Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ വിടപറയുന്നു.
24/06/2017

വൈക്കം: പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ വിടപറയുന്നു. ഇന്ന് വൈകുന്നേരം നിലാവ് കാണുകയാണെങ്കില്‍ നാളെയും അല്ലാത്തപക്ഷം റമദാന്‍ വ്രതം മുപ്പത് പൂര്‍ത്തിയാക്കി തിങ്കളാഴ്ചയും ആയിരിക്കും ചെറിയ പെരുന്നാള്‍. പെരുന്നാളിനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. ആത്മസംസ്‌കരണത്തിന്റെ മാസമായ റമദാനിലെ ദിനരാത്രങ്ങളില്‍ ജീവിതത്തില്‍ പുലര്‍ത്തിയ വിശുദ്ധി അടുത്ത റമദാന്‍ വരെ കാത്തുസൂക്ഷിക്കണമെന്ന വിശ്വാസമാണ് നോമ്പനുഷ്ഠാനത്തെ ശ്രേഷ്ഠമാക്കുന്നത്. പട്ടിണിയുടെ വിലയറിഞ്ഞ് പാവങ്ങളെ സഹായിക്കാനുള്ള സന്ദേശം കൂടി റമദാന്‍ നല്‍കുന്നുണ്ട്. പെരുന്നാള്‍ ആഘോഷങ്ങള്‍ തലേദിവസം തന്നെ തുടങ്ങും. പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാകും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആഘോഷരാവില്‍ നിറയും.
റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ താലൂക്കിലെ ജൂമാമസ്ജിദുകളും ഭവനങ്ങളും പ്രാര്‍ത്ഥനാനിര്‍ഭരമായി. ജുമുഅ നമസ്‌കാരത്തിന് പള്ളികളെല്ലാം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ജോലിയും കച്ചവടവുമൊക്കെയായി വിവിധ പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് കൂടുന്നവരെല്ലാം ഇന്നലെ സ്വന്തം പള്ളികളില്‍ തന്നെ നമസ്‌കാരത്തിനെത്തി. ജുമുഅ നമസ്‌കാരത്തിന് മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കാനും പ്രാര്‍ത്ഥനകളില്‍ മുഴുകുവാനും വളരെ നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിച്ചേര്‍ന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയ പുണ്യം തുടര്‍ന്നുള്ള ജീവിതത്തിലും പകര്‍ത്തി മുന്നോട്ടുപോകണമെന്നാണ് പള്ളികളില്‍ ഖുത്തുബയ്ക്ക് നേതൃത്വം നല്‍കിയ ഇമാമുമാരെല്ലാം ഉദ്‌ബോധിപ്പിച്ചത്.
ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനായി വൈക്കം താലൂക്കിലെ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. കുലശേഖരമംഗലം സലഫി മസ്ജിദിന്റെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ എന്‍.ഐ.എം യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ എട്ടിന് ഈദ്ഗാഹ് നടക്കും. നമസ്‌കാരത്തിനും പ്രഭാഷണത്തിനും ഷിഹാബ് മൗലവി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് സലഫി സെന്ററിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ഗവ. യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 7.45ന് നടക്കുന്ന ഈദ് നമസ്‌കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ബൈജു സലഫി നേതൃത്വം നല്‍കും. ഇരുസ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. വൈക്കം ടൗണ്‍ ജുമാ മസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് സാജിദ് ബദ്‌രി നേതൃത്വം നല്‍കും. വെച്ചൂര്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ സജീര്‍ ബാഖവി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ അബ്ദുല്‍ കബീര്‍ സുമഹി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ ഷാഹിദ് ഫള്‌ലി, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ സെയ്‌നുദ്ദീന്‍ സഹ്‌നി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും. ചെമ്പ് ജുമാ മസ്ജിദില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി, കാട്ടിക്കുന്നില്‍ അബ്ദുല്‍ റഷീദ് ബാഖവി, വടകരയില്‍ ഉസൈന്‍ ബാഖവി, കരിപ്പാടം മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാര്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കും. തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റഹീം സഖാഫി, മിഠായിക്കുന്നത്ത് മുഹമ്മദാലി ഫൈസി, വെള്ളൂര്‍ നസ്‌റത്തുല്‍ ഇഖ്‌വാന്‍ ജുമാമസ്ജിദില്‍ സുബൈര്‍ മദനി, എച്ച്എന്‍എല്ലില്‍ ഉബൈദുള്ള സഖാഫി, ഇറുമ്പയത്ത് സഖറിയ സഖാഫി, ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ ആരിഫ് ഖാന്‍ ബാഖവി എന്നിവരാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുക. പള്ളികളിലെല്ലാം രാവിലെ ഒന്‍പതിനാണ് നമസ്‌കാരം.