Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മുഹമ്മദ് ബഷീറിന്റെ 23-ാം ചരമവാര്‍ഷികം ജന്മനാടായ തലയോലപ്പറമ്പില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.
06/07/2017
തലയോലപ്പറമ്പില്‍ നടന്ന 23-ാമത് ബഷീര്‍ അനുസ്മരണം സാഹിത്യകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 23-ാം ചരമവാര്‍ഷികം ജന്മനാടായ തലയോലപ്പറമ്പില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീറിന്റെ സര്‍ഗാത്മകത കൃത്രിമമില്ലാത്തതായിരുന്നു എന്ന് സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ബാല്യകാലസഖി അവാര്‍ഡ് ജേതാവുമായ യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു. ബഷീര്‍ കൃതിയുടെ പേരിലുള്ള 'ബാല്യകാലസഖി' പുരസ്‌കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ സാഹിത്യം ഓരോ കാലഘട്ടത്തിലും പുനര്‍വായന നേടുന്നതാണ്. ലോകോത്തര കഥകളും നോവലുകളും ഏതു ഭൂഖണ്ഡത്തിലെയും വായനക്കാരെ ആകര്‍ഷിക്കുന്നത് ദേശ, ഭാഷാ, വര്‍ഗ, വര്‍ണങ്ങളെ മറികടന്നുള്ള സംവേദനത്തിന്റെ ശക്തികൊണ്ടാണ്. ബഷീര്‍ സാഹിത്യം വിപുലമായ ജനകീയ വായന നേടുന്നത് 'ജീവിതത്തെ എങ്ങിനെയും നേരിടാം, ചിരിച്ചുകൊണ്ടും നേരിടാം' എന്ന ബഷീറിയന്‍ ചിന്തകൊണ്ടാണെന്നും യു.കെ കുമാരന്‍ കൂട്ടിച്ചേര്‍ത്തു. ബഷീര്‍ സ്മാരക സമിതി, ഫെഡറല്‍ ബാങ്ക്, ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജവഹര്‍ സെന്റര്‍, തലയോലപ്പറമ്പ്, കീഴൂര്‍ ഡി.ബി കോളേജുകളിലെ മലയാള വിഭാഗങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ബഷീര്‍ അനുസ്മരണത്തില്‍ ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് 907-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം സരസ്വതി മണ്ഡപം ഹാളില്‍ നടന്ന യോഗത്തില്‍ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ഡോ. പോള്‍ മണലില്‍ മുഖ്യ പ്രഭാഷണം നടത്തി. ബാല്യകാലസഖി പുരസ്‌ക്കാരം യു.കെ കുമാരന് കിളിരൂര്‍ രാധാകൃഷ്ണനും, ക്യാഷ് അവാര്‍ഡ് വിതരണം ബഷീര്‍ സ്മാരക സമിതി എക്‌സി. ഡയറക്ടര്‍ ടോമി കല്ലാനിയും നിര്‍വഹിച്ചു. ആകാശവാണി കൊച്ചിനിലയം മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍മാരായ പ്രൊഫ. കെ.എസ് ഇന്ദു, മോഹന്‍ ഡി. ബാബു, ഡോ. അംബിക എ.നായര്‍, എം.കെ ഷിബു, ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ട്രഷറര്‍ ഡോ. യു.ഷംല, ഗാനരചയിതാവ് സുധാംശു, വി.ആര്‍ പ്രമോദ്, ഡോ. എസ്.ലാലിമോള്‍, ഡോ. എച്ച്.എസ്.പി, ഡോ. പി.എച്ച്. ഇസ്മയില്‍, രേണു പ്രകാശ്, ഡോ. എസ്.പ്രീതന്‍, ഡോ. എം.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഡോ. പോള്‍ മണലില്‍ എഡിറ്റ് ചെയ്ത 'ബഷീര്‍: റാഫിയുടെ ഓര്‍മ, എം. ഗോവിന്ദന്റെ കഥ, അഴീക്കോടിന്റെ പഠനം', കീഴൂര്‍ ഡി.ബി കോളേജ് മലയാള വിഭാഗം മേധാവി ഡോ. എം.എസ് ബിജുവിന്റെ 'മിത്തുകള്‍ എം.ടി.യുടെ തിരക്കഥകളില്‍' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. നാടക അവാര്‍ഡ് ജേതാക്കളായ പ്രദീപ് മാളവിക, ജൂലി ബിനു, ടി.കെ സന്തോഷ്‌കുമാര്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയകള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.