Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളും, തോടുകളും മറ്റും പ്രയോജനപ്പെടുത്തിയുള്ള മത്സ്യകൃഷി ലാഭകരമായതോടെ കൂടുതല്‍ പേര്‍ കൃഷിയിലേക്ക്.
07/07/2017
വൈക്കത്ത് മത്സ്യഭവന്റെ ഓഫീസില്‍ ഫിഷറീസ് വകുപ്പ് നിര്‍മിച്ച മാത്യകാ മത്സ്യകുളം.

വൈക്കം: ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളും, തോടുകളും മറ്റും പ്രയോജനപ്പെടുത്തിയുള്ള മത്സ്യകൃഷി ലാഭകരമായതോടെ കൂടുതല്‍ പേര്‍ കൃഷിയിലേക്ക്. ചിലവും കുറഞ്ഞ രീതിയില്‍ മത്സ്യകൃഷി ചെയ്ത് ലാഭം എടുക്കുവാന്‍ കഴിയുന്നതോടെ ഈ രംഗത്തേക്ക് കടന്നുവരുന്നവരില്‍ കൂടുതലും യുവാക്കളാണ്. ഉള്‍നാടന്‍ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നതിന് പരിഹാരമായി സര്‍ക്കാരും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. മത്സ്യകൃഷി ചെയ്യുന്നവരുടെ എണ്ണം മുന്‍കാലങ്ങളിലേതിനേക്കാള്‍ കൂടുതലാണെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു. വിപണന സാധ്യതയാണ് കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. ജില്ലയില്‍ 670 ഹെക്ടര്‍ സ്ഥലത്ത് ശുദ്ധജല മത്സ്യകൃഷി നടത്തുണ്ട്. ഏകദേശം ആറായിരത്തോളം പേര്‍ ഈ രംഗത്ത് സജീവമാണ്. ശുദ്ധജലത്തില്‍ നടത്തുന്ന മത്സ്യകൃഷിയില്‍ ഒരു ഹെക്ടറില്‍ നിന്ന് 2500 കിലോഗ്രാം മത്സ്യം വരെ ലഭിക്കുന്നുണ്ട്. ഒന്നരലക്ഷം രൂപ വരെ വരമാനും ലഭിക്കും. 50 ഹെക്ടര്‍ സ്ഥലത്ത് ജില്ലയില്‍ ഓരുവെള്ളത്തില്‍ മത്സ്യകൃഷി നടത്തുന്നു. ഹെക്ടറിന് ഏകദേശം രണ്ടരലക്ഷം രൂപയോളം വരുമാനവും ലഭിക്കുന്നുണ്ട്. കൊയ്‌ത്തൊഴിയുന്ന സമയത്ത് 625 ഹെക്ടര്‍ പാടശേഖരത്തിലും മത്സ്യകൃഷിയും നടത്തുന്നു. ഫിഷറീസ് വകുപ്പ് മത്സ്യകൃഷിക്ക് വേണ്ടി സൗജന്യമായാണ് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. രോഹു, കട്‌ല, കരിമീന്‍, കാരചെമ്മീന്‍, മൃഗല്‍, സെപ്രിന്‍സ്, ലേബിയ, ഗ്രാസ്‌കാര്‍പ്പ്, സില്‍വര്‍കാര്‍പ്പ് എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്ന മത്സ്യ ഇനങ്ങള്‍. വൈക്കത്ത് കരിമീന്‍ കുഞ്ഞുങ്ങളെ ഉല്‍പ്പാദിക്കുന്നതിനായി ഹാച്ചറിയും പ്രവര്‍ത്തിക്കുന്നുണ്ട്. നാല്‍പതിനായിരത്തോളം കരിമീന്‍ കുഞ്ഞുങ്ങളെയാണ് ഇതുവഴി വിതരണം ചെയ്യുന്നത്. പലസ്ഥലങ്ങളിലും കര്‍ഷക കൂട്ടായ്മകളും, ഫിഷ്ഫാം ക്ലബുകളും രൂപവല്‍ക്കരിച്ചിട്ടുണ്ട്. മത്സ്യകൃഷിയില്‍ പൊതുവായി ഉണ്ടാകുന്ന ചിലവുകള്‍ ഇത്തരത്തിലുള്ള മത്സ്യകൂട്ടായ്മകളിലൂടെ കുറയ്ക്കുവാന്‍ കഴിയും. ഫിഷ്ഫാം ക്ലബുകള്‍ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറുകളും, മത്സ്യം പിടിക്കുന്നതിനുള്ള വലകളും മറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കും. ഇത് അംഗങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. കൊയത്ത് ഒഴിഞ്ഞ പാടശേഖരങ്ങളിലും കര്‍ഷകസമിതികള്‍ മത്സ്യകൃഷി നടത്തുന്നുണ്ട്. പലയിടത്തും ഒരു നെല്ലും ഒരു മീനും പദ്ധതി വിജയകരമായി നടപ്പിലാക്കുന്നുണ്ട്. മത്സ്യകൃഷി നടത്തുന്ന പാടശേഖരങ്ങളില്‍ നെല്ലിന് വളപ്രയോഗം വളരെ കുറച്ചുമതിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചെറുകിട കര്‍ഷകര്‍ക്ക് ചിലവ് കുറഞ്ഞ രീതിയില്‍ മത്സ്യങ്ങള്‍ക്ക് തീറ്റനല്‍കാന്‍ കഴിയും. ചീഞ്ഞകപ്പ, വീടുകളിലെ ജൈവമാലിന്യം, തവിട്, മീന്‍പെല്ലറ്റുകള്‍ എന്നിവയാണ് പ്രധാനമായും മത്സ്യത്തിന് നല്‍കുന്ന തീറ്റ. വലിയ രീതിയില്‍ കൃഷി ചെയ്യുന്നവര്‍ മാത്രമാണ് മത്സ്യങ്ങള്‍ക്ക് പെല്ലറ്റുകള്‍ മേടിച്ചുകൊടുക്കുന്നുള്ളു. ജില്ലയില്‍ മത്സ്യകര്‍ഷക വികസന ഏജന്‍സി കര്‍ഷകര്‍ക്ക് കൃഷിയെക്കുറിച്ച് ആവശ്യമായ പരിശീലനം നല്‍കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ നൂറു കര്‍ഷകര്‍ക്ക് വീതമാണ് പരിശീലനം നല്‍കുന്നത്. കര്‍ഷകര്‍ക്ക് മത്സ്യകൃഷിയെക്കുറിച്ച് മനസിലാക്കാന്‍ വൈക്കത്ത് മത്സ്യഭവന്റെ ഓഫീസില്‍ ഫിഷറീസ് വകുപ്പ് മാത്യകാ മത്സ്യക്കുളം നിര്‍മിച്ചിട്ടുണ്ട്.