Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 23-ാമത് ചരമവാര്‍ഷികാനുസ്മരണം 5ന്
03/07/2017

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 23-ാമത് ചരമവാര്‍ഷികാനുസ്മരണം ജന്മനാടായ വൈക്കം തലയോലപ്പറമ്പില്‍ അഞ്ചിന് വിവിധ പരിപാടികളോടെ ആചരിക്കും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ട സംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് ബഷീറിന്റെ കൃതിയുടെ പേരില്‍ നല്‍കുന്ന 'ബാല്യകാലസഖി പുരസ്‌ക്കാരം' യു.കെ. കുമാരന് സമ്മാനിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക്, ജവഹര്‍ സെന്റര്‍ തലയോലപ്പറമ്പ്, കീഴൂര്‍ ഡി.ബി കോളേജ് മലയാളവിഭാഗം, ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് തലയോലപ്പറമ്പ് 907-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം സരസ്വതി മണ്ഡപം ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. പോള്‍ മണലില്‍ മുഖ്യപ്രഭാഷണം നടത്തും. കെ.ടി.ഡി.സി മുന്‍ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് ബഷീര്‍ അനുസ്മരണം നടത്തും. ബാല്യകാലസഖി പുരസ്‌ക്കാര സമര്‍പ്പണം കിളിരൂര്‍ രാധാകൃഷ്ണനും അവാര്‍ഡ് തുക സമര്‍പ്പണം ബഷീര്‍ സ്മാരക സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ടോമി കല്ലാനിയും നിര്‍വഹിക്കും. അവാര്‍ഡ് ജേതാവിനെക്കുറിച്ചുള്ള ആദരപ്രഭാഷണം ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ മോഹന്‍ ഡി.ബാബുവും, പ്രശസ്തിപത്ര പാരായണം ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ ഷിബുവും നടത്തും. കീഴൂര്‍ ഡി.ബി. കോളേജ് മലയാളവിഭാഗം മേധാവി ഡോ. എം.എസ്. ബിജുവിന്റെ 'മിത്തുകള്‍ എം.ടിയുടെ തിരക്കഥകളില്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം യു.കെ. കുമാരന്‍ നിര്‍വഹിക്കും. നാടകകൃത്ത് ഡോ. എച്ച്.എസ്.പി ഏറ്റുവാങ്ങും. 2017ലെ നാടക അവാര്‍ഡ് ജേതാക്കളായ പ്രദീപ് മാളവിക, ജൂലി ബിനു, ഗായകന്‍ ടി.കെ സന്തോഷ്‌കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ബഷീര്‍ സ്മാരക സമിതിയുടെ ആദരപത്രവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, ഇഗ്നൗ അസി. റീജിയണല്‍ ഡയറക്ടര്‍. ഡോ. വി.ടി ജലജകുമാരി, തലയോലപ്പറമ്പ് ഡി.ബി കോളേജ് മലയാളവിഭാഗം മേധാവി ഡോ. എസ്.ലാലിമോള്‍, ജവഹര്‍ സെന്റര്‍ പ്രസിഡന്റ് ടി.പി ആനന്ദവല്ലി, ഡോ. അംബിക എ.നായര്‍, ഡോ. പി.എച്ച് ഇസ്മയില്‍ എന്നിവര്‍ നിര്‍വഹിക്കും. ആകാശവാണി കൊച്ചിനിലയം മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറി വി.ആര്‍ പ്രമോദ്, ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ പ്രൊഫ. കെ.എസ് ഇന്ദു, ട്രഷറര്‍ ഡോ. യു.ഷംല, ജോണ്‍ വി.ജോസഫ്, സോണിയ ഹിരണ്‍ എന്നിവര്‍ പ്രസംഗിക്കും. ഗായകരായ രേണു പ്രകാശ്, ഡോ. വി. മദനകുമാരന്‍ എന്നിവര്‍ ബഷീറിന്റെ ഏക കവിതയായ അനശ്വരപ്രകാശം ചടങ്ങില്‍ ആലപിക്കും.
ബഷീര്‍ അനുസ്മരണപരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍ ഫെഡറല്‍ ബാങ്ക് ശാഖാ സീനിയര്‍ മാനേജര്‍ ജോസഫ് കെ. എബ്രഹാം, ജവഹര്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി പി.ജി തങ്കമ്മ, കണ്‍വീനര്‍ ഡോ. എസ്.പ്രീതന്‍, ടി.കെ സഹദേവന്‍, മോഹന്‍ ഡി.ബാബു എന്നിവര്‍ അറിയിച്ചു.