്കം ബണ്ട് തുറന്നിടണം എന്ന ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നിര്‍ദ്ദേശം കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റി പറഞ്ഞു. വൈക്കം താലൂക്കില്‍ ഉദ്ദേശം 10,000 ഏക്കറോളം വരുന്ന നെല്‍കൃഷിയും ആയിരക്കണക്കിന് വാഴ, കപ്പ, ജാതി, പച്ചക്കറികൃഷികളുമാണ് ഉള്ളത്. ഈ കൃഷികള്‍ക്ക് ശുദ്ധജലം ആവശ്യമാണ്. ബണ്ട് തുറന്നിട്ടാല്‍ ഓരുവെള്ളം മൂലം ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു നെല്‍കൃഷി എന്നത് ചെയ്യാന്‍ പറ്റാത്ത സ്ഥിതി വരും. കൂടാതെ മറ്റുകൃഷികളും നശിക്കുന്ന അവസ്ഥയുണ്ടാകും. ആറുകളെയും തോടുകളെയും ആശ്രയിച്ച് വസ്ത്രം അലക്കുകയും, കുളിക്കുകയും ചെയ്യുന്നവര്‍ക്ക് ഓരുവെള്ളം ബുദ്ധിമുട്ടുണ്ടാക്കും. നിലവില്‍ കൊയ്ത്തു കഴിഞ്ഞാല്‍ പാടശേഖരങ്ങള്‍ ശുദ്ധജലം കയറ്റി മുക്കിയിടുകയാണ് പതിവ്. ബണ്ട് തുറന്നിട്ടാല്‍ ഓരുവെള്ളം കയറുകയും പാടശേഖരങ്ങളില്‍ ഓരുവെള്ളം കയറിയാല്‍ വിതപിടിക്കുന്നതിനും, വിളവിനും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതും നെല്‍കര്‍ഷകരെ ബാധിക്കുന്നതാണ്. കുമരകം കേന്ദ്രീകരിച്ചുള്ള വന്‍കിട ഹോട്ടലുകള്‍ക്കും ഹൗസ് ബോട്ട് ഉടമകള്‍ക്കും വേണ്ടി ബണ്ട് തുറന്നിടണമെന്ന് ചില സംഘടനകള്‍ വളരെ നാളുകളായി ആവശ്യപ്പെടുന്ന കാര്യമാണ്. ബണ്ട് തുറന്നിടണമെന്ന് ബന്ധപ്പെട്ട കര്‍ഷക സംഘടകളുമായി ആലോചിക്കാതെ മന്ത്രി നടത്തിയ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല എന്ന് കിസാന്‍സഭ വൈക്കം മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, തപസ്യ പുരുഷോത്തമന്‍, രമേശന്‍, അനില്‍ ചള്ളാങ്കല്‍, കെ.സി ഗോപാലകൃഷ്ണന്‍നായര്‍, സോമന്‍പിള്ള എന്നിവര്‍ അറിയിച്ചു.