Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഴമന ബ്ലോക്കില്‍ ഇന്ന് നെല്‍കൃഷി ഓര്‍മ മാത്രമാകുന്നു.
01/01/2016
തരിശുകിടക്കുന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാഴമന പാടശേഖരം
ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ നെല്ലറയായിരുന്ന വാഴമന ബ്ലോക്കില്‍ ഇന്ന് നെല്‍കൃഷി ഓര്‍മ മാത്രമാകുന്നു. 90 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ അഞ്ച് വര്‍ഷം മുന്‍പുവരെ വര്‍ഷത്തില്‍ രണ്ട് കൃഷി നടന്നിരുന്നു. റെക്കോര്‍ഡ് വിളവെടുപ്പുമായാണ് ഓരോ കൃഷിയും പൂര്‍ത്തിയാക്കി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മടങ്ങിയിരുന്നത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട ഭൂമാഫിയകള്‍ പാടശേഖരസമിതിയിലെ ചിലരെ കൂട്ടുപിടിച്ച് ബിനാമി പേരില്‍ കര്‍ഷകരില്‍നിന്നും സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. മോഹവില ലഭിച്ചതോടെ കര്‍ഷകര്‍ പലരും പാടശേഖരങ്ങള്‍ പലതും മനസ്സില്ലാ മനസ്സോടെ ഇവര്‍ക്ക് വില്‍ക്കാന്‍ തുടങ്ങി. പാടശേഖരങ്ങള്‍ നികത്തി കെട്ടിട സമുച്ചയങ്ങള്‍ പണിയാമെന്ന ഉദ്ദേശത്തോടെയാണ് മാഫിയ പാടശേഖരത്തിലേക്ക് എത്തുന്നത്. എന്നാല്‍ പാടങ്ങള്‍ നികത്തുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ വന്നതോടെ ഇവരുടെ ലക്ഷ്യം പൂവണിഞ്ഞില്ല. ഇതോടെ ഇവര്‍ പാടശേഖരങ്ങള്‍ ഉപേക്ഷിച്ചു. വര്‍ഷത്തില്‍ കൃഷി നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഇന്നും പാടശേഖരങ്ങളിലുണ്ട്. അറുപതിലധികം കര്‍ഷകകുടുംബങ്ങളാണ് പാടശേഖരത്തിനുചുററും താമസിക്കുന്നത്. പാടശേഖരത്തെ സംരക്ഷിക്കുന്നതിനുള്ള പുറംബണ്ടും വെള്ളം വററിക്കുന്നതിനുള്ള മോട്ടോര്‍ പുരയുമെല്ലാം ഇപ്പോഴുമുണ്ട്. ചില അററകുററപ്പണികള്‍ നടത്തിയാല്‍ ഇതെല്ലാം നേരെയാക്കാന്‍ സാധിക്കും. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ലഭ്യമായാല്‍ ഏതുസമയവും കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറാണ്. കാര്‍ഷിക രംഗത്തിന് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്നവര്‍ ഇതുപോലുള്ള നേര്‍ക്കാഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. പാടശേഖരങ്ങളില്‍ കൃഷി നിലച്ചതോടെ ചെറിയ മഴ പെയ്താല്‍ കുടുംബങ്ങള്‍ വെള്ളക്കെട്ടിലാണ് കഴിഞ്ഞുകൂടുന്നത്. കാടുപിടിച്ചുകിടക്കുന്ന പാടശേഖരങ്ങളില്‍ പാമ്പുശല്യം രൂക്ഷമാണ്. ഇരുള്‍ വീണാല്‍ ഭയന്നുവിറച്ചുവേണം പാടശേഖരങ്ങളിലൂടെ സഞ്ചരിക്കാന്‍. 90 ഏക്കറോളം വരുന്ന വാഴമന പാടശേഖരത്തില്‍ കൃഷി ഇറക്കുവാന്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും കൂടിയാലോചനകള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.