Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകകൂട്ടായ്മയില്‍ മത്സ്യകൃഷി സജീവമാകുന്നു.
12/11/2015
വെച്ചൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നെല്‍കൃഷിയോടൊപ്പം നടക്കുന്ന മത്സ്യകൃഷി
പ്രകൃതിക്ഷോഭങ്ങള്‍മൂലം നെല്‍കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാന്‍ കര്‍ഷകകൂട്ടായ്മയില്‍ മത്സ്യകൃഷി സജീവമാകുന്നു. പാടശേഖരങ്ങള്‍ക്ക് സമീപമുള്ള നാട്ടുതോടുകളെയാണ് മത്സ്യം വളര്‍ത്തുന്നതിനായി കര്‍ഷകര്‍ ഉപയോഗിക്കുന്നത്. വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലാണ് മത്സ്യകൃഷി സജീവമായി മുന്നേറുന്നത്. ചിലപ്പോള്‍ പ്രകൃതിക്ഷോഭങ്ങള്‍ നെല്‍കൃഷിയെ കവര്‍ന്നെടുക്കാറുണ്ട്. ഇത് പലപ്പോഴും കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനൊരു അത്താണിയാവുക എന്ന ലക്ഷ്യത്തോടെയാണ് പാടശേഖരങ്ങള്‍ക്കുസമീപം മത്സ്യകൃഷി ആരംഭിച്ചത്. രോഹു, കാര്‍പ്പ്, സിലോപ്പി, കരിമീന്‍ എന്നീ മത്സ്യകുഞ്ഞുങ്ങളെയാണ് കര്‍ഷകര്‍ പാടശേഖരങ്ങളില്‍ വളര്‍ത്തുന്നത്. നെററ് കെട്ടി സംരക്ഷണമൊരുക്കിയാണ് കൃഷി ഒരുക്കുന്നത്. കനത്തമഴയില്‍ പാടശേഖരങ്ങള്‍ വെള്ളത്താല്‍ നിറഞ്ഞാല്‍ മാത്രമാണ് മത്സ്യകൃഷി പരാജയപ്പെടുന്നത്. വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും മത്സ്യകൃഷി നല്ലരീതിയില്‍ നടക്കുന്നുണ്ട്. ഫിഷറീസ് വിഭാഗം നെല്‍കര്‍ഷകര്‍ നടത്തുന്ന മത്സ്യകൃഷിയോട് നല്ലരീതിയിലുള്ള സമീപനം സ്വീകരിച്ചാല്‍ വലിയ പുരോഗതി മത്സ്യമേഖലയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. എന്നാല്‍ മുന്‍കാലങ്ങളില്‍ പാടശേഖരങ്ങളെ മറയാക്കി കര്‍ഷകര്‍ മത്സ്യകൃഷിയില്‍ വന്‍തട്ടിപ്പ് നടത്തിയിരുന്നു. തലയോലപ്പറമ്പ് പഞ്ചായത്തിലാണ് ഈ രീതിയില്‍ ഏററവുമധികം തട്ടിപ്പ് അരങ്ങേറിയത്. സര്‍ക്കാര്‍ പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ നല്‍കിയ മത്സ്യക്കുഞ്ഞുങ്ങളെ മറിച്ചുവിററ് വന്‍തട്ടിപ്പ് അരങ്ങേറിയിരുന്നു. ഇതെല്ലാം ഇപ്പോള്‍ പാടശേഖരങ്ങളില്‍ നടക്കുന്ന മത്സ്യകൃഷിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം നിരീക്ഷിച്ച് കാര്യമായ ഇടപെടലുകള്‍ നടത്തുവാന്‍ ഫിഷറീസ് വകുപ്പ് തയ്യാറായാല്‍ കാര്‍ഷികമേഖലയോടൊപ്പം മത്സ്യമേഖലയും ഉന്നതികളിലെത്തും.