Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ത്ഥനാനിര്‍ഭരമായി
24/06/2017
റമദാനിലെ അവസാന വെള്ളിയാഴ്ച കുലശേഖരമംഗലം സലഫി മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിന് ഒത്തുകൂടിയ വിശ്വാസികള്‍.

വൈക്കം: റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ താലൂക്കിലെ ജൂമാമസ്ജിദുകളും ഭവനങ്ങളും പ്രാര്‍ത്ഥനാനിര്‍ഭരമായി. ജുമുഅ നമസ്‌കാരത്തിന് പള്ളികളെല്ലാം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ജോലിയും കച്ചവടവുമൊക്കെയായി വിവിധ പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് കൂടുന്നവരെല്ലാം ഇന്നലെ സ്വന്തം പള്ളികളില്‍ തന്നെ നമസ്‌കാരത്തിനെത്തി. ജുമുഅ നമസ്‌കാരത്തിന് മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കാനും പ്രാര്‍ത്ഥനകളില്‍ മുഴുകുവാനും വളരെ നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിച്ചേര്‍ന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയ പുണ്യം തുടര്‍ന്നുള്ള ജീവിതത്തിലും പകര്‍ത്തി മുന്നോട്ടുപോകണമെന്നാണ് പള്ളികളില്‍ ഖുത്തുബയ്ക്ക് നേതൃത്വം നല്‍കിയ ഇമാമുമാരെല്ലാം ഉദ്‌ബോധിപ്പിച്ചത്. നിര്‍ബന്ധ ദാനത്തിനുപുറമെ ദാനധര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവര്‍ക്ക് ജീവിത വിഭവങ്ങള്‍ എത്തിച്ചുകൊടുക്കാനുമാണ് റമദാനിലെ അവസാനനാളുകളില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങുന്നത്. റമദാന്‍ വിടപറയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചെറിയ പെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ വിശ്വാസിസമൂഹം ഒരുങ്ങിക്കഴിഞ്ഞു.