Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷക്കാലം പരീക്ഷണാര്‍ത്ഥം തുറന്ന് ഇടണമെന്ന് മന്ത്രി തോമസ് ഐസക്
08/07/2017
സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംഘടിപ്പിച്ച ജലാശയങ്ങളും മത്സ്യസമ്പത്തും സംരക്ഷണം സെമിനാര്‍ മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷക്കാലം പരീക്ഷണാര്‍ത്ഥം തുറന്ന് ഇടണമെന്ന് മന്ത്രി തോമസ് ഐസക്്. കായലിലെ നീരൊഴുക്ക് തടസ്സപ്പെടുന്നു. ഇത് മാലിന്യങ്ങള്‍ അടിഞ്ഞുകൂടാനും ആഴം ഗണ്യമായി കുറയാനും കാരണമാവുന്നു. ഇക്കാരണങ്ങളാല്‍ ബണ്ട് ഒരു വര്‍ഷക്കാലം പൂര്‍ണ്ണമായും തുറന്നിട്ട് പരീക്ഷിക്കുന്നത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കൃഷിയെയും ശുദ്ധജല വിതരണത്തെയും ചെറിയ തോതില്‍ ബാധിക്കുമെങ്കിലും അത് പരിഹരിക്കാനും വഴി കണ്ടെത്തണം. കായലില്‍ ആഴം കുറഞ്ഞതും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍ തോതില്‍ അടിഞ്ഞു കൂടിയതും നീരൊഴുക്കിന് തടസ്സമായതും കായലില്‍ മത്സ്യ സമ്പത്ത് ഗണ്യമായി കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലാശയങ്ങളും മത്സ്യസമ്പത്തും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ കൂട്ടായ്മയോടെ കായല്‍ സംരക്ഷണം മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ഏറ്റെടുക്കണം. കായലിലേയ്ക്ക് ഒഴുകി വരുന്ന മാലിന്യങ്ങളുടെ സ്രോതസ്സുകള്‍ കണ്ടെത്തി തടയുകയും അടിത്തട്ടില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുകയും വേണം. നീരൊഴുക്കിന്റെ ഗതി ശരിയായ ദിശയില്‍ കൊണ്ടുവരേണ്ടതും മത്സ്യങ്ങള്‍ക്ക് കയറിയിറങ്ങാനുള്ള വഴിച്ചാലുകള്‍ ഒരുക്കേണ്ടതും അത്യാവശ്യമായി ചെയ്യണമെന്നും ഇതുവഴി കായലില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിക്കാനും കായലിന്റെ സംരക്ഷണം ഉറപ്പാക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. കെ.ജി പത്മകുമാര്‍ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ചിത്തരഞ്ജന്‍, റ്റി.ആര്‍ രഘുനാഥ്, കെ.കെ ഗണേശന്‍, കെ.കെ രമേശന്‍, കെ.ഡി സജീവ്, കെ.അരുണന്‍, കെ.സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.